അടിച്ചമർത്തപ്പെട്ട മനുഷ്യർക്ക് വേണ്ടി സംസാരിക്കാനോ അവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കാനോ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ചിത്രമായിരിക്കും നരിവേട്ട എന്ന് നടൻ ടൊവിനോ തോമസ്. 'ഇഷ്‌കി‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് നരിവേട്ട. ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന പൊലീസ് ഉദ്ധ്യോഗസ്ഥൻ ആയാണ് ടൊവിനോ എത്തുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് ജനങ്ങളാണ് എന്നും വിസ്മരിക്കപ്പെട്ടുപോയ പല കാര്യങ്ങളുടെയും ഓർമ്മപ്പെടുത്താലാണ് ചിത്രമെന്നും നരിവേട്ടയുടെ പ്രസ്സ് മീറ്റിൽ ടൊവിനോ തോമസ് പറഞ്ഞു.
ടൊവിനോ തോമസ് പറഞ്ഞത്:
ഈ സിനിമയിൽ പറയുന്ന കാര്യങ്ങൾ കാണുകയും മനസ്സിലാക്കുകയും അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യേണ്ടത് സാധാരണക്കാരായിട്ടുള്ള ജനങ്ങളാണ്. സാധാരണക്കാരായ ജനങ്ങളാണ് സർക്കാരിനെ സൃഷ്ടിക്കുന്നത്. അത്തരത്തിലുള്ള ഭയങ്കരമായ ഒരു പവർ ജനങ്ങൾക്കുണ്ട്. മറ്റുള്ളവർക്ക് സംഭവിക്കുന്നത് എനിക്ക് സംഭവിക്കുന്നത് വരെയും അതെന്നെ ബാധിക്കാത്ത കാര്യമാണ്, അല്ലെങ്കിൽ മറ്റൊരാൾക്ക് നേരെ ഒരു അതിക്രമം, അടിച്ചമർത്തൽ ഒക്കെ നടക്കുന്ന സമയത്ത് അത് എന്നിലേക്ക് എത്തുന്നത് വരെ മിണ്ടാതെയിരിക്കുക എന്നു പറയുന്നത് വളരെ കൺവീനിയൻ്റ് ആയിട്ടുള്ള കാര്യമാണ്. പക്ഷേ അതിനെക്കാൾ സാമൂഹൃ ജീവികളായിട്ടുള്ള നമ്മൾ ചിന്തിക്കേണ്ടത് നമ്മുടെ അതേ അവകാശങ്ങളുള്ള ആളുകൾ അവർക്ക് വേണ്ട രീതിയിൽ ജീവിക്കാനുള്ള സൗകര്യങ്ങളില്ലാതെ ജീവിക്കുന്ന സമയത്ത് നമുക്ക് ആ സൗകര്യങ്ങളുണ്ടെങ്കിൽ അവർക്ക് വേണ്ടി എന്തെങ്കിലും നമുടെ ഭാഗത്ത് നിന്നും ചെയ്യുക എന്നതാണ്. ഇനി ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിൽ അവർക്ക് വേണ്ടി സംസാരിക്കാനോ അവരുടെ ഭാഗത്ത് നിന്നും ചിന്തിക്കാനോ നമുക്ക് സാധിക്കണം എന്നുള്ളതാണ്. അങ്ങനെ അവരുടെ ഭാഗത്ത് നിന്നും ചിന്തിപ്പിക്കാൻ ഈ സിനിമ പ്രേരിപ്പിക്കുമായിരിക്കും. അങ്ങനെ വലിയൊരു സമൂഹം ചിന്തിച്ചാൽ ഇവിടെ വലിയ മാറ്റങ്ങൾ ഉണ്ടാകും. സഹജീവികളെ സ്നേഹിക്കാനും അവർ എങ്ങനെയാണോ അങ്ങനെ തന്നെ അവരെ അംഗീകരിക്കാനും അവരെ നമ്മളെ പോലെ ആക്കാതെ, അവർ എങ്ങനെ ആണോ അങ്ങനെ തന്നെ ബഹുമാനിക്കാനും കടമയുള്ള ജനസമൂഹമാണ് നമ്മൾ. ആ സമൂഹത്തിന് വിസ്മരിക്കപ്പെട്ടുപോയ പല കാര്യങ്ങളും ഓർമിപ്പിക്കാനും അല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചിന്തിക്കുന്നവർക്ക് ഇങ്ങനെയൊക്കെ സംഭവിച്ചേക്കാം എന്ന ചൂണ്ടുപലക വച്ചുകൊടുക്കാനും ഒക്കെയാണ് ഈ സിനിമകൊണ്ട് നമ്മൾ ശ്രമിക്കുന്നത്.
പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രവും 'നരിവേട്ട'യുടെ പ്രധാന വിഷയമാണ്. വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗിക ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറഞ്ഞു കൊണ്ടാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിൽ വർഗ്ഗീസ് പീറ്ററായി എത്തുന്നത് ടൊവിനോ തോമസ് ആണ്. വലിയ ക്യാൻവാസിൽ, വൻ ബജറ്റിൽ ഒരുങ്ങുന്ന നരിവേട്ടയിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്. നരിവേട്ടയുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തത് എജിഎസ് എന്റർടെയ്‌ൻമെന്റ് ആണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.