ടൈറ്റാനിക്, അവതാർ ചിത്രങ്ങളുടെ നിർമാതാവും ഓസ്കർ ജേതാവുമായ ജോൺ ലാൻഡോ അന്തരിച്ചു

ടൈറ്റാനിക്, അവതാർ ചിത്രങ്ങളുടെ നിർമാതാവും ഓസ്കർ ജേതാവുമായ ജോൺ ലാൻഡോ അന്തരിച്ചു

ഓസ്കർ പുരസ്കാര ജേതാവും ടൈറ്റാനിക്, അവതാർ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവുമായ ജോൺ ലാൻഡോ (63) അന്തരിച്ചു. ചലച്ചിത്ര നിർമാതാവ് ജെയിംസ് കാമറൂണിൻ്റെ ദീർഘകാല സിനിമ നിർമാണ പങ്കാളിയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി അർബുദബാധിതനായിരുന്നു. ജോൺ ലാൻഡോയുടെ സഹോദരി ടീനയാണ് മരണ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അദ്ദേഹത്തിൻ്റെ പൈതൃകം അദ്ദേഹം നിർമ്മിച്ച സിനിമകൾ മാത്രമല്ല അദ്ദേഹം സ്ഥാപിച്ച വ്യക്തിഗത മാതൃക കൂടിയാണ് എന്ന് സുഹൃത്തും സംവിധായകനുമായ ജയിംസ് കാമറൂൺ വെറെെറ്റിയോട് പറഞ്ഞു. എനിക്ക് നഷ്ടപ്പെട്ടത് ഒരു പ്രിയ സുഹൃത്തിനെയും 31 വർഷമായുള്ള എൻ്റെ ഏറ്റവും അടുത്ത സഹയാത്രികനെയുമാണ്. എൻ്റെ ഒരു ഭാഗം മുറിഞ്ഞു പോയിരിക്കുന്ന പോലെ തോന്നുന്നു എന്നാണ് ജോൺ ലാൻഡോയുടെ വിയോ​ഗത്തെക്കുറിച്ച് കാമറൂൺ പ്രതികരിച്ചത്.

ജയിംസ് കാമറൂൺ പറഞ്ഞത്:

ഞങ്ങളുടെ സുഹൃത്തും ലീഡറുമായ ജോൺ ലാൻഡൗവിൻ്റെ വേർപാടിൽ അവതാർ കുടുംബം ദുഃഖിക്കുന്നു. അദ്ദേഹത്തിൻ്റെ നിഷ്കളങ്കമായ നർമ്മം, വ്യക്തിപരമായ കാന്തികത, ഹൃദയ വിശാലത, തീക്ഷ്ണത എന്നിവയായിരുന്നു ഞങ്ങളുടെ അവതാർ യൂണിവേഴ്സിന്റെ കേന്ദ്രബിന്ദുവായി ഏകദേശം രണ്ട് പതിറ്റാണ്ടുകളായി തുടർന്നത്. അദ്ദേഹത്തിൻ്റെ പൈതൃകം അദ്ദേഹം നിർമ്മിച്ച സിനിമകൾ മാത്രമല്ല, അദ്ദേഹം സ്ഥാപിച്ച വ്യക്തിഗത മാതൃക കൂടിയാണ്. - അജയ്യവും കരുതലും ഉൾക്കൊള്ളുന്നതും അശ്രാന്തവും ഉൾക്കാഴ്ചയുള്ളതും തികച്ചും അതുല്യവുമായിരുന്നു അത്. അധികാരം ഉപയോഗിച്ചല്ല, മറിച്ച് ഊഷ്മളതയും സിനിമ നിർമ്മിക്കുന്നതിൻ്റെ സന്തോഷവും പകർന്നുകൊണ്ടാണ് അദ്ദേഹം മികച്ച ചിത്രങ്ങൾ നിർമ്മിച്ചത്. ഞങ്ങളെ മികച്ചതാക്കാനും എല്ലാ ദിവസവും മികച്ചതായിരിക്കാനും അദ്ദേഹം ഞങ്ങളെ പ്രചോദിപ്പിച്ചു. എനിക്ക് ഒരു പ്രിയ സുഹൃത്തിനെയും 31 വർഷത്തെ എൻ്റെ ഏറ്റവും അടുത്ത സഹയാത്രികനെയുമാണ് നഷ്ടപ്പെട്ടത്. എൻ്റെ ഒരു ഭാഗം മുറിഞ്ഞു പോയിരിക്കുന്നു.

സംവിധായകൻ ജയിംസ് കാമറൂണിനൊപ്പം ചേർന്നാണ് ലോകസിനിമയിലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ടൈറ്റാനിക്കും അവതാറും ജോൺ ലാൻഡോ നിർമിച്ചത്. 1997-ൽ ജയിംസ് കാമറൂണിന്റെ സംവിധാനത്തിൽ ജോൺ ലാൻഡോ നിർമിച്ച "ടൈറ്റാനിക്"ആഗോള ബോക്‌സ് ഓഫീസ് ചരിത്രത്തിലെ 1 ബില്യൺ ഡോളർ കടന്ന ആദ്യ ചിത്രമായിരുന്നു. ശേഷം 2009 ൽ പുറത്തു വന്ന "അവതാർ", 2022-ൽ അതിൻ്റെ തുടർച്ചയായി എത്തിയ "അവതാർ: ദി വേ ഓഫ് വാട്ടർ" തുടങ്ങിയ ചിത്രങ്ങളും ഇരുവരും ഒരുമിച്ച് ചേർന്ന പദ്ധതിയായിരുന്നു. രണ്ട് ചിത്രങ്ങളും യഥാക്രമം 2.9 ബില്യൺ ഡോളറും 2.3 ബില്യൺ ഡോളറുമായി "ടൈറ്റാനിക്കിൻ്റെ" റെക്കോർഡ് ഭേദിച്ച് ആ​ഗോള ബോക്സ് ഓഫീസിൽ മുന്നിൽ എത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in