ലിയോയിൽ പഞ്ച് ഡയലോഗുകളോ ഇൻട്രോ സോങ്ങോ, ഇൻട്രോ ഫെെറ്റോ ഇല്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ലിയോയിൽ വിജയ് സാർ സംസാരിക്കുന്നത് പോലും അദ്ദേഹത്തിന്റെ സ്റ്റെെലിൽ ആയിരുന്നില്ലെന്നും സാധാരണയായി അദ്ദേഹത്തിനുള്ള യാതൊരു വിധ മാനറിസമോ, പഞ്ച് ലൈനുകളോ ഈ സിനിമയിൽ കാണാൻ കഴിയില്ലെന്നും ലോകേഷ് പറയുന്നു. കഥ മുഴുവൻ പറഞ്ഞ് കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ആദ്യ ദിവസം സെറ്റിൽ എത്തി സീൻ എടുത്തപ്പോൾ തന്നെ അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി എത്രത്തോളം ഹോം വർക്ക് ചെയ്തിരുന്നു എന്ന് മനസ്സിലായി എന്നും ആദ്യത്തെ സീനിൽ താൻ കണ്ടത് നടൻ വിജയ്യെ ആയിരുന്നില്ല പകരം താൻ ആഗ്രഹിച്ച വിജയ്യെയായിരുന്നു എന്നും ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞു.
ലോകേഷ് കനകരാജ് പറഞ്ഞത്:
ലിയോയിൽ പഞ്ച് ഡയലോഗുകളോ ഇൻട്രോ സോങ്ങോ ഇൻട്രോ ഫെെറ്റോ ഇല്ല, തികച്ചും ഒരു നാല്പത് വയസ്സുള്ള ഒരാൾ എങ്ങനെ ആയിരിക്കുമോ അതാണ് അദ്ദേഹം സിനിമയിൽ ചെയ്തിരിക്കുന്നത്. സംസാരിക്കുന്നത് പോലും അദ്ദേഹത്തിന്റെ സ്റ്റെെലിൽ അല്ല. വിജയ് സാറിന് അദ്ദേഹത്തിന്റേതായ ഒരു മാനറിസം ഉണ്ടല്ലോ, അദ്ദേഹം സംസാരിക്കുന്ന രീതി, പഞ്ച് ലെെൻ പറയുന്നത്, അതൊന്നും ഈ സിനിമയിൽ ഇല്ല. മുഴുവൻ കഥയും അദ്ദേഹത്തിന്റെ ഷോൾഡറിലാണ് ഇരിക്കുന്നത് എന്ന് അദ്ദേഹത്തിനറിയാം.അദ്ദേഹം അതിന് വേണ്ടി മികച്ച രീതിയിൽ ഹോം വർക്ക് ചെയ്തിട്ടുണ്ട്. ഞാൻ കഥ പറഞ്ഞ് തീർത്ത് മൂന്ന് മാസത്തിന് ശേഷം ഫസ്റ്റ് ഡേ സെറ്റിൽ പോയി ഒരു ഇംപോർട്ടെന്റ് സീൻ എടുക്കുമ്പോൾ ഞാൻ എന്ത് ആഗ്രഹിച്ച് വന്നോ ആ വിജയ്യെയാണ് ഞാൻ കണ്ടത്. നടൻ വിജയ്യെ ആയിരുന്നില്ല.
മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രത്തിൽ തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പരമഹംസയാണ്, ആക്ഷന്‍ അന്‍പറിവ് , എഡിറ്റിങ് ഫിലോമിന്‍ രാജ്, ആര്‍ട്ട് എന്‍. സതീഷ് കുമാര്‍ , കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്,രത്നകുമാര്‍ & ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്മണ്യന്‍.