'ഭാവിയിലേക്ക് സ്വാ​ഗതം'; ദളപതി 68 ലെ വിജയ്യുടെ ചിത്രങ്ങളുമായി വെങ്കട്ട് പ്രഭു

'ഭാവിയിലേക്ക് സ്വാ​ഗതം'; ദളപതി 68 ലെ വിജയ്യുടെ ചിത്രങ്ങളുമായി വെങ്കട്ട് പ്രഭു

ലിയോയ്ക്ക് ശേഷം വിജയ് നായകനായെത്തുന്ന 'ദളപതി 68' ന്റെ പുതിയ അപ്ഡേറ്റ് പുറത്തു വിട്ട് സംവിധായകൻ വെങ്കട്ട് പ്രഭു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനായെത്തുന്ന ലിയോയുടെ റിലീസിന് മുന്നേ തന്നെ നടൻ തന്റെ അടുത്ത പ്രൊജക്ടായ 'ദളപതി 68' എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകളിലേക്ക് കടന്നിരിക്കുകയാണ്. സിനിമയുടെ ഭാ​ഗമായുള്ള രണ്ട് ചിത്രങ്ങൾ സമൂഹ മാധ്യമമായ ട്വിറ്ററിലൂടെ പങ്കിട്ടിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ വെങ്കട്ട് പ്രഭു.

"ഭാവിയിലേക്ക് സ്വാഗതം". എന്ന് തലക്കെട്ടോടെ ഒരു ഉപകരണത്തിലേക്ക് നോക്കി നിൽക്കുന്ന വിജയെയും ഒപ്പം ലെെറ്റ് സ്റ്റേജ് എന്ന് വിളിക്കപ്പെടുന്ന ടെക്നോളജി പരീക്ഷിക്കുന്ന വിജയെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും. ഒരു വസ്തുവിന്റെ 3D വേർഷൻ നിർമ്മിക്കാൻ സഹായിക്കുന്ന ടെക്നോളജി ആണ് ലെെറ്റ് സ്റ്റേജ്. മോഷൻ ക്യാപ്ചർ ടെക്‌നോളജിക്കൊപ്പം ചേർന്നാൽ ഇത് കൂടുതൽ മികച്ച ഫലം നൽകും. "ഭാവിയിലേക്ക് സ്വാഗതം" എന്ന ക്യാപ്ഷൻ കൊണ്ട് സാങ്കേതിക വിദ്യ എങ്ങനെ ചലച്ചിത്രനിർമ്മാണത്തിന്റെ ഭാവിയായി മാറുമെന്നോ അല്ലെങ്കിൽ, ദളപതി 68 ഒരു ഫ്യൂച്ചറിസ്റ്റിക് സയൻസ് ഫിക്ഷൻ സിനിമയാണെന്നതിന്റെയോ സൂചനയായിരിക്കാം സംവിധായകൻ നൽകുന്നതെന്ന് കരുതാം.

'മങ്കാത്ത', 'മാനാട്' തുടങ്ങിയ ഒരുപാട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ വെങ്കട്ട് പ്രഭു ആദ്യമായിട്ടാണ് വിജയ്‌ക്കൊപ്പം ചേരുന്നത്. എ.ജി.എസ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ അര്‍ച്ചന കല്‍പ്പാത്തി, കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ് , കല്‍പ്പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ.ജി.എസ് എന്റർടൈൻമെന്റ് നിര്‍മിക്കുന്ന ഇരുപത്തിയഞ്ചാമത് ചിത്രം കൂടിയാണ് 'ദളപതി 68'. വലിയ ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ചിത്രം എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപെടുന്ന ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നും ചിത്രത്തിനായി ആഗോള നിലവാരത്തിലുള്ള മികച്ച സാങ്കേതിക വിദഗ്ദര്‍ ഒന്നിക്കുമെന്നും ചിത്രത്തിന്റെ ടൈറ്റില്‍ ഉള്‍പ്പടെ മറ്റു വിവരങ്ങള്‍ പ്രൊഡക്ഷന്‍ കമ്പനി വഴിയേ പുറത്തുവിടുമെന്നും എ.ജി.എസ് എന്റർടൈൻമെന്റ് പ്രസ് റിലീസ് വഴി നേരത്തെ അറിയിച്ചിരുന്നു.

ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്യും യുവന്‍ ശങ്കര്‍ രാജയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'ബിഗില്‍' എന്ന ചിത്രത്തിന് ശേഷം എ.ജി.എസ് എന്റർടൈൻമെൻറ്സും വിജയ്യും ഒന്നിക്കുന്ന 'ദളപതി 68' 2024 ല്‍ റിലീസ് ചെയ്യും. ലിയോ ആണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന വിജയ് ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്തമാസം അവസാനം തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in