
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഇപ്പോൾ തിയറ്ററുകളിൽ. ചിത്രം ആദ്യ ഷോ പിന്നിടുമ്പോൾ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ശക്തമായ ആഘാതം സൃഷ്ടിക്കുന്ന ഇമോഷണൽ ഡ്രാമയാണ് ചിത്രം എന്നും ടൊവിനോ തോമസിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലുടെ നീളം എന്നുമാണ് ചിത്രത്തെക്കുറിച്ച് വരുന്ന പ്രതികരണങ്ങൾ. ചിത്രത്തിന്റെ ക്ലൈമാക്സിനെക്കുറിച്ചും ജേക്സ് ബിജോയ്യുടെ സംഗീതത്തെക്കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് വരുന്നത്.
പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയം പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.
പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രവും പ്രധാന വിഷയമാക്കിയാണ് നരിവേട്ട ഒരുങ്ങിയത്. വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കോൺസ്റ്റബിളിന്‍റെ ഔദ്യോഗിക ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറഞ്ഞു പോകുന്ന സിനിമയാണ് നരിവേട്ട. വലിയ ക്യാൻവാസിൽ, വൻ ബജറ്റിൽ ഒരുങ്ങിയ നരിവേട്ടയിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട് നിർമിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.