'അമ്മ' എന്ന പേര് സംഘടനയ്ക്കിട്ടത് മുരളി ചേട്ടൻ, അതങ്ങനെ തന്നെ വേണം ഉച്ചരിക്കാൻ; 'അമ്മ' കുടുംബസംഗമത്തിൽ സുരേഷ് ഗോപി

'അമ്മ' എന്ന പേര് സംഘടനയ്ക്കിട്ടത് മുരളി ചേട്ടൻ, അതങ്ങനെ തന്നെ വേണം ഉച്ചരിക്കാൻ; 'അമ്മ' കുടുംബസംഗമത്തിൽ സുരേഷ് ഗോപി
Published on

താരസംഘടനയ്ക്ക് 'അമ്മ' എന്ന പേരിട്ടത് നടൻ മുരളി ആണെന്നും അങ്ങനെ തന്നെയാണ് ആ വാക്ക് ഉച്ചരിക്കേണ്ടതെന്നും സംഘടനയുടെ കുടുംബ സംഗമത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സംഘടനയ്ക്ക് പുറത്തുള്ള മുതലാളിമാർ പറയുന്നത് സമ്മതിച്ചുകൊടുക്കേണ്ടതില്ല. തങ്ങൾക്ക് സംഘടന എന്നും അമ്മയാണെന്ന് യോഗത്തിൽ സുരേഷ് ഗോപി പറഞ്ഞു. അടുത്തിടെ 'എ. എം. എം. എ' എന്ന തരത്തില്‍ പലരും സംഘടനയെ വിശേഷിപ്പിക്കുന്നത് ചർച്ച ചെയ്യപ്പെട്ടിരുന്നു. സംഘടനയിൽ നിലവിൽ പ്രവർത്തിക്കുന്ന അഡ്‌ഹോക്ക് കമ്മിറ്റിയാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംഘടന ഭാരവാഹികൾക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ ഓഗസ്റ്റിൽ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടിരുന്നു.

സുരേഷ് ഗോപി പറഞ്ഞത്

'അമ്മ എന്ന പേര് സംഘടനയ്ക്ക് നൽകിയത് സ്വർഗീയനായ മുരളിയാണ്. നമ്മുടെയെല്ലാം മുരളി ചേട്ടൻ. അതങ്ങനെ തന്നെയാണ് ഉച്ചരിക്കപ്പെടേണ്ടത്. പുറത്തുള്ള മുതലാളികൾ പറയുന്നത് നമ്മൾ അനുസരിക്കില്ല. എ. എം. എം. എ എന്നത് അവരുടെ വീട്ടിൽ പോയി വിളിച്ചാൽ മതി. ഞങ്ങൾക്ക് അമ്മയാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ ഭിന്നത രൂക്ഷമായിരുന്നു. ലൈംഗിക ആരോപണത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞ സിദ്ധിഖിന് പകരം ജോയിന്റ് സെക്രട്ടറി ബാബു രാജിന് ചുമതല നൽകാനായിരുന്നു തീരുമാനം. എന്നാൽ ബാബു രാജിന് നേരെ കൂടെ ആരോപണം വന്ന അടിസ്ഥാനത്തിൽ ആ ചുമതല നൽകാൻ പാടില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാൽ പ്രസിഡന്റായ കമ്മിറ്റി പിരിച്ചു വിട്ടത്. നിലവിലെ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അഡ്‌ഹോക്ക് കമ്മിറ്റിയാണ്.

അതേസമയം, ഒറ്റക്കൊമ്പന്‍ ആണ് സുരേഷ് ഗോപിയുടേതായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തലസ്ഥാനത്ത് വച്ചായിരുന്നു ഷൂട്ടിങ്ങിന് തുടക്കമായത്. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, മേഘന രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in