
ഭ്രമയുയുഗം എന്ന സിനിമയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരിക്കുന്നത് ജെൻ സി പ്രേക്ഷകരാണ് എന്ന് തിയറ്റർ ഉടമ സുരേഷ് ഷേണായി. ഭ്രമയുയുഗം പോലൊരു സിനിമ 10 വർഷം മുമ്പ് നമുക്ക് സങ്കൽപ്പിച്ച് നോക്കാൻ പോലും സാധിക്കില്ല. ജെൻ സി എന്നുപറയുന്ന ക്യാറ്റഗറിക്ക് ഡാൻസും പാട്ടും മാത്രമല്ല വേണ്ടത്, നല്ല കണ്ടന്റ് വന്നാൽ ആദ്യം ടിക്കറ്റെടുക്കുന്നത് അവരാണ് എന്നും സുരേഷ് ഷേണായി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സുരേഷ് ഷേണായിയുടെ വാക്കുകൾ
കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി ഇന്ത്യയിൽ സർവൈവ് ചെയ്യുന്ന ഒരേയൊരു ഇന്റസ്ട്രി മലയാളം മാത്രമേ ഉള്ളൂ. അതായത്, ചെറിയ സിനിമകൾ വിജയം കൈവരിക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ മുന്നിൽ മലയാളം തന്നെയായിരിക്കും. അതുകഴിഞ്ഞേ തമിഴൊക്കെ വരുന്നുള്ളൂ. കാരണം, നല്ല സബ്ജെക്ടുകൾ ഇവിടെയാണ് ഏറ്റവും കൂടുതൽ വരുന്നത് എന്നതുകൊണ്ടാണ്. ഹിറ്റായ സിനിമകളിൽ കൂടുതലും ചെറിയ കാസ്റ്റുമായി വന്ന സിനിമകൾ തന്നെയാണ്. മാത്രമല്ല, അതിന്റെ ക്രൂ മുഴുവൻ യങ്ങാണ്. അതിന്റെ ഒരു എഫക്ടാണ് ഫ്രഷ് കണ്ടന്റുകൾ മാർക്കറ്റിൽ വരുന്നതിന് കാരണം. അതിന് ബഡ്ജറ്റ് ഒന്നും വലിയ വിഷയമല്ല.
ഒരു ഉദാഹരണം പറയാം. ഭ്രമയുയുഗം പോലൊരു സിനിമ 10 വർഷം മുമ്പ് നമുക്ക് ഇമാജിൻ ചെയ്യാൻ പോലും സാധിക്കില്ല. അത് സൂപ്പർ ഹിറ്റായിരുന്നു. അതിന്റെ മേക്കിങ് കാരണം ഇവിടത്തെ യങ്ങർ ജനറേഷൻ തിയറ്ററിലേക്ക് ഒഴുകുകയായിരുന്നു. ജെൻ സി എന്നുപറയുന്ന ക്യാറ്റഗറിക്ക് ഡാൻസും പാട്ടും മാത്രമല്ല, നല്ല കണ്ടന്റ് വന്നാൽ ആദ്യം ടിക്കറ്റെടുക്കുന്നത് അവരാണ്. ഭ്രമയുയുഗത്തിന്റെ വിജയത്തിന്റെ വലിയ പങ്കും പുതിയ കുട്ടികൾക്കാണ് കൊടുക്കേണ്ടത്.