ലിയോയ്ക്ക് ഏഴ് മണി ഷോ ഇല്ല; തമിഴ് നാട്ടിൽ ആദ്യ ഷോ രാവിലെ 9 മണിക്ക്

ലിയോയ്ക്ക് ഏഴ് മണി ഷോ ഇല്ല; തമിഴ് നാട്ടിൽ ആദ്യ ഷോ രാവിലെ 9 മണിക്ക്

സിനിമാ തിയേറ്ററുകൾക്കുള്ളിൽ ടീസറോ ട്രെയിലറോ ആഘോഷങ്ങൾ നടത്തരുതെന്ന തീരുമാനവുമായി തമിഴ്‌നാട് തിയേറ്റർ ഉടമകൾ. വിജയ് ചിത്രം ലിയോയുടെ ട്രെയ്‍ലര്‍ പ്രദര്‍ശിപ്പിച്ച ചെന്നൈ രോഹിണി തിയറ്റർ വിജയ് ആരാധകർ നശിപ്പിച്ചതിനെ തുടർന്നാണ് തിയറ്ററുടമകളുടെ തീരുമാനം. കൂടാതെ ലിയോയ്ക്ക് അതിരാവിലെയുള്ള ഫാൻസ് ഷോകൾ ഉണ്ടാകില്ലെന്നും വ്യാഴാഴ്ച രാവിലെ 9 മണിക്ക് മാത്രമേ ആദ്യ ഷോ ആരംഭിക്കൂ എന്നും തമിഴ്നാട് സർക്കാർ അറിയിച്ചു.

വിജയ് ചിത്രങ്ങളുടെ ട്രെയ്ലറിന് ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കാറുള്ള പ്രധാന തിയറ്ററുകളിൽ ഒന്നായിരുന്നു ചെന്നെയിലെ രോഹിണി സിൽവർ സ്ക്രീൻസ്. ഫിലിം ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ മുമ്പ് തകർന്ന തിയറ്റിന്റെ ചിത്രം തന്റെ ട്വിറ്റർ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിരുന്നു. തിയറ്ററിലെ സീറ്റുകളടക്കം ഉപയോ​ഗ ശൂന്യമാക്കി വൻ നഷ്ടമായിരുന്നു ആരാധകർ സൃഷ്ടിച്ചത്. കൂടാതെ രാവിലെ ഏഴ് മണിയ്ക്ക് ലിയോയുടെ പ്രത്യേക പ്രദർശനം നടത്തുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാരും വ്യക്തമാക്കി. രാവിലെ ഏഴ് മണിയ്ക്ക് ഷോ നടത്താന്‍ അനുവാദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ലിയോയുടെ നിർമാതാക്കൾ മുമ്പ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒക്ടോബര്‍ 17 ന് കേസ് പരിഗണിച്ച ജസ്റ്റിസ് അനിത സമ്പത്ത് രാവിലെ ഏഴിന് ഷോ അനുവദിക്കുന്നത് സംബന്ധിച്ച സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സര്‍ക്കാര്‍ തള്ളി. തീരുമാനം ഡിജിപിയുടെ അഭിപ്രായം പരിഗണിച്ചെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 7 മണി ഷോ സ്കൂൾ സമയത്ത് ഗതാഗത കുരുക്കുണ്ടാകുമെന്ന് ഡിജിപി സര്‍ക്കാറിനെ അറിയിച്ചു. ഈ ഷോയ്ക്കായി രാവിലെ 5 മുതൽ സുരക്ഷ ഒരുക്കേണ്ടി വരുമെന്നും ഡിജിപി വ്യക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്.

നിലവില്‍ തമിഴ്നാട്ടില്‍ വിജയ് ചിത്രം ലിയോയുടെ ആദ്യ ഷോ സമയം രാവിലെ 9 മണി ആയിരിക്കും. രാവിലെ 9നും പുലർച്ചെ 5നും ഇടയിൽ 5 ഷോ നടത്താന്‍ സര്‍ക്കാര്‍ അനുമതി നേരത്തെ നല്‍കിയിരുന്നു. ഇതില്‍ ഇളവ് തല്‍ക്കാലം നല്‍കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ചെന്നൈയിലെ തിയേറ്ററിന് പുറത്ത് ഒരു ആരാധകൻ ലോറിയിൽ നിന്ന് വീണ് മരിച്ചതിനെ തുടർന്ന് 2023 ജനുവരി മുതൽ തമിഴ്‌നാട്ടിലെ പ്രത്യേക ഷോകൾ റദ്ദാക്കിയിരുന്നു. അതിനുശേഷം, തമിഴ്‌നാട്ടിൽ സ്പെഷ്യൽ ഷോകൾ / അതിരാവിലെയുള്ള ഷോകൾ നടത്താൻ സർക്കാർ തിയേറ്ററുകൾ അനുവദിച്ചിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in