റിലീസിന് 3 ദിവസം കഴിഞ്ഞ് മാത്രമെ റിവ്യു നല്‍കാവൂ, പ്രേക്ഷക പ്രതികരണം ഒഴിവാക്കും; തീരുമാനമെടുത്ത് തമിഴ് സിനിമ നിര്‍മ്മാതാക്കള്‍

റിലീസിന് 3 ദിവസം കഴിഞ്ഞ് മാത്രമെ റിവ്യു നല്‍കാവൂ, പ്രേക്ഷക പ്രതികരണം ഒഴിവാക്കും; തീരുമാനമെടുത്ത് തമിഴ് സിനിമ നിര്‍മ്മാതാക്കള്‍

സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത മൂന്ന് ദിവസത്തിന് ശേഷം മാത്രമെ റിവ്യു നല്‍കാവു എന്ന തീരുമാനമെടുത്ത് തമിഴ് സിനിമ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍. സെപ്റ്റംബര്‍ 18ന് ചെന്നൈയില്‍ വെച്ച് നടന്ന ജനറല്‍ അസംബ്ലിയില്‍ വെച്ചായിരുന്നു തീരുമാനം.

റിലീസിന് പിന്നാലെ വരുന്ന യൂട്യൂബ് റിവ്യൂകളും ഫേസ്ബുക്ക് പോസ്റ്റുകളും ട്വിറ്റര്‍ മീമുകളും കാരണം പല സിനിമകളും വാണിജ്യപരമായി പരാജയപ്പെടുകയാണ് എന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം മാത്രം റിവ്യൂകള്‍ പോസ്റ്റ് ചെയ്യാന്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ഇതിന് പുറമെ തിയേറ്ററില്‍ ആദ്യ ദിവസം പ്രേക്ഷക പ്രതികരണം എടുക്കുന്നതും തടയണമെന്ന തീരുമാനം എടുത്തിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. തിയേറ്ററിനുള്ളിലേക്ക് പ്രേക്ഷക പ്രതികരണം എടുക്കുന്നതിനായി ക്യാമറകള്‍ അനുവദിക്കരുതെന്ന് തിയേറ്റര്‍ ഉടമകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ യൂട്യൂബ് ചാനലുകളില്‍ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങള്‍ കൊടുക്കുന്നതിനെതിരായും പ്രമേയം പാസാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയെ കുറിച്ചും താരങ്ങളെ കുറിച്ചും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കില്ലെന്നും ജനറല്‍ അസംബ്ലിയില്‍ തീരുമാനമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചെന്നൈയില്‍ വെച്ച് നടന്ന യോഗത്തില്‍ 500ല്‍ അധികം നിര്‍മ്മാതാക്കളും മുന്‍ നിര്‍മ്മാതാക്കളും പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in