​മുണ്ടു മടക്കിക്കുത്തി വരാൻ ഗുരുവായൂരപ്പൻ എന്താ റൗഡിയാണോ?; മലയാള സിനിമാ ഗാനങ്ങളെ വിമര്‍ശിച്ച് ടി പി ശാസ്തമംഗലം

​മുണ്ടു മടക്കിക്കുത്തി വരാൻ ഗുരുവായൂരപ്പൻ എന്താ റൗഡിയാണോ?; മലയാള സിനിമാ ഗാനങ്ങളെ വിമര്‍ശിച്ച് ടി പി ശാസ്തമംഗലം
Published on

വാഴ, ​ഗൂരുവായൂരമ്പല നടയിൽ തുടങ്ങിയ ചിത്രങ്ങളിലെ ​ഗാനങ്ങളെ വിമർശിച്ച് സിനിമാഗാന നിരൂപകൻ ടി പി ശാസ്തമം​ഗലം. ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളാണ് വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിലും ആനന്ദ് മോഹന്‍ സംവിധാനം ചെയ്ത വാഴയും. ഗുരുവായൂരമ്പല നടയിലെ 'കൃഷ്ണാ കൃഷ്ണാ' എന്ന് തുടങ്ങുന്ന ഗാനത്തെയും വാഴയിലെ രണ്ട് ഗാനങ്ങളെയമാണ് ടി പി ശാസ്തമംഗലം വിമര്‍ശിച്ചത്. വാഴ എന്ന ചിത്രത്തിലെ ഹേയ് ബനാനേ എന്നു തുടങ്ങുന്ന ​ഗാനം നഴ്സറി കുട്ടികൾക്ക് വരെ എഴുതാൻ സാധിക്കുമെന്നും ഈ പാട്ടെഴുതിയവരൊക്കെ ഭാസ്കരൻ മാഷിന്റെ കുഴിമാടത്തിൽ ചെന്ന് നൂറ് വട്ടം തൊഴണം എന്നും ടി പി ശാസ്തമം​ഗലം പറഞ്ഞു. പി ഭാസ്കരന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെയാണ് ഗാനങ്ങള്‍ക്കെതിരെ ടി പി ശാസ്തമംഗലം വിമര്‍ശനം ഉന്നയിച്ചത്.

ടി പി ശാസ്തമം​ഗലം പറഞ്ഞത്:

ഇന്ന് പാട്ടു കേൾക്കുക എന്നു പറയുന്നത് തന്നെ വളരെ അരോചകമായി മാറിയിരിക്കുന്നു. ഈ അടുത്ത കാലത്ത് വാഴ എന്നൊരു സിനിമ വന്നു. നിങ്ങൾ കണ്ടു കാണും. പേര് തന്നെ വിചിത്രമാണ്. വാഴ - ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്. ബില്യൺ എന്നു പറഞ്ഞാൽ നൂറ് കോടിയാണ്. അതിലൊരു പാട്ട് ഹേയ് ബനാനേ ഒരു പൂ തരാമോ, ഹേയ് ബനാനേ ഒരു കായ് തരമോ എന്നാണ്. ഇതിന് ഭാസ്കരൻ മാഷിനെപ്പോലെയൊരു കവിയുടെ ആവശ്യമില്ല. നഴ്സറി കുട്ടികൾക്ക് വരെ ഇത് എഴുതാം. അതിലെ മറ്റൊരു പാട്ട് ഇങ്ങനെയാണ് പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ എന്ന്. നിന്നെ ജനിപ്പിച്ച സമയത്ത് വാഴ വെച്ചാൽ മതിയായിരുന്നു എന്ന് നമ്മുടെ പിതാക്കന്മാർ ദേഷ്യം വരുമ്പോൾ പറയുമായിരുന്നു. അതാണ് ഇവിടെ പാട്ടായി മാറിയിരിക്കുന്നത്. എന്തൊരു വികലമാണ് ഇതെന്ന് നോക്കൂ. അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം, അന്നു നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം, നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം എന്നെഴുതിയ ഭാസ്കരൻ മാഷിന്റെ കുഴിമാടത്തിൽ ചെന്ന് ഈന്ന് ഈ പാട്ടെഴുതുന്ന ആൾക്കാർ നൂറ് വട്ടം തൊഴണം എന്ന് ഞാൻ പറയും. ​ഗുരുവായൂരമ്പല നടയിൽ എന്ന സിനിമ എല്ലാവരും കണ്ടു കാണും. വളരെ പോപ്പുലറായ സിനിമയാണ്. അതിൽ‌ ഒരു വിദ്വാൻ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. പൊന്നമ്പല നട തുറന്ന് മഞ്ഞ മുണ്ട് മടക്കിക്കുത്തി പടയ്ക്കു നീ ഇറങ്ങി വന്നാൽ ജയിക്കുമല്ലോ പാവം അർജുനൻ. ​ഗുരുവായൂരപ്പൻ എന്താ റൗഡിയാണോ? ഒരാളും ഇതിനെതിരെ ശബ്ദിച്ചില്ലല്ലോ എന്നാണ് ഞാൻ ആലോചിക്കുന്നത്. അടുത്ത വരി അതിനെക്കാൾ വികലമാണ്. മധുരയിൽ പിറന്നവനേ വെണ്ണ കട്ടു കുടിച്ചവനേ, വെണ്ണ കട്ടു കുടിക്കുകയാണോ അതോ കഴിക്കുകയാണോ? വെണ്ണ കുടിക്കുകയാണ് എന്നാണ് അദ്ദേഹം എഴുതി വച്ചിരിക്കുന്നത്. മാമനെ വധിച്ചവനേ എന്നാണ് പറയുന്നത്. കംസവധം എന്നൊക്കെയാണ് നമ്മൾ പഠിച്ചിരിക്കുന്നത്. ആ റാസ്കലിന് മാമൻ. തിരുവനന്തപുരത്ത് കാരാണ് മാമൻ എന്ന് പറയുക. ​ഗുരുവായൂരപ്പൻ നേരെ സൂരാജ് വെഞ്ഞാറമ്മൂടിന്റെ സ്ഥലത്ത് വന്ന് താമസമാക്കിയെന്ന് തോന്നും ഈ പാട്ട് കേൾക്കുമ്പോൾ. കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ രാധാകാമുകാ, ഈ ഭക്തൻ ഭക്തൻ ഭക്തൻ പാടും ദുഃഖം കേൾക്കണേ ഇങ്ങനെ പാടിയാൽ ഏത് കൃഷ്ണനാണ് ദുഃഖം കേൾക്കുക? വാസ്തവത്തിൽ ഇത് കൂടുതൽ ദുഃഖം ഉണ്ടാക്കുകയേയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in