തമിഴ് സിനിമ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിലേക്ക് ; പൊന്നിയിന്‍ സെല്‍വനെ അഭിനന്ദിച്ചു കമല്‍ഹാസന്‍

തമിഴ് സിനിമ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിലേക്ക്  ; പൊന്നിയിന്‍ സെല്‍വനെ അഭിനന്ദിച്ചു കമല്‍ഹാസന്‍

മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍ ഭാഗം 2'നെ അഭിനന്ദിച്ചു നടന്‍ കമല്‍ഹാസന്‍. തമിഴ് സിനിമ അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെയും ആ ദിശയിലേക്ക് നോക്കി പോകുമെന്ന് പ്രതീക്ഷിക്കുന്നതിന്റെയും നല്ല സൂചനയാണ് 'പൊന്നിയിന്‍ സെല്‍വന്‍'. തമിഴ് സിനിമയുടെ സാങ്കേതിക വൈദഗ്ധ്യവും കഴിവും ഇപ്പോള്‍ ലോകത്തിന് മുഴുവന്‍ കാണാനാകുമെന്നതില്‍ അഭിമാനിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. സിനിമയുടെ സ്‌പെഷ്യല്‍ ഷോ കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

ഞാനൊരു നടനാണ്, നിര്‍മ്മാതാവാണ്, സംവിധായകനാണ് അതിലെല്ലാം ഉപരി ഞാനൊരു സിനിമാസ്വാദകനാണ്, ഒരു തമിഴനാണ്. ഈ സിനിമയുടെ എല്ലാ ക്രെഡിറ്റിസും മണിരത്നം എന്ന സംവിധായകനാണ്. ഇത്രയും വലിയൊരു സിനിമ ചെയ്യാന്‍ കാണിച്ച മണിരത്നത്തിന്റെ ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു.

കമല്‍ഹാസന്‍

മണിരത്നവും, സിനിമയിലെ അഭിനേതാക്കളും, ഛായാഗ്രാഹകനും, സംഗീത സംവിധായകനും എല്ലാവരും തമിഴ് സിനിമ ഒരു ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിലേക്ക് എത്തിക്കാന്‍ ഒരുപാട് പ്രയത്‌നിച്ചെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

പ്രേക്ഷകര്‍ ഈ സിനിമയെ വളരെയധികം ഇഷ്ടപ്പെടുന്നു എന്ന് അറിയുമ്പോള്‍ വളരെ സന്തോഷമുണ്ട്. ഈ സിനിമക്ക് വേണ്ടി എത്രയോ ആയിരം പേര്‍ കഷ്ടപെട്ടിട്ടുണ്ടെന്ന് സിനിമ അവസാനിച്ച് ടൈറ്റില്‍ കണ്ടപ്പോ മനസ്സിലായി. ഇന്ത്യ മുഴുവന്‍ നമ്മുടെ കണ്ണിന്റെ മുന്നില്‍ വന്നു നിന്ന പോലെ തോന്നി. വടക്കും, തെക്കും ഇന്ത്യയില്‍ നിന്നും തായ്ലന്‍ഡില്‍ നിന്നും പലര്‍ ഈ സിനിമക്കായി ജോലി ചെയ്തിട്ടുണ്ട്. ഇത് എല്ലാവരും ആഘോഷിക്കേണ്ട സിനിമയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

പ്രശസ്ത എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28 നാണ് റിലീസ് ചെയ്തത്. കാര്‍ത്തി, ജയം രവി, വിക്രം, തൃഷ, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ റായ് ബച്ചന്‍ , ശോഭിത, ജയറാം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണിരത്‌നവും ബി ജയമോഹനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. എ ആര്‍ റഹ്‌മാനാണ് സംഗീതം.

Related Stories

No stories found.
logo
The Cue
www.thecue.in