'ചില്ലു പൊട്ടിച്ച് ചാടണം എന്നാണ് ഞാൻ ലാലേട്ടനോട് പറഞ്ഞത്, മോഹൻലാൽ എന്ന വികാരത്തിന് ഞാൻ നൽകിയ ട്രിബ്യൂട്ട് ആണ് തുടരും': തരുൺ മൂർത്തി

'ചില്ലു പൊട്ടിച്ച് ചാടണം എന്നാണ് ഞാൻ ലാലേട്ടനോട് പറഞ്ഞത്, മോഹൻലാൽ എന്ന വികാരത്തിന് ഞാൻ നൽകിയ ട്രിബ്യൂട്ട് ആണ് തുടരും': തരുൺ മൂർത്തി
Published on

മോഹൻലാൽ എന്ന വികാരത്തിന് താൻ നൽകിയ ട്രിബ്യൂട്ട് ആണ് തുടരും എന്ന ചിത്രം എന്ന് സംവിധായകൻ തരുൺ മൂർത്തി. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ചിത്രമാണ് 'തുടരും'. തിയറ്ററുകളിൽ മികച്ച അഭിപ്രായത്തോട് കൂടെ മുന്നേറുന്ന ചിത്രത്തിലെ മോഹൻലാലിൻറെ പെർഫോമൻസ് പ്രേക്ഷകരും, നിരൂപകരും എടുത്തു പറയുന്നുണ്ട്. ചിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട സീൻ ആണ് മോഹൻലാലിന്റെ പോലീസ് സ്റ്റേഷനിലുള്ള ഫൈറ്റ് സീൻ. ആ സീനിൽ ചില്ല് പൊട്ടിച്ച് പുറത്തു ചാടാണം എന്നാണ് താൻ അദ്ദേഹത്തിനോട് പറഞ്ഞിരുന്നതെന്നും അ​ദ്ദേഹം അത് താൻ ചിന്തിക്കുന്നതിനും അപ്പുറത്തേക്ക് ചെയ്തു എന്നും തരുൺ മൂർത്തി ദ ക്യു എഡിറ്റർ മനീഷ് നാരായണന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തരുൺ മൂർത്തി പറഞ്ഞത്:

ആ സീനിൽ ചില്ലു പൊട്ടിച്ച് ചാടണം എന്നാണ് ഞാൻ പറഞ്ഞത്. ലാലേട്ടൻ ചാടും എന്നത് നമുക്ക് അറിയാം. സ്ഫടികം അടക്കമുള്ള സിനിമകളിൽ അദ്ദേഹം അത് ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ബിനുവിനെ എടുത്തെറിഞ്ഞ് പുള്ളി ചില്ലും പൊട്ടിച്ച് ചാടുന്ന സിറ്റുവേഷൻ നമ്മൾ പ്രതീക്ഷിക്കുന്നതിനെക്കാൾ മറ്റൊരു തലത്തിൽ ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ഓറ എന്നു പറയുന്നത്. എന്നെ സംബന്ധിച്ച് തുടരുമിൽ ഇതുവരെ സംഭവിച്ചത് എല്ലാം വലിയ അനു​ഗ്രഹം ആണ്. ചെറുപ്പം മുതൽ ഞാൻ കാണുന്ന മോഹൻലാൽ എന്നു പറയുന്നഒരു ഇമോഷനോടുള്ള എന്റെ ട്രിബ്യൂട്ട് ആണ് തുടരും.

പെർഫോമർ എന്ന തരത്തിൽ മോഹൻലാലിന്റെ കംബാക്ക് ആണ് തുടരും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മോഹൻലാലിനെക്കൂടാതെ ചിത്രത്തില്‍ ശോഭന, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ എമ്പുരാന്റെ റെക്കോര്‍ഡ് തകര്‍ത്താണ് തുടരും മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ കെ ആർ സുനിലും തരുൺ മൂർത്തിയുമാണ്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്.

Related Stories

No stories found.
logo
The Cue
www.thecue.in