'പാട്ടുകൾ ഹിറ്റാകുന്നതിന് പിന്നിൽ വലിയ ലോബികളുണ്ട്, ഇന്ന് സിനിമയിലേക്ക് വരുന്ന സംഗീത സംവിധായകർക്ക് കഴിവ് മാത്രം പോരാ': സാം സി എസ്

'പാട്ടുകൾ ഹിറ്റാകുന്നതിന് പിന്നിൽ വലിയ ലോബികളുണ്ട്, ഇന്ന് സിനിമയിലേക്ക് വരുന്ന സംഗീത സംവിധായകർക്ക്  കഴിവ് മാത്രം പോരാ': സാം സി എസ്
Published on

സിനിമാ ഗാനങ്ങൾ ഹിറ്റാകുന്നതിന് പിന്നിൽ വലിയ ലോബികളാണെന്ന് സംഗീത സംവിധായകൻ സാം സി എസ്. കഴിവ് കൊണ്ട് മാത്രം ഇന്ന് സിനിമയിലേക്ക് വരുന്ന സംഗീത സംവിധായകൻ വിജയിക്കാനാകില്ല. പാട്ടുകൾ പ്രൊമോട്ട് ചെയ്യാൻ ഒരു രൂപ പോലും താൻ ചിലവാക്കിയിട്ടില്ല. എന്തുകൊണ്ടാണ് തന്റെ പാട്ടുകൾ ഹിറ്റാകാത്തത് എന്ന് ആളുകൾ ചോദിക്കാറുണ്ട്. പാട്ടുകൾ റിലീസാകുന്നതിനു മുൻപത്തെ ബിൽഡപ്പുകൾ താൻ ചെയ്യാറില്ല. സംഗീത സംവിധായകന്റെ കഴിവിനെക്കാൾ മുകളിൽ ഇവിടെ ഒരു ലോബിയുണ്ട്. അവരുടെ കയ്യിൽ നിന്ന് വിജയിക്കാനുള്ള ടിപ്പുകൾ തനിക്ക് കിട്ടിയിട്ടുണ്ട്. ഒരുപാട് കഴിവുള്ള തന്റെ സഹപ്രവർത്തകരായ സംഗീത സംവിധായകർക്ക് അവസരം ലഭിക്കാത്തതിന് കാരണവും ഇതൊക്കെയാണ് എസ് എസ് മ്യൂസിക്കിന് നൽകിയ പോഡ്‌കാസ്റ്റിൽ സാം സി എസ് പറഞ്ഞു. വലിയ തിയറ്റർ വിജയമായി മാറിയ അല്ലു അർജുൻ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് സാം സി എസ്സായിരുന്നു.

സാം സി എസ് പറഞ്ഞത്:

4 ദിവസത്തിന് ശേഷം ഒരു പാട്ട് റിലീസാകാൻ പോകുമ്പോൾ ഇന്ന് മുതൽ അതിന്റെ ഒരു ബിൽഡപ്പ് ഉണ്ടാകും. സാം സി എസ്സിന്റെ സംഗീതത്തിൽ ഒരു പാട്ട് വരുന്നു എന്ന രീതിയിലാകും ബിൽഡപ്പ് ചെയ്യുക. അത് അടുത്തടുത്ത ദിവസങ്ങളിൽ മുന്നോട്ട് പോയി അവസാനം പാട്ട് പുറത്തുവരും. അങ്ങനെ ചെയ്യുമ്പോൾ ആ പാട്ട് ചെയ്തത് ആരാണെന്ന് എല്ലാവരും അറിയും. എന്നാൽ ഇങ്ങനെയൊരു ബിൽഡപ്പ് എന്റെ പാട്ടുകൾക്ക് ഉണ്ടാകാറില്ല. അതാണ് പ്രധാന പ്രശ്‌നം. അതില്ലെങ്കിലും എനിക്ക് കുഴപ്പമില്ല. എന്റെ പാട്ടുകൾ പ്രൊമോട്ട് ചെയ്യാൻ വേണ്ടി ഒരു രൂപ പോലും ഞാൻ ചിലവാക്കിയിട്ടില്ല. എന്തുകൊണ്ടാണ് നിങ്ങളുടെ പാട്ട് ഹിറ്റാകാത്തത് എന്ന് ചിലർ ചോദിക്കും. ഒരു റിലീസാകുന്ന പാട്ടുകൾ ഏതൊക്കെയാണ് എന്നെനിക്കറിയാം. അതിനു എത്ര രൂപ മുതൽ മുടക്കുണ്ടെന്നും അറിയാം.

