ആ​ഗോള തലത്തിൽ റിലീസിനൊരുങ്ങി 'നരിവേട്ട', വിവിധ ഭാഷകളിലായി ചിത്രം വിതരണത്തിന് എത്തിക്കാൻ പ്രമുഖ ബാനറുകൾ

ആ​ഗോള തലത്തിൽ  റിലീസിനൊരുങ്ങി 'നരിവേട്ട', വിവിധ ഭാഷകളിലായി ചിത്രം വിതരണത്തിന് എത്തിക്കാൻ പ്രമുഖ ബാനറുകൾ
Published on

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം നരിവേട്ട റിലീസിനൊരുങ്ങുന്നു. കേരളത്തെ നടുക്കിയ മുത്തങ്ങ വെടിവെയ്പ്പും ആദിവാസി സമൂഹത്തിൽ നിന്നുണ്ടായ അവകാശ പോരാട്ടവും പൊലീസ് വേട്ടയുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് പുറത്തു വരുന്ന സൂചനകൾ. മെയ് 23 ന് ആ​ഗോള തലത്തിൽ റിലീസ് ആയി തിയറ്ററിലെത്തുന്ന ചിത്രം വിവിധ ഭാഷകളിൽ വിതരണത്തിന് എത്തിക്കുന്നത് അതാത് ഭാഷകളിലെ വമ്പൻ ബാനറുകളാണ്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ മൈത്രി മൂവി മേക്കേഴ്‌സ് ആണ് വിതരണം ചെയ്യുന്നത്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ് വിതരണം നടത്തുന്നത്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിൾ ആയാണ് ടൊവിനോ എത്തുന്നത്. പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രവും പ്രധാന വിഷയമാക്കിയാണ് നരിവേട്ട ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗിക ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറഞ്ഞു പോകുന്ന സിനിമയാണ് നരിവേട്ട. വലിയ ക്യാൻവാസിൽ, വൻ ബജറ്റിൽ ഒരുങ്ങുന്ന നരിവേട്ടയിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട് നിർമിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in