'32 വർഷത്തെ കഷ്ടപ്പാടും വേദനയും'; മഞ്ഞുമ്മൽ ബോയ്സിലെ കഥാപാത്രത്തെക്കുറിച്ച് വികാരാധീതനായി തമിഴ് നടൻ വിജയ് മുത്തു

'32 വർഷത്തെ കഷ്ടപ്പാടും വേദനയും'; മഞ്ഞുമ്മൽ ബോയ്സിലെ കഥാപാത്രത്തെക്കുറിച്ച് വികാരാധീതനായി തമിഴ് നടൻ വിജയ് മുത്തു
Published on

മഞ്ഞുമ്മൽ ബോയ്സിലെ കഥാപാത്രത്തെക്കുറിച്ച് വികാരാധീതനായി തമിഴ് നടൻ വിജയ് മുത്തു. മുപ്പത്തിരണ്ട് വർഷത്തോളമായി സിനിമയിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത അം​ഗീകാരമാണ് മഞ്ഞുമ്മൽ ബോയ്സിലൂടെ ലഭിച്ചത് എന്ന് അദ്ദേഹം പറയുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുകയും താങ്കളുടെ കഥാപാത്രത്തെക്കുറിച്ച് ആളുകൾ സംസാരിക്കുകയും ചെയ്യുന്നതിൽ എന്ത് തോന്നുന്നു എന്ന അവതാരകന്റെ ചോദ്യത്തിനാണ് നടൻ വിജയ് മുത്തു വികാരാധീതനായത്. സിനി ഉലഗം എന്ന തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. മഞ്ഞുമ്മൽ‌ ബോയ്സ് എന്ന ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിജയ് മുത്തു എത്തിയത്.

വിജയ് മുത്തു പറഞ്ഞത്:

തമിഴിൽ ഞാൻ കാണാത്ത സംവിധായകരില്ല, ഞാൻ അഭിനയിക്കാത്ത സംവിധായകരുമില്ല, അപ്പോഴൊക്കെ, നല്ലൊരു വേഷത്തിനായി പലരോടും കെഞ്ചി ചോദിച്ചിട്ടുണ്ട്. പക്ഷേ ആരും തന്നില്ല ഇതിപ്പോൾ ഒരു മലയാളി സംവിധായകനാണ് എനിക്ക് നല്ലൊരു വേഷം തന്നത്. എന്നിലെ നടനെ അദ്ദേഹം വിശ്വസിച്ചു. പണമല്ല, ഒരു അഭിനേതാവ് എന്ന നിലയിൽ കിട്ടുന്ന അംഗീകാരമില്ലേ. ഒരു നല്ല നടനായി മരിക്കണം എന്നാണ് എനിക്ക് ആ​ഗ്രഹം. 12-ാം വയസ്സ് മുതൽ ആ​ഗ്രഹിച്ച സ്വപ്നമാണ് സിനിമ. എനിക്ക് പഠിപ്പില്ല ഫാമിലി എങ്ങനെ നടത്തിക്കൊണ്ട് പോകണം എന്ന് എനിക്ക് അറിയില്ല പക്ഷേ സിനിമയാണ് എനിക്ക് എല്ലാം തന്നത്. സിനിമ തന്നെയാണ് എന്റെ മക്കൾക്ക് പഠിപ്പും ജീവിതവും നൽകിയത്. പക്ഷേ, സിനിമയിൽ നമുക്കൊരു സ്വപ്നമുണ്ടാകില്ലേ? അതു തേടിയാണല്ലോ സിനിമയിലേക്ക് വരുന്നത്. ഇവിടേക്ക് എത്തിപ്പെടാൻ ഞാൻ മുപ്പത്തി രണ്ട് വർഷമെടുത്തു. അതിനായി, എത്രയോ കഷ്ടപ്പാടുകൾ, വേദനകൾ. അതൊന്നും പറയാൻ എനിക്കു വാക്കുകളില്ല. അതിനെക്കുറിച്ച് ആലോചിക്കുമ്പോഴേ ഞാൻ ഇമോഷനൽ ആകും.

ജാൻ-എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 2006 ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കേരളത്തിന് പുറമേ തമിഴ്നാട്ടിലും മികച്ച പ്രേക്ഷക പ്രതികരണമാണ് മഞ്ഞുമ്മൽ ബോയ്സ് നേടുന്നത്. കഴിഞ്ഞ ദിവസം നടൻ കമൽ ഹാസനും നേരിട്ടെത്തി മഞ്ഞുമ്മൽ ബോയ്സ് ടീമിനെ കാണുകയും ചിത്രത്തെക്കുറിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in