ചില വലിയ താരങ്ങളുടെ സിനിമയിലെ ഒരു പാട്ടിന് ചിലവായ തുകയായിരിക്കും എനിക്ക് ഒരു സിനിമയ്ക്കുള്ള എന്റെ മൊത്തം ബഡ്‌ജറ്റ്‌. ഒരു പാട്ട് ഹിറ്റാകാൻ കുറേക്കാര്യങ്ങളുണ്ട്. നമ്മളുടെ കഴിവ് കൊണ്ട് ഒരു പാട്ടുണ്ടാക്കിയാലും ഇവിടെ കാര്യമില്ല. ടാലന്റ് തീർച്ചയായും വേണം. ഷിർട്ട് ധരിക്കുന്നത് പോലെ ടാലന്റോടെ തന്നെയാണ് വരേണ്ടത്. അതിനേക്കാൾ മുകളിൽ ഇവിടെ ഒരു ലോബിയുണ്ട്. എന്നെ വലുതാക്കി കാണിക്കാൻ ഞാൻ പൈസ ചിലവഴിക്കണം. ഞാൻ തന്നെ എന്നെ ബ്രാന്റാക്കണം. ആര് വിളിച്ചാലും ഫോൺ എടുക്കരുതെന്നാണ് ഒരാൾ എന്നോട് പറഞ്ഞത്. കാരണം അസാന്നിധ്യത്തിലായിരിക്കും ഒരു മനുഷ്യന്റെ മൂല്യം കൂടുന്നത് എന്നാണ് പറഞ്ഞത്. ഇതെല്ലാം എനിക്ക് കിട്ടിയ ടിപ്പാണ്.

എല്ലാവരുടെയും ഫോൺ കോളുകൾ എടുത്താൽ നിങ്ങൾ വലിയ ആളാണെന്ന് ആളുകൾ എങ്ങനെ അറിയും എന്നാണ് ചോദിക്കുന്നത്. എനിക്കതിൽ വിശ്വാസമില്ല. ഒരു മിസ്കോൾ കണ്ടാൽ പോലും അവരെന്ത് കരുതിയിട്ടുണ്ടാകും എന്നാണ് ഞാൻ ഓർക്കാറുള്ളത്. ഷൂട്ടിങ്ങിന്റെ തലേ ദിവസം മാത്രമേ പാട്ട് കൊടുക്കാവൂ എന്നും പറഞ്ഞിട്ടുണ്ട്. കുറെ ദിവസം മുൻപ് പാട്ട് കൊടുത്താൽ ഒരുപാട് തിരുത്തുകൾ കിട്ടുമെന്നാണ് പറയുന്നത്. ഇങ്ങനെ ഒരുപാട് ടിപ്പുകൾ പറഞ്ഞിട്ടുണ്ട്. കഴിവ് മാത്രമല്ല വേറെയും കുറെ കാര്യങ്ങൾ ഇവിടെയുണെന്നാണ് പറഞ്ഞു വരുന്നത്. വലിയ പോരാട്ടങ്ങളുണ്ട് സംഗീത മേഖലയിൽ. നല്ല കഴിവുള്ള എന്റെ സഹപ്രവർത്തകരായ സംഗീത സംവിധായകർക്ക് അവസരം ലഭിക്കാത്തത് ഇതുകൊണ്ടൊക്കെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in