നാലാം വാരത്തിലും തളരാതെ ടൊവിനോ തോമസിന്റെ കുറ്റാന്വേഷണ ചിത്രം, 'അന്വേഷിപ്പിൻ കണ്ടെത്തും'

നാലാം വാരത്തിലും തളരാതെ ടൊവിനോ തോമസിന്റെ കുറ്റാന്വേഷണ ചിത്രം, 'അന്വേഷിപ്പിൻ കണ്ടെത്തും'

നാല്പത് കോടിയിലേറെ ആ​ഗോള കളക്ഷൻ നേടിയ ടൊവിനോ തോമസ് ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും നാലാം വാരത്തിലേക്ക്. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസിന്റെ സംവിധാനത്തിൽ ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നത്. കൽക്കി എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ചിത്രം കൂടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമിച്ച ചിത്രത്തിൽ ആനന്ദ് നാരാണയൻ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

ഒരു സിനിമയിൽ തന്നെ രണ്ട് വ്യത്യസ്ത കഥകളും അതിന് വ്യത്യസ്ത രീതിയിലുള്ള ക്ലൈമാക്സുകളുമായി തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. കേരളം ഏറെ ചർച്ച ചെയ്ത യഥാർത്ഥ കൊലപാതക കേസുകളുടെ ചുവടുപിടിച്ച് ഒരുക്കിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഇരുണ്ട പശ്ചാത്തലത്തിലുള്ള പതിവ് ത്രില്ലർ അവതരണ രീതികളിൽ നിന്ന് മാറി വിന്റേജ് ഫീലിലും കളർ ടോണിലുമായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. തെളിയിക്കാൻ സാധിക്കാത്ത ഒരു കേസ് ടോവിനോയുടെ കഥാപാത്രമായ എസ്.ഐ ആനന്ദ് നാരായണനും നാല് പോലീസുകാരും ചേർന്ന്‌ അൺഒഫീഷ്യലായി തെളിയിക്കാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.തൊണ്ണൂറുകളുടെ ആരംഭത്തിൽ കേരളത്തിൽ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്.

‌ട്രൂ ഇവെന്റ്സ് ബേസ് ചെയ്ത് നിർമിച്ച കഥയിൽ ലാർജർ ദാൻ ലൈഫ് അല്ലാത്ത സാധാരണക്കാരന്റെ സാഹചര്യങ്ങൾ ഉള്ള പൊലീസ്‌കാരന്റെ കഥാപാത്രമാണ് തന്റേതെന്ന് നടൻ ടൊവിനോ തോമസ് മുമ്പ് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ടൊവിനോയെക്കൂടാതെ ഇന്ദ്രൻസ്, ബാബുരാജ്, ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, നന്ദു, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, രമ്യ സുവി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സന്തോഷ് നാരായണനാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ​ഗൗതം ശങ്കർ.

Related Stories

No stories found.
logo
The Cue
www.thecue.in