ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. . മാധ്യമങ്ങളുടെ മുന്നിൽ വച്ച് വാത്സല്യത്തോടെയാണ് പെൺകുട്ടിയോട് പെരുമാറിയത് എന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം. ഏതെങ്കിലും രീതിയിൽ പെരുമാറ്റം ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ മാധ്യമപ്രവർത്തകയും കെയുഡബ്ല്യുജെയും പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകും.
സുരേഷ് ഗോപിയുടെ പോസ്റ്റ്:
മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്.ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല.
എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം..
ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു
SORRY.
വിഷയം സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാവുകയും സുരേഷ് ഗോപിക്കെതിരെ വ്യാപകമായി വിമർശനം ഉയരുകയും ചെയ്തിരുന്നു. സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് പറയണമെന്നും മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും കെയുഡബ്ല്യുജെ അറിയിച്ചിരുന്നു. തൊഴിൽ എടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിത്. എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയം ആണെന്നും മാധ്യമപ്രവർത്തകയ്ക്കൊപ്പം യൂണിയൻ ഉറച്ചുനിൽക്കുമെന്നും കെയുഡബ്ല്യുജെ അറിയിച്ചു.
വെള്ളിയാഴ്ച കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി ചോദ്യം ചോദിച്ച മീഡിയവൺ കോഴിക്കോട് ബ്യുറോയിലെ സ്പെഷ്യൽ കറസ്പോണ്ടന്റിന്റെ തോളിൽ കെെ വച്ചത്. തോളിൽ വച്ച കെെ അപ്പോൾ തന്നെ മാധ്യമപ്രവർത്തക തട്ടിമാറ്റിയിരുന്നു. ഇത് ആവർത്തിച്ചപ്പോൾ വീണ്ടും തട്ടിമാറ്റുന്നുണ്ട്. സുരേഷ് ഗോപിക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വനിത കമ്മീഷനിലും പരാതി നൽകുമെന്നും മറ്റു നിയമ നടപടികൾ സ്വീകരിക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ അറിയിച്ചിരുന്നു.