
ഉച്ചാരണശുദ്ധി ഇല്ലാത്തതുകൊണ്ട് വടക്കൻ വീരഗാഥയുടെ ഡബ്ബിങ് സമയത്ത് എം.ടി. വാസുദേവൻ നായർ തന്നെ വെള്ളം കുടിപ്പിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി. ഭാര്യ എന്നത് എങ്ങനെ പറയണം എന്നൊക്കെ തന്നെ എം.ടി. ഇരുത്തി പഠിപ്പിച്ച് തന്നിരുന്നു. പിന്നീട് രൺജി പണിക്കർ കൂടി തന്റെ സിനിമാ ജീവിതത്തിലേക്ക് കയറി വന്നപ്പോൾ ഒരു ശബ്ദപ്രഷാളനം സംഭവിക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകൾ
എന്റെ ഉച്ചാരണം വളരെ മോശമായിരുന്നു, ഇപ്പോൾ കാണുന്നത് പോലെയേ ആയിരുന്നില്ല. വടക്കൻ വീരഗാഥയുടെ സമയത്ത് എം.ടി. വാസുദേവൻ നായർ എന്നെ അക്കാരണത്താൽ ശരിക്കും വെള്ളം കുടിപ്പിച്ചു. ഉച്ചാരണത്തില്‍ എനിക്ക് വലിയ പിഴവുകൾ പറ്റാറുണ്ടായിരുന്നു. ബാര്യ എന്നായിരുന്നു ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. ഡബ്ബിങ് സ്യൂട്ടിൽ ഇരുന്ന് അദ്ദേഹം എന്നെ നിർത്തി പൊരിച്ചു. ബാര്യ അല്ല, ഭാര്യ എന്ന് പറയണം എന്ന് പറഞ്ഞുതന്നു. പിന്നെ, ഒരുപാട് വാക്കുകൾ ഇത്തരത്തിൽ പഠിപ്പിച്ച് തന്നു. പിന്നെ ഞാൻ അതുമായി പൊരുത്തപ്പെട്ട് പോവുകയായിരുന്നു. പിന്നീട് സിനിമാ ജീവിതത്തിലേക്ക് രൺജി പണിക്കർ കൂടി വന്നതോടെ ഞാൻ ആകെ മാറി. അദ്ദേഹം എന്നെ ശബ്ദപ്രഷാളനം നടത്തി. കീറി മുറിച്ച്, ഓരോ ശബ്ദവും തൊണ്ടയുടെ ഏത് ഭാഗത്ത് നിന്ന് വരണം എന്ന് പോലും പറഞ്ഞ് തന്ന് എന്നെ വല്ലാതെ ട്രെയിൻ ചെയ്തു. അത് എന്നെക്കൊണ്ട് സാധിക്കും എന്ന് മനസിലാക്കിയപ്പോൾ, മലയാള സിനിമയിൽ ഇതുവരെ ഉപയോഗിക്കാത്ത ചില വാക്കുകളും പ്രയോഗങ്ങളും എനിക്ക് തരാൻ തുടങ്ങി.
എന്റെ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട വ്യക്തി സംവിധായകൻ ജോഷിയാണ്. അദ്ദേഹം ഒരു ഇമോഷണൽ ബീസ്റ്റാണ്. ഒരു സിനിമ കാണുമ്പോൾ, ആ സീൻ നമ്മളെ കരയിപ്പിക്കുമെങ്കിൽ ജോഷിയുടെ നെഞ്ച് പൊട്ടിക്കും. പല തവണയും കട്ട് വിളിക്കുന്നത് അദ്ദേഹം കണ്ണ് തുടച്ച് കൊണ്ടായിരിക്കും. എത്രയോ തവണ ഞാനത് നേരിൽ കണ്ടിട്ടുണ്ട്. സുരേഷ് ഗോപി പറഞ്ഞു.