'ശൈലി ഉടച്ചുവാര്‍ക്കാനുള്ള ശ്രമം ചിലപ്പോള്‍ അപകടമാണ്'; 'തങ്കം' ഗെയിം ചേഞ്ചറെന്ന് ശ്യാം പുഷ്‌കരന്‍

'ശൈലി ഉടച്ചുവാര്‍ക്കാനുള്ള ശ്രമം ചിലപ്പോള്‍ അപകടമാണ്'; 'തങ്കം' ഗെയിം ചേഞ്ചറെന്ന് ശ്യാം പുഷ്‌കരന്‍

താന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍വച്ച് ഏറ്റവും സിനിമാറ്റിക്കായ ചിത്രമാണ് തങ്കമെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. 'കുമ്പളങ്ങി നൈറ്റ്‌സ്' മുതല്‍ തന്നെ ഗെയിം മാറ്റണമെന്ന ചിന്ത മനസിലുണ്ടായിരുന്നു. 'ജോജി' കഴിഞ്ഞതോടെ കൂടുതല്‍ എന്‍ഗേജിംഗായ സിനിമാറ്റിക്കായ ഒരു അനുഭവത്തിലേക്ക് മാറിയിട്ടുമുണ്ട്. സോഷ്യല്‍ ഡ്രാമയുടെ എലമെന്റ്‌സ് മനഃപൂര്‍വ്വം കട്ട് ചെയ്ത് എഴുത്തില്‍ ക്രൈം ഡ്രാമയുടെ ഫിക്ഷന്‍ കൊണ്ടുവരാനാണ് 'തങ്ക'ത്തില്‍ ശ്രമിച്ചിട്ടുള്ളതെന്നും ക്യു സ്റ്റുഡിയോ അഭിമുഖത്തില്‍ ശ്യാം പുഷ്‌കരന്‍ പറഞ്ഞു.

''തങ്കം ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍വച്ച് ഏറ്റവും സിനിമാറ്റിക്കായ സിനിമയാണ്. റിയലിസ്റ്റിക് സിനിമകളില്‍ ടാഗ് ചെയ്യപ്പെടുന്നതില്‍ പ്രശ്‌നമുണ്ടായിട്ടല്ല. ഓരോ സിനിമ കഴിയുമ്പോഴും അങ്ങനെയൊരു മാറ്റം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുള്ളതാണ്. കുമ്പളങ്ങി മുതല്‍ തന്നെ ഗെയിം മാറ്റണമെന്ന ഒരു ചിന്ത മനസില്‍ ഉണ്ടായിരുന്നു. ജോജി കൂടി കഴിഞ്ഞതോടെ കുറച്ചുകൂടി സിനിമാറ്റിക്കായ അനുഭവത്തിലേക്ക് മാറാനായിട്ടുണ്ട്.''

പുതിയ ജോണർ പരീക്ഷിക്കുമ്പോള്‍ അതിനായി ശെെലി പൂർണ്ണമായി പൊളിച്ചെഴുതുന്ന നിലയുണ്ടായിട്ടില്ലെന്നും ശ്യാം പുഷ്കരന്‍ പറഞ്ഞു. ജോണര്‍ മാറ്റാനായി ശൈലി മാറ്റണമെന്നില്ല. ചിലപ്പോള്‍ അത്തരത്തില്‍ ശൈലി ഉടച്ചുവാര്‍ക്കാനുള്ള ശ്രമം അപകടകരമാണ്. 'തങ്കം' ത്രില്ലർ എന്ന ജോണറിനോട് നീതി പുലര്‍ത്തി എഴുതാന്‍ ശ്രമിച്ചിട്ടുള്ള ചിത്രമാണ്. ചെറിയ കോമഡി രംഗങ്ങളാണെങ്കിലും, സോഷ്യല്‍ റിയാലിറ്റിയുടെ ഓർമ്മപ്പെടുത്തലുകളാണെങ്കിലും ജോണറിനെ ബാധിക്കുന്ന എന്തും മുറിച്ചുമാറ്റിയിട്ടുണ്ട്.

സിനിമയില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച 'കണ്ണന്‍' എന്ന കഥാപാത്രത്തിന്റെ കാസ്റ്റിംഗിലേക്ക് ഫഹദ് ഫാസിലിനെ പരിഗണിച്ച സാഹചര്യത്തെക്കുറിച്ച് സംവിധായകന്‍ സഹീദ് അറാഫത്തും ക്യു സ്റ്റുഡിയോയോട് സംസാരിച്ചു.

''കഥാപാത്രത്തെക്കുറിച്ച് ആലോചിക്കുന്ന ഘട്ടത്തില്‍ തന്നെ വിനീതാണ് മനസിലുണ്ടായിരുന്നത്. എല്ലാവരുടെയും ആലോചനകളില്‍ ആ കഥാപാത്രം വിനീത് ചെയ്യണമെന്നായിരുന്നു. എന്നാല്‍ ആ സമയം, വ്യക്തിപരമായ തിരക്കുകളും ഹൃദയം എന്ന ചിത്രത്തിന്റെയും മറ്റുമായ തിരക്കുകളിലായിരുന്നു വിനീത്. ഇതോടെയാണ് ഭാവനാ സ്റ്റുഡിയോസിന്റെ സ്വന്തം ഫഹദ് ഫാസിലിനെ ആ കഥാപാത്രത്തിലേക്ക് ആലോചിക്കുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ സിനിമ വീണ്ടും നീളുകയും വര്‍ക്കുകള്‍ പുനരാരംഭിക്കുമ്പോള്‍ വിനീത് തിരക്കുകളില്‍ നിന്ന് മാറുകയും ചെയ്തു. ഇതോടെ വീണ്ടും വിനീതിലേക്ക് എത്തുകയായിരുന്നു.''

ഫഹദ് ചെയ്താലും ആ കഥാപാത്രത്തിന് പൂർണത ലഭിക്കുമെങ്കിലും വിനീതില്‍ ഒരു ഫ്രഷ്നെസ്സ് അനുഭവപ്പെട്ടതാണ് ഈ തെരഞ്ഞെടുപ്പിന് കാരണമെന്നും സഹീദ് അറാഫത്ത് ക്യു സ്റ്റുഡിയോ അഭിമുഖത്തില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in