'തളരാതെ നിർത്തിയ ദൈവത്തിനും തണലായി കൂടെ നിന്നവർക്കും നന്ദി'; 'രോമാഞ്ചം' റിലീസ് തീയതി പ്രഖ്യാപിച്ച് ജോൺ പോൾ

'തളരാതെ നിർത്തിയ ദൈവത്തിനും തണലായി കൂടെ നിന്നവർക്കും നന്ദി'; 'രോമാഞ്ചം' റിലീസ് തീയതി പ്രഖ്യാപിച്ച് ജോൺ പോൾ

നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം 'രോമാഞ്ച'ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരുന്നു. എന്നാൽ ഈ വർഷം ഫെബ്രുവരി 3 ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളിൽ ഒരാളായ ജോൺപോൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

സൗബിൻ, അർജുൻ അശോകൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന ചിത്രത്തിൽ ചെമ്പന്‍വിനോദ്, സജിന്‍ ഗോപു, അനന്തരാമന്‍, ജഗദീഷ്, എബിന്‍ ബിനൊ, ജോമോന്‍ ജോതിര്‍, അസിംജമാല്‍, ശ്രീജിത് നായര്‍, അഫ്‌സല്‍, സിജുസണ്ണി എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ബാംഗ്ലൂർ താമസിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥപറയുന്ന ചിത്രമാണ് രോമാഞ്ചം. കോമഡി -ഹൊറർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം മുൻപുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദരാഞ്ജലി നേരട്ടെ എന്ന ഗാനവും ചിത്രത്തിന്റെ ട്രെയിലറും മുൻപ് തന്നെ ശ്രദ്ധ നേടിയിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ അന്ന് റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല.

'തളരാതെ നിർത്തിയ ദൈവത്തിനും തണലായി കൂടെ നിന്നവർക്കും നന്ദി' എന്ന തലവാചകത്തോടെ ജോൺപോളാണ് റിലീസ് പോസ്റ്റർ പങ്കുവച്ചത്. ജോണ്‍പോള്‍ ജോര്‍ജ്ജ് പ്രൊഡക്ഷൻസും ഗുഡ് വിൽ എന്റർടെയ്ൻമെന്റും ചേർന്നൊരുക്കുന്ന ചിത്രം ജോണ്‍പോള്‍ ജോര്‍ജ്ജും ഗിരീഷ് ഗംഗാധരനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ സംഗീതമൊരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. സാനു താഹിർ ഛായാഗ്രഹണമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസാണ്. പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാനും വസ്ത്രാലങ്കാരം മസ്ഹർ ഹംസയുമാണ് നിർവ്വഹിച്ചരിക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in