'സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ, കാതൽ ദി കോർ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കുന്നു' ; കാതലിനെ പുകഴ്ത്തി സൂര്യ

'സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ, കാതൽ ദി കോർ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കുന്നു' ; കാതലിനെ പുകഴ്ത്തി സൂര്യ

മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായി എത്തിയ കാതൽ ദി കോർ സിനിമയെ അഭിനന്ദിച്ച് നടൻ സൂര്യ. മനോഹരവും സുന്ദരവുമായ മനസ്സുകൾ ഒന്നിക്കുമ്പോൾ, കാതൽ ദി കോർ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കുന്നെന്നും സൂര്യ കുറിച്ചു. സംവിധായകൻ ജിയോ ബേബി, നടൻ മമ്മൂട്ടി, ജ്യോതിക തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരൻ, പോൾസൺ സ്‌കറിയ എന്നിവരെയും സൂര്യ പുകഴ്ത്തി. എന്തൊരു പുരോഗമന സിനിമയാണ് കാതലെന്നും ഈ മനോഹരമായ ടീമിന് അഭിനന്ദനങ്ങളെന്നും സൂര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

സൂര്യയുടെ പോസ്റ്റിന്റെ പൂർണരൂപം :

സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ, കാതൽ ദി കോർ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കുന്നു, എന്തൊരു പുരോഗമന സിനിമ, ഈ മനോഹരമായ ടീമിന് അഭിനന്ദനങ്ങൾ. നല്ല സിനിമയോടുള്ള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി. ജിയോ ബേബിയുടെ നിശബ്ദ ഷോട്ടുകൾ പോലും നിരവധി കാര്യങ്ങൾ സംസാരിച്ചു, എഴുത്തുകാർ ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ ഈ ലോകം ഞങ്ങൾക്ക് കാണിച്ചുതന്നതിന്! സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന, ജ്യോതിക !!! അതിമനോഹരം

കഴിഞ്ഞ ദിവസം കാതലിനെ പുകഴ്ത്തി നടി സമന്തയും രംഗത്തെത്തിയിരുന്നു. ഈ വർഷത്തെ മികച്ച സിനിമയാണ് കാതലെന്നും മമ്മൂട്ടി സാർ ആണെന്റെ ഹീറോ, ഈ പ്രകടനത്തിൽ നിന്ന് പുറത്തുകടക്കാൻ തനിക്ക് ഒരുപാട് കാലം വേണ്ടിവരുമെന്നും സമന്ത കുറിച്ചു. മനോഹരവും കരുത്തുറ്റതുമായ സിനിമ എല്ലാവരും കാണണമെന്നും മമ്മൂട്ടിയെയും ജ്യോതികയേയും സംവിധായകൻ ജിയോ ബേബിയെ പ്രശംസിക്കുകയും തന്റെ ഇൻസ്റ്റാഗ്രാമിലൂടെ സമാന്ത ചെയ്തു.

ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കാതൽ. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. ചിത്രത്തിനും മമ്മൂട്ടിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മുത്തുമണി, ജോജി ജോൺ, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ , ജോസി സിജോ, ആദര്‍ശ് സുകുമാരന്‍, അലക്സ് അലിസ്റ്റർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡി എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം തിയറ്ററുകളിലെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം മാത്യൂസ് പുളിക്കൻ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in