സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ കൺവീൻസിംഗ് സ്റ്റാർ ആണ്. പല തരത്തിൽ കൺവീൻസ് ചെയ്യുന്ന മനുഷ്യരെ ലക്ഷ്യം വച്ചു കൊണ്ട് സുരേഷ് കൃഷ്ണയുടെ മീംസും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. ക്രിസ്റ്റ്യൻ ബ്രദേഴ്സിലെ നീ പൊലീസിനെ പറഞ്ഞ് മനസ്സിലാക്ക് ഞാൻ വക്കീലുമായി വരാം എന്ന ഒറ്റ ഡയലോഗിൽ ട്രോൾ ലോകത്ത് ഇടം പിടിച്ചിരുന്ന സുരേഷ് കൃഷ്ണ് തുടർച്ചായി ചെയ്യുന്ന കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകൾ മൂലം ഇന്ന് കൺവീൻസിംഗ് സാറ്റാറായി സോഷ്യൽ മീഡിയ ഭരിക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ കൺവീൻസിംഗ് സ്റ്റാറായി വൈറലായത് ആദ്യം താൻ അറിഞ്ഞിരുന്നില്ലെന്നും ട്രോളുകളും തമാശയും കണ്ട് വീട്ടുകാരടക്കം ആസ്വദിച്ചിട്ടുണ്ടെന്നും സുരേഷ് കൃഷ്ണ പറയുന്നു. കഥാപാത്രങ്ങളുടെ ഇത്തരത്തിലുള്ള സമാനതകൾ ശ്രദ്ധിച്ചിരുന്നില്ല എന്നും ഇത് ആദ്യമായി കണ്ട് പിടിച്ച വ്യക്തിക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും സുരേഷ് കൃഷ്ണ മനോരമ ഓൺലൈനിനോട് പറഞ്ഞു. ഒരു ചതിയന്റെ വിജയം എന്ന ക്യപ്ഷനോടെ തന്റെ പേരിൽ വരുന്ന സോഷ്യൽ മീഡിയ ട്രോളുകളെയും തമാശകളെയും സ്വാഗതം ചെയ്യുന്നുമുണ്ട് സുരേഷ് കൃഷ്ണ.
സുരേഷ് കൃഷ്ണ പറഞ്ഞത്:
ഞാൻ സോഷ്യൽ മീഡിയയിൽ സജീവമായ ആളല്ല. ഇൻസ്റ്റയൊക്കെ വല്ലപ്പോഴും മാത്രമാണ് നോക്കാറുള്ളത്. അതുകൊണ്ടു തന്നെ ഇത്തരമൊരു സംഗതി വൈറലായത് ആദ്യം അറിഞ്ഞിരുന്നില്ല. മരണമാസ് എന്ന സിനിമയുടെ സെറ്റിലാണ് ഇപ്പോഴുള്ളത്. ആ സെറ്റിൽ പുതുതലമുറയിൽപ്പെട്ട ഒരുപാടുപേരുണ്ട്. അവരാണ് ഇൻസ്റ്റയിൽ പോസ്റ്റുകൾ വൈറലായത് ആദ്യം കാണിച്ചുതന്നത്. രാത്രിയിലാണ് ഷൂട്ടിങ്. രാവിലെ ആറുവരെയൊക്കെ ഷൂട്ട് പോവും. പകൽ ഉറക്കത്തിലാണ്. എഴുന്നേൽക്കുമ്പോൾ മുതൽ വാട്‌സാപ്പിൽ ലിങ്കുകളുടെ പെരുമഴയാണ്. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ഫോണിൽ ഓരോ ലിങ്കുകൾ അയച്ച് തന്നു. എല്ലാ ട്രോളുകളും ഞാൻ ആസ്വദിച്ചു. തമാശ കണ്ട് ചിരിച്ചു. വീട്ടുകാരും ഇതൊക്കെ ആസ്വദിക്കുന്നുണ്ട്. ഏറെക്കാലം മുൻപ് അഭിനയിച്ച കഥാപാത്രങ്ങളാണ് ഇപ്പോൾ വൈറലായത്. അന്നൊക്കെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അടുത്ത സിനിമയിലേക്ക് പോവുകയായിരുന്നു. സമാനതകളൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഇക്കാര്യം ആദ്യമായി കണ്ടുപിടിച്ച വ്യക്തിക്കാണ് അഭിനന്ദനം.