യോ​ഗി ബാബു മലയാളത്തിൽ ; പൃഥ്വിരാജിനും ബേസിൽ ജോസഫിനുമൊപ്പം ​ഗുരുവായൂരമ്പലനടയിൽ  അരങ്ങേറ്റം

യോ​ഗി ബാബു മലയാളത്തിൽ ;  പൃഥ്വിരാജിനും ബേസിൽ ജോസഫിനുമൊപ്പം ​ഗുരുവായൂരമ്പലനടയിൽ 
അരങ്ങേറ്റം

മണ്ടേല, റെമോ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ തമിഴ് താരം യോഗി ബാബു മലയാളത്തിലേക്ക്. "ജയ ജയ ജയ ഹേ" സിനിമയുടെ സംവിധായകൻ വിപിൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ 'ഗുരുവായൂരമ്പല നടയി'ലൂടെയാണ് യോഗി ബാബു മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. യോ​ഗിബാബു സിനിമയിലുണ്ടാകുമെന്ന വിവരം സംവിധായകൻ വിപിൻ ദാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഗുരുവായൂർ അമ്പലനടയിൽ ഒരു ബിഗ് ബഡ്ജറ്റ് കോമഡി ചിത്രമാണ് എന്നും ഗുരുവായൂർ അമ്പലത്തിൽ വച്ചു നടക്കുന്ന ഒരു കല്യാണമാണ് സിനിമയുടെ പ്ലോട്ട് എന്നും വിപിൻ ദാസ് ദ ക്യൂവിനോട് പറഞ്ഞിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഉദ്ദേശമാണ് സിനിമയ്ക്കുള്ളതെന്നും വിപിന്‍ പറയുന്നു.

'ദീപു പ്രദീപ് കുഞ്ഞിരാമായണത്തിന് ശേഷം സ്വതന്ത്രമായി തിരക്കഥ എഴുതുന്ന സിനിമയാണ് ഗുരുവായൂരമ്പല നടയില്‍. ഞാന്‍ ആദ്യമായി തിരക്കഥ എഴുതാതെ സംവിധാനം ചെയ്യുന്ന സിനിമ. പിന്നെ ഞങ്ങള്‍ നാല് അഞ്ച് വര്‍ഷമായി ഈ സിനിമയുടെ ജോലികളിലായിരുന്നു. ഇതൊരു ബിഗ് ബജറ്റ് സിനിമയാണ്. ഒരുപാട് താരങ്ങള്‍ ഉണ്ടാകും. ഇപ്പോഴും നമുക്ക് ആരൊക്കെ ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയാനായിട്ടില്ല. പൃഥ്വിരാജും ബേസില്‍ ജോസഫുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍' വിപിന്‍ ദാസ്.

പൃഥ്വിരാജ് പ്രൊഡക്ഷന്റെയും ഇ4 എന്റര്‍ട്ടെയിന്‍മെന്റിന്റേയും ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് സ്വതന്ത്രമായി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ​ഗുരുവായൂരമമ്പലനടയിൽ.

Related Stories

No stories found.
logo
The Cue
www.thecue.in