'33 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച് സൂപ്പർസ്റ്റാറും ഷെഹൻഷായും' ; മുംബൈ ഷെഡ്യൂൾ പൂർത്തിയാക്കി തലൈവർ 170

'33 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച് സൂപ്പർസ്റ്റാറും ഷെഹൻഷായും' ; മുംബൈ ഷെഡ്യൂൾ പൂർത്തിയാക്കി തലൈവർ 170

33 വർഷങ്ങൾക്ക് ശേഷം രജിനികാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്ന 'തലൈവർ 170'യുടെ മുംബൈ ഷെഡ്യൂൾ പൂർത്തിയായി. ചിത്രത്തിന്റെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇതിഹാസങ്ങളുടെ ഇരട്ടി ഡോസ് എന്ന ക്യാപ്‌ഷനൊപ്പം ചിത്രത്തിൽ നിന്നുള്ള രജിനികാന്തിന്റെയും ബച്ചന്റെയും ഫോട്ടോയും അണിയറപ്രവർത്തകർ പങ്കുവച്ചു. 'ജയ് ഭീം' എന്ന ചിത്രത്തിന് ശേഷം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170.

1991 ൽ ഇറങ്ങിയ 'ഹം' എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചനും രജിനികാന്തും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാകും ഇത്. ചിത്രത്തിൽ ഫഹദ് ഫാസിൽ, റാണ ദഗ്ഗുബാട്ടിയ, മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ലൈക പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സുബാസ്കരൻ ആണ് തലൈവർ 170 നിർമിക്കുന്നത്. 2024 പൊങ്കലിന് തിയറ്ററുകളിലെത്താൻ ഒരുങ്ങുന്ന ഐശ്വര്യ രജിനികാന്തിന്റെ 'ലാൽ സലാം' എന്ന ചിത്രത്തിലാണ് രജിനികാന്ത് അടുത്തതായി അതിഥി വേഷത്തിൽ എത്തുന്നത്.

ലിയോക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവർ 171 എന്ന ചിത്രവും രജിനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറാണ് രജിനികാന്തിന്റെതായായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ജയിലർ ഓഗസ്റ്റ് 10 നാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 500 കോടിയിലധികം വാരികൂട്ടിയിരുന്നു. ചിത്രത്തിൽ മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in