സിനിമയ്ക്ക് വേണ്ടി തടി കുറയ്ക്കുകയും കൂട്ടുകയും ചെയ്യേണ്ടി വരും, അതിന് ബോഡി ഷെയിമിങ്ങ് എന്തിന്?: ടൊവിനോ തോമസ്

സിനിമയ്ക്ക് വേണ്ടി തടി കുറയ്ക്കുകയും കൂട്ടുകയും ചെയ്യേണ്ടി വരും, അതിന് ബോഡി ഷെയിമിങ്ങ് എന്തിന്?: ടൊവിനോ തോമസ്

സിനിമയ്ക്ക് വേണ്ടി അഭിനേതാക്കള്‍ ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുമ്പോള്‍ പലരും ബോഡി ഷെയിമിങ്ങ് ചെയ്യാറുണ്ടെന്ന് നടന്‍ ടൊവിനോ തോമസ്. മെലിഞ്ഞിരിക്കുന്നത് കാണുമ്പോള്‍ വല്ലാതെ ക്ഷീണിച്ച് പോയല്ലോ എന്ന് പലപ്പോഴും ആളുകള്‍ പറയാറുണ്ട്. അത് മിക്കപ്പോഴും സിനിമയ്ക്ക് വേണ്ടി ഭാരം കുറച്ചതായിരിക്കും. പിന്നീട് സിനിമ റിലീസ് ചെയ്ത് ഇതിനാണല്ലേ ഭാരം കുറച്ചത് എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും ടൊവിനോ പറയുന്നു.

മറ്റ് സിനിമ മേഖലകളില്‍ നടന്‍മാര്‍ സിനിമയ്ക്ക് വേണ്ടി ഭാരം കുറക്കുമ്പോള്‍ അഭിനന്ദിക്കുന്ന അതേ ആളുകളാണ് ഇത്തരത്തില്‍ ബോഡി ഷെയിമിങ്ങ് ചെയ്യുന്നത് എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ദ ക്യു അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ടൊവിനോയുടെ പ്രതികരണം.

ടൊവിനോ പറഞ്ഞത്:

തല്ലുമാലയില്‍ സിനിമയുടെ ആദ്യ ഭാഗങ്ങളില്‍ ഒരു 24കാരനാകാന്‍ വേണ്ടി ഞാന്‍ ഒന്നര മാസം കൊണ്ട് പത്ത് കിലോ കുറച്ചിരുന്നു. അത് എനിക്ക് എളുപ്പത്തില്‍ സാധിക്കുന്നത് ഒരു ഡിസിപ്ലിന്‍ ഉള്ളത് കൊണ്ടാണ്. മുന്‍പും എനിക്ക് ഭാരം കുറയ്ക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇന്നത്തെ പോലെ എളുപ്പമായിരുന്നില്ല. പിന്നെ നമ്മള്‍ ഒരു സിനിമയ്ക്ക് വേണ്ടി ചെയ്യുന്നത് പുറത്ത് വരുന്നത് കുറച്ച് മാസങ്ങള്‍ കഴിഞ്ഞായിരിക്കും. പക്ഷെ ഭാരം കുറച്ചിരിക്കുന്ന സമയത്ത് ചിലപ്പോള്‍ എന്തെങ്കിലും പരിപാടിക്ക് പോകേണ്ടി വന്നാല്‍ ആളുകള്‍ ചോദിക്കും ക്ഷീണിച്ച് പോയല്ലോ എന്ന്. തല്ലുമാലയ്ക്ക് വേണ്ടി ഭാരം കുറച്ച സമയത്ത് ഞാന്‍ നല്ല കോണ്‍ഫിഡന്റായിരുന്നു. പക്ഷെ ആളുകള്‍ ഇത്തരത്തില്‍ ശരീരത്തെ പറ്റി പറയുന്നത് ബോഡി ഷെയിമിങ്ങ് തന്നെയാണ്.

അഭിനേതാക്കള്‍ക്ക് ചില സിനിമകള്‍ക്ക് വേണ്ടി തടി കൂട്ടേണ്ടി വരാറുണ്ട്. അതുപോലെ തന്നെ തടി കുറയ്‌ക്കേണ്ടി വരാറുമുണ്ട്. അതിന്റെ പേരില്‍ ബോഡി ഷെയിമിങ്ങ് ചെയ്യപ്പെടുന്നത് ശരിയല്ല. കാരണം സിനിമ റിലീസ് ചെയ്യുന്നത് മാസങ്ങള്‍ക്ക് ശേഷമായിരിക്കും. അപ്പോള്‍ ഈ സിനിമയ്ക്ക വേണ്ടിയാണല്ലെ തടി കുറച്ചതെന്ന് പറയുന്നതില്‍ കാര്യമില്ല. പിന്നെ പുറത്തുള്ള നടന്‍മാര്‍ പത്ത് കിലോ കുറച്ചാല്‍ ഇതേ ആളുകള്‍ 'വൗ ഡെഡിക്കേഷന്‍' എന്ന് പറയും. നമ്മള്‍ ഭാരം കുറച്ചാല്‍ 'ഓ തൊലിഞ്ഞ് പോയല്ലോ' എന്നാണ് പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in