
കേരളത്തിലെ പ്രശസ്ത മെറ്റൽ ബാന്റായ ദി ഡൗൺ ട്രോഡൻസിന്റെ ഏറ്റവും പുതിയ ആൽബത്തിലെ ആദ്യ സിംഗിൾ മഹാറാണി എത്തി. 'AYAKTIHIS' (As You All Know, This Is How It Is) എന്ന പുതിയ ആൽബത്തിലെ ആദ്യ ഗാനമാണ് മഹാറാണി. ഗാനത്തിൽ ബാന്റിനൊപ്പം പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണയും സഹകരിച്ചിട്ടുണ്ട്. രണ്ടു വ്യത്യസ്ത സംഗീത ശാഖകളുടെ സമ്മേളനമായിട്ടാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ആഴത്തിൽ വേരൂന്നിയ പാരമ്പര്യ ബുദ്ധിയും അതിനെതിരെയുള്ള പ്രതിരോധവുമാണ് പാട്ടിലൂടെ പറഞ്ഞു പോകുന്നത്. ടി എം കൃഷ്‌ണ പാട്ടിനൊപ്പം ചേരുന്നതോടെ കർണാടിക് സംഗീതവും മെറ്റൽ മ്യൂസിക്കും സമ്മേളിക്കുന്ന അനുഭവമാണ് പാട്ടിൽ നിന്ന് ലഭിക്കുന്നത്.
ആറംഗ ത്രാഷ് മെറ്റൽ ബാന്റാണ് ദി ഡൗൺ ട്രോഡൻസ്. മുൻസ്, വരുൺ രാജ്, അദ്വൈത് മോഹൻ, നെസെർ അഹമ്മദ്, ഗണേഷ് രാധാകൃഷ്ണൻ, സുഷിൻ ശ്യാം എന്നിവരാണ് ബാന്റിലെ അംഗങ്ങൾ.
ബാന്റിലെ കീബോർഡിസ്റ്റായ സുഷിൻ ശ്യാം മലയാള സിനിമയിലെ മികച്ച സംഗീത സംവിധായകരിൽ ഒരാളാണ്. മഹാറാണി എന്ന പാട്ട് നിശ്ശബ്ദരാക്കപ്പെട്ടവരുടെ പ്രതിരോധത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ടി എം കൃഷ്ണ തങ്ങളോടൊപ്പം ചേരുന്നത് ചരിത്രമാണെന്നും ബാന്റിലെ പ്രധാന ഗായകനായ മുൻസ് പറഞ്ഞു.
സംഗീതം ധിക്കാരത്തിൻ്റെ ഭാഷ കൂടിയാണെന്നും TDT യുമൊത്തുള്ള സഹകരണത്തിൽ കഥപറച്ചിലിൻ്റെ പുതിയ തലങ്ങൾ കണ്ടെത്താൻ കഴിഞ്ഞുവെന്നും ടി എം കൃഷ്ണ പറഞ്ഞു.