നടനും സംവിധായകനുമായ തോമസ് ബെർളി അന്തരിച്ചു

നടനും സംവിധായകനുമായ തോമസ് ബെർളി അന്തരിച്ചു
Published on

ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനും വ്യവസായിയുമായിരുന്ന തോമസ് ബെര്‍ളി അന്തരിച്ചു. ഹോളിവുഡ് സിനിമാ ലോകത്തേക്ക് എത്തിയ അപൂര്‍വം മലയാളികളിലൊരാളായിരുന്നു തോമസ് ബെര്‍ളി. 1950 കളിലാണ് തിരക്കഥയിലൂടെയും അഭിനയത്തിലൂടെയും അദ്ദേഹം ഹോളിവുഡ് സിനിമയുടെ ഭാഗമായി മാറിയത്. 1954 ൽ അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിൽനിന്ന് സിനിമാ പഠനം പൂർത്തിയാക്കിയ ഇദ്ദേഹം നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചു. വാർണർ ബ്രദേഴ്സിന്റെ ഇഷ്ടനടന്മാരിൽ ഒരാളായിരുന്നു. ഫോർട്ട്കൊച്ചിയിലെ കുരിശിങ്കൽ കുടുംബാംഗമാണ്. ദീർഘകാലമായി മത്സ്യസംസ്കരണ- കയറ്റുമതി രംഗത്ത് സജീവമായിരുന്നു.

മുന്‍ കൗണ്‍സിലര്‍മാരായിരുന്ന കെ.ജെ. ബെര്‍ളിയുടെയും ആനി ബെര്‍ളിയുടെയും മകനായ തോമസ് ബെർളി സിനിമ പഠിക്കാന്‍ വേണ്ടിയാണ് അമേരിക്കയിലേക്ക് പോയത്. അക്കാലത്ത് ഇംഗ്ലീഷ് സിനിമകള്‍ക്കു വേണ്ടി തിരക്കഥയെഴുതുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സിനിമാ സംവിധാനവും നിര്‍മാണത്തിന്റെ വിവിധ വശങ്ങളുമാണ് തോമസ് ബെർളി പഠിച്ചത്. പഠനകാലത്ത് തോമസ് ബെര്‍ളി എഴുതിയ ഒരു തിരക്കഥ കിങ് ബ്രദേഴ്‌സ് എന്ന കമ്പനി സിനിമയാക്കി. അക്കാലത്ത് അതിന് 2500 ഡോളര്‍ അദ്ദേഹത്തിനു ലഭിച്ചു. പിന്നീട് 15 വര്‍ഷക്കാലം അമേരിക്കയിലെ ടെലിവിഷന്‍-സിനിമ കമ്പനികളില്‍ പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചത്. നിരവധി തിരക്കഥകളുമെഴുതി.

1953-ല്‍ മലയാളത്തില്‍ വിമല്‍കുമാര്‍ സംവിധാനം ചെയ്ത 'തിരമാല' എന്ന ചിത്രത്തില്‍ നായകനായി. പ്രമുഖ നടന്‍ സത്യനായിരുന്നു ആ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിച്ചത്. പടം ഹിറ്റായി. പക്ഷേ, സിനിമയ്ക്കു പിന്നാലെ പോകാന്‍ വീട്ടുകാര്‍ അദ്ദേഹത്തെ അനുവദിച്ചില്ല. വീട്ടുകാര്‍ പറയുന്നത് അദ്ദേ​ഹത്തിന് കേള്‍ക്കേണ്ടി വന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് പഠനം തുടര്‍ന്നു. സിനിമ മാത്രമേ പഠിക്കൂ എന്ന് ശഠിച്ച അദ്ദേഹം അങ്ങനെയാണ് അമേരിക്കയില്‍ പഠനത്തിന് എത്തിയത്.

അമേരിക്കയില്‍നിന്ന് മടങ്ങി 10 വര്‍ഷത്തിനു ശേഷം ബെര്‍ളി വീണ്ടും മലയാള സിനിമയിലെത്തി. 'ഇത് മനുഷ്യനോ' എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. കെ പി ഉമ്മറായിരുന്നു ആ ചിത്രത്തില്‍ നായകന്‍. 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു സിനിമ സംവിധാനം ചെയ്തു. 'വെള്ളരിക്കാപ്പട്ടണം' എന്ന ചിത്രമാണത്. പ്രേംനസീര്‍ അഭിനയിച്ച മുഴുനീള ഹാസ്യചിത്രം. ഇതിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയതും തോമസ് ബെര്‍ളിയായിരുന്നു. സിനിമയും അതിലെ പാട്ടുകളും ഹിറ്റായിരുന്നു. 'ഹോളിവുഡ് ഒരു മരീചിക' എന്ന പേരില്‍ അദ്ദേഹത്തിന്റെ സിനിമാ ജീവിതം പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്. അതുള്‍പ്പെടെ നാല് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. ഭാര്യ: സോഫി തോമസ്. മക്കൾ: ടാനിയ എബ്രഹാം, തരുൺ കുരിശിങ്കൽ, ടാമിയ ജോർജ്. മരുമക്കൾ: എബ്രഹാം തോമസ്, ജോർജ് ജേക്കബ്.

Related Stories

No stories found.
logo
The Cue
www.thecue.in