മിന്നല്‍ മുരളിയിലെ ടൊവിനോയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകന്‍ ത്യാഗരാജന്‍ കുമരരാജ

മിന്നല്‍ മുരളിയിലെ ടൊവിനോയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകന്‍ ത്യാഗരാജന്‍ കുമരരാജ

മിന്നല്‍ മുരളിയിലെ ടൊവിനോ തോമസിന്റെ പ്രകടനത്തിനെ പ്രശംസിച്ച് സംവിധായകന്‍ ത്യാഗരാജന്‍ കുമരരാജ. സിനിമയിലെ ടൊവിനോയുടെ പ്രകടനം ഇഷ്ടമായെന്നും അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും ത്യാഗരാജന്‍ വാട്ട്‌സപ്പ് സന്ദേശത്തിലൂടെ ടൊവിനോയെ അറിയിച്ചു. ടൊവിനോ വാട്ട്‌സപ്പ് സന്ദേശം സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു.

'ആരണ്യകാണ്ഡം കണ്ടത് മുതല്‍ ത്യാഗരാജന്‍ കുമരരാജ സാറിന്റെയും ഗുരു സോമസുന്ദരം സാറിന്റെയും കടുത്ത ആരാധകനാണ്. അദ്ദേഹത്തില്‍ നിന്നും ഒരു അഭിനന്ദനം എന്നത് അഭിമാനം നല്‍കുന്ന കാര്യമാണ്. മിന്നല്‍ മുരളിയ്ക്ക് ദിനംപ്രതി അഭിനന്ദനങ്ങള്‍ എത്തുമ്പോള്‍ അതിയായ സന്തോഷം', ത്യാഗരാജന്‍ കുമരരാജയുടെ വാട്ട്‌സാപ്പ് സന്ദേശം പങ്കുവെച്ചുകൊണ്ട് ടൊവിനോ കുറിച്ചു.

ഇതിന് മുമ്പ് സംവിധായകന്‍ കരണ്‍ ജോഹറും ടൊവിനോയെയും മിന്നല്‍ മുരളി സിനിമയയെും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ചിത്രം ഡിസംബര്‍ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ബേസില്‍ ജോസഫാണ് ചിത്രത്തിന്റെ സംവിധാനം.

കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്.

Related Stories

No stories found.
logo
The Cue
www.thecue.in