കാല്‍ത്തളയിട്ട് കവുങ്ങില്‍ ചാടി മറിഞ്ഞ് ടൊവിനോ തോമസ്, രാകേഷ് മണ്ടോടിയുടെ 'വരവ്'

കാല്‍ത്തളയിട്ട് കവുങ്ങില്‍ ചാടി മറിഞ്ഞ് ടൊവിനോ തോമസ്, രാകേഷ് മണ്ടോടിയുടെ 'വരവ്'

ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍. വരവ് എന്ന് പേരിട്ടിരിക്കുന്ന സിനിമ രാകേഷ് മണ്ടോടിയാണ് സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര, ബേസില്‍ ജോസഫിന്റെ ഗോദ എന്നീ സിനിമകളുടെ തിരക്കഥാകൃത്തായിരുന്നു രാകേഷ് മണ്ടോടി.

കാല്‍ത്തളയിട്ട് കവുങ്ങില്‍ ചാടി മറിഞ്ഞ് നീങ്ങുന്ന ടൊവിനോയുടെ കഥാപാത്രത്തെ ചൂട്ടേന്തിയ നിരവധി പേര്‍ കീഴെ നിന്ന് നോക്കുന്നതാണ് പോസ്റ്ററില്‍ കാണുന്നത്. സിനിമയുടെ സ്വഭാവമോ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളോ പുറത്തുവിട്ടിട്ടില്ല.

രാകേഷ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ സഹരചയിതാക്കളായി ഗാനരചയിതാവ് മനു മഞ്ജിത്തും സരേഷ് മലയങ്കണ്ടിയും ഉണ്ട്. അരവിന്ദിന്റെ അതിഥികള്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം പ്രദീപ് കുമാര്‍ പതിയാറ നിര്‍മ്മിക്കുന്ന ചിത്രവുമാണ് വരവ്. വിശ്വജിത്ത് ഒടുക്കത്തില്‍ ക്യാമറയും പി.എം സതീഷ് സൗണ്ട് ഡിസൈനും. ഗുണ ബാലസുബ്രഹ്‌മണ്യമാണ് സംഗീത സംവിധാനം.

നിമേഷ് താനൂര്‍ ആര്‍ട്ട് ഡയറക്ടറും മനു സെബാസ്റ്റ്യന്‍ ക്രിയേറ്റിവ് ഡയറക്ടറുമാണ്. ദിവ്യ സ്വരൂപ് ഫിലിപ്പാണ് കോസ്റ്റിയൂം.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി, മനു അശോകന്റെ കാണെക്കാണെ, ആഷിക് അബു സംവിധാനം ചെയ്ത നാരദന്‍, സനല്‍കുമാര്‍ ശശിധരന്‍ ചിത്രം വഴക്ക് എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോ തോമസ് സിനിമകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in