'നടികർ തിലകം എന്നത് ഒരു പേര് മാത്രമല്ല, ജീവശ്വാസമാണ്'; ടോവിനോ ചിത്രത്തിന്റെ പേര് മാറ്റണമെന്ന അപേക്ഷയുമായി ശിവാജി ഗണേശന്റെ ആരാധക സംഘടന

'നടികർ തിലകം എന്നത് ഒരു പേര് മാത്രമല്ല, ജീവശ്വാസമാണ്'; ടോവിനോ ചിത്രത്തിന്റെ പേര് മാറ്റണമെന്ന അപേക്ഷയുമായി ശിവാജി ഗണേശന്റെ ആരാധക സംഘടന

'ഡ്രൈവിംഗ് ലൈസൻസ്' എന്ന ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്ത് ടൊവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'നടികർ തിലകം'. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി തമിഴിലെ നടികർ തിലകം ശിവാജി ഗണേശന്റെ ആരാധക സംഘടന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. അമ്മ സംഘടനക്ക് അയച്ച കത്തിലാണ് 'നടികർ തിലകം ശിവാജി സമൂഗ നള പേരവൈ' എന്ന സംഘടന ചിത്രത്തിന്റെ പേര് മാറ്റുവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നടികർ തിലകം എന്നത് അവർക്ക് ഒരു പേര് മാത്രമല്ല, ജീവശ്വാസമാണ്, തമിഴ് സിനിമയുടെ എല്ലാമെല്ലാമാണ് അതിനാൽ സിനിമയുടെ പേര് മാറ്റണമെന്നും അവർ കത്തിൽ കുറിക്കുന്നു.

നടികർ തിലകം എന്ന പേര് ഒരു മലയാള സിനിമക്ക് നൽകുന്നത് തമിഴ്നാട്ടിലുള്ള ശിവാജി ഗണേശൻ ആരാധകർക്കും തമിഴ് സിനിമയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവർക്കും ഏറെ വേദന ജനിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ പേര് ഒരു കോമഡി സിനിമക്ക് നൽകുന്നതിലൂടെ ഞങ്ങൾ ഹൃദയംകൊണ്ട് ആരാധിക്കുന്ന ആ നടന്റെ പേരിനെ മനഃപൂർവം അവഹേളിക്കുന്നതാണ്. ഒത്തൊരുമയോടെ പോകുന്ന തമിഴ്, മലയാളം സിനിമ മേഖലകളുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ നടികർ തിലകം എന്ന പേര് ഉപയോഗിക്കുവാൻ അനുവദിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നെന്നും അവർ കത്തിൽ കുറിച്ചു.

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടോവിനോ നായകനാകുന്ന ചിത്രമാണ് നടികർ തിലകം. ഭാവനയാണ് ചിത്രത്തിൽ നായികയാകുന്നത്. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡും മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 'പുഷ്പ', 'ജനത ഗാരേജ്' തുടങ്ങി നിരവധി തെലുങ്ക് ചിത്രങ്ങൾ നിർമിച്ചിട്ടുള്ള മൈത്രി മൂവി മേക്കർസിന്റെ ആദ്യ മലയാള നിർമാണ സംരംഭം കൂടിയാണ് 'നടികർ തിലഗം'. ബാലു വർഗീസ്, ഷൈൻ ടോം ചാക്കോ, അനൂപ് മേനോൻ, ലാൽ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം 2024 ൽ തിയറ്ററുകളിലെത്തും.സുവിന്‍ എസ് സോമശേഖരനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ആല്‍ബി. രതീഷ് രാജാണ് എഡിറ്റര്‍. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in