മിണ്ടാതെയിരിക്കുന്നത് നീതിയല്ല, കരിയറിനെ ബാധിക്കും എങ്കിൽ ബാധിക്കട്ടെ, സൂരജ് സന്തോഷ് പ്രതികരിക്കുന്നു

മിണ്ടാതെയിരിക്കുന്നത് നീതിയല്ല, കരിയറിനെ ബാധിക്കും എങ്കിൽ ബാധിക്കട്ടെ,  സൂരജ് സന്തോഷ് പ്രതികരിക്കുന്നു

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയെ പിന്തുണച്ചുള്ള ​ഗായിക കെ.എസ് ചിത്രയുടെ ആഹ്വാനത്തെ വിമർശിച്ചതിന് കടുത്ത സൈബർ ആക്രമണം നേരിടുന്നതായി ​ഗായകൻ സൂരജ് സന്തോഷ്. പോപ്പുലർ ഫ്രണ്ട് ചാരനാണെന്നും ജനം ടിവിയിൽ നിന്ന് അഡ്വാൻസ് വാങ്ങി എന്നും പിന്നീട് അവർ തന്നെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ​ഗായിക കെ.എസ് ചിത്രയെ അല്ല അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കാര്യത്തിൽ അവർ സ്വീകരിച്ച നിലപാടിനെയാണ് വിമർശിച്ചതെന്നും സൂരജ്.

ചിത്രയുടെ നിലപാട് എങ്ങനെയാണ് നിഷ്കളങ്കമാകുന്നത്, വിമർശനങ്ങളിൽ ഭയമില്ല

ബാബ്റി മസ്ജിദ് തകർത്ത ശേഷം അവിടെ ക്ഷേത്രം പണിതുയർത്തിയതിനെ എല്ലാവരും പിന്തുണക്കണമെന്ന് പറയുന്നത് എങ്ങനെയാണ് നിഷ്കളങ്കമാകുന്നത്. കെ.എസ് ചിത്രയെ പോലെ സ്വീകാര്യതയുള്ള ഒരാൾ പറയുന്നത് സാധാരണമായി കരുതാനാകില്ല. ചിത്രയെന്ന വ്യക്തിയെ അല്ല ഞാൻ വിമർശിച്ചത്. അവർ എടുത്ത നിലപാടിനെയാണ്. ഇപ്പോൾ കെ എസ് ചിത്രയുടെ നിലപാടിനെതിരെ ഞാൻ പറഞ്ഞതുകൊണ്ട് എന്നെക്കുറിച്ചും എന്റെ വീട്ടുകാരെക്കുറിച്ചും മോശമായ കാര്യങ്ങളും ഇല്ലാക്കഥകളുമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. എന്നെ ഭീഷണിപ്പെടുത്തിയും ഞാൻ പി എഫ് ഐ ചാരൻ ആണെന്നും, ജനം ടിവിയിൽ നിന്ന് അഡ്വാൻസ് വാങ്ങിയെന്നും പിന്നീട് അവർ തന്നെ പരിപാടി ക്യാൻസൽ ചെയ്തെന്നുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്, ബുക്ക് ചെയ്യാത്ത ഒരു പരിപാടി എങ്ങനെയാണ് ക്യാൻസൽ ചെയ്യുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത്. ഞാൻ അങ്ങനെ ഒരു തുക വാങ്ങിയിട്ടും ഇല്ല, പങ്കെടുത്തിട്ടും ഇല്ല, അത്തരമൊരു പ്രോഗ്രാമിൽ ഇനി പങ്കെടുക്കുകയും ഇല്ല, ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ഒക്കെ എനിക്കെതിരെ അവർ പ്രചരിപ്പിക്കുന്നുണ്ട്. എന്റെ വീട്ടുകാരെ അടക്കം തെറി വിളിക്കുന്നു. പുറത്ത് പറയാൻ പോലും പറ്റാത്ത കാര്യങ്ങൾ എന്നെയും എന്റെ വീട്ടുകാരെയും കുറിച്ച് പറയുന്നു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് എന്റെ തീരുമാനം. മൗലികമായി ചിന്തിക്കുന്നവരാരും ചിത്രയുടെ പരാമർശത്തെ അത് വളരെ നിഷ്‌കളങ്കമായിട്ടാണ് പറഞ്ഞതെന്ന് പറയുന്നതിനോട് യോജിക്കില്ല. അത്ര നിഷ്കളങ്കമായ നിലപാടും അല്ല അത്. എന്റെ കരിയറിനെ ഈ വിമർശനം ബാധിക്കുമോയെന്ന് എനിക്ക് അറിയില്ല, ബാധിക്കുകയാണെങ്കിൽ ബാധിക്കട്ടെയെന്ന് തന്നെയാണ് പറയാനുള്ളത്. മിണ്ടാതെയിരിക്കുന്നത് നീതിയല്ല. ഞാൻ ഒരു യാത്രയിലായിരുന്നു. ഇന്നാണ് തിരിച്ച് എത്തിയത്. ഒരു അഡ്വക്കേറ്റുമായി സംസാരിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം എല്ലാവരും വിളക്ക് തെളിയിച്ചും നാമം ജപിച്ചും ആഘോഷിക്കണമെന്നാണ് കഴിഞ്ഞ ദിവസം വീഡിയോയിലൂടെ കെ എസ് ചിത്ര പറഞ്ഞത്. തുടർന്ന് വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത മനപൂർവ്വം മറക്കുന്നു എന്നും വി​ഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഒരോന്നായ് എന്നുമായിരുന്നു ഇതിനെതിരെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ സൂരജ് സന്തോഷ് പ്രതികരിച്ചത്

Related Stories

No stories found.
logo
The Cue
www.thecue.in