എസ് ഐ ആനന്ദ് നാരായണനാകാൻ ആദ്യ ചോയിസ് ടൊവിനോ തന്നെ; 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തെക്കുറിച്ച് നിർമാതാവ്

എസ് ഐ ആനന്ദ് നാരായണനാകാൻ ആദ്യ ചോയിസ് ടൊവിനോ തന്നെ; 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തെക്കുറിച്ച് നിർമാതാവ്

എസ് ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ആദ്യം സമീപിച്ചത് ടൊവിനോയെ തന്നെയാണ് എന്ന് നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസ്. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന കുറ്റാന്വേഷണ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ചിത്രത്തിലെ ടൊവിനോയുടെ അച്ഛന്റെ കഥാപാത്രം ചെയ്യാനായി ആദ്യം പരി​ഗണിച്ചിരുന്നത് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനെ ആയിരുന്നു എന്നും പിന്നീടാണ് ടൊവിനോയുടെ അച്ഛൻ തന്നെ ഈ കഥാപാത്രം അവതരിപ്പിച്ചാൽ നന്നായിരിക്കുമെന്ന് തോന്നിയത് എന്നും ഡോൾവിൻ കുര്യാക്കോസ് പറഞ്ഞു.

ഡോൾവിൻ കുര്യാക്കോസ് പറഞ്ഞത്:

'കേരളത്തിൽ യഥാർത്ഥത്തിൽ നടന്ന ചില സംഭവങ്ങളും അതോടൊപ്പം ഫിക്ഷനും ചേർത്ത് ജിനു വി എബ്രഹാം ഒരുക്കിയ തിരക്കഥയുമായി ഞങ്ങള്‍ ആദ്യം സമീപിച്ചത് ടൊവിനോയെ തന്നെയായിരുന്നു. കഥ കേട്ട ശേഷം അദ്ദേഹം ഈ സിനിമ ചെയ്യുന്നതിന് ഏറെ താല്‍പര്യം പ്രകടിപ്പിച്ചു. ചിത്രത്തിൽ ടൊവിനോയുടെ അച്ഛന്‍റെ വേഷത്തിലേക്ക് മലയാളത്തിലെ പ്രമുഖനായ ഒരു സംവിധായകനെയാണ് ആദ്യം പരിഗണിച്ചത്. പിന്നീടാണ് ടൊവിനോയുടെ അച്ഛൻ ഈ കഥാപാത്രം ചെയ്താൽ നന്നായിരിക്കുമെന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് ഒരു അഭിപ്രായം പറഞ്ഞത്. അത് നല്ലൊരു ഓപ്ഷനായി ഞങ്ങൾക്ക് തോന്നി. ടൊവിനോയോട് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ നേരിട്ട് തന്നെ ചോദിച്ചു നോക്കൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുമ്പ് ചില ഓഫറുകള്‍ വന്നിട്ട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഏതായാലും ഡാർവിൻ ഈ കഥാപാത്രത്തെ കുറിച്ച് തോമസ് ചേട്ടനുമായി സംസാരിച്ചു. അങ്ങനെ അദ്ദേഹം ഒടുവിൽ സമ്മതിക്കുകയായിരുന്നു'.

ഒരു പെൺകുട്ടിയുടെ ദുരൂഹമായ മരണവും അതിനെത്തുടർന്നുള്ള അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തെളിയിക്കാൻ സാധിക്കാത്ത ഒരു കേസ് ടൊവിനോയുടെ കഥാപാത്രമായ എസ്. ഐ ആനന്ദ് നാരായണനും നാല് പോലീസുകാരും ചേർന്ന്‌ അൺഒഫീഷ്യലായി തെളിയിക്കാൻ ശ്രമിക്കുന്നതുമായ കഥാ പശ്ചാത്തലമാണ് പുറത്തു വിട്ട ട്രെയിലറിൽ കാണാൻ സാധിക്കുന്നത്.ഇരുണ്ട പശ്ചാത്തലത്തിലുള്ള പതിവ് ത്രില്ലർ അവതരണ രീതികളിൽ നിന്ന് മാറി വിന്റേജ് ഫീലിലും കളർ ടോണിലുമായാണ് അന്വേഷിപ്പിൻ കണ്ടെത്തും അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും.

ജിനു വി എബ്രാഹമിന്റെതാണ് തിരക്കഥയും സംഭാഷണവും. സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസാണ് പ്രദർശനത്തിനെത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in