'കുറെയേറെ കഷ്ടപ്പെട്ടു, പക്ഷെ തോൽക്കാൻ തയ്യാറായിരുന്നില്ല'; കല്യാണിയുടെ ഹാർഡ് വർക്ക് അത്ഭുതപ്പെടുത്തിയെന്ന് സുരഭി ലക്ഷ്മി

'കുറെയേറെ കഷ്ടപ്പെട്ടു, പക്ഷെ തോൽക്കാൻ തയ്യാറായിരുന്നില്ല'; കല്യാണിയുടെ ഹാർഡ് വർക്ക് അത്ഭുതപ്പെടുത്തിയെന്ന് സുരഭി ലക്ഷ്മി

മനു സി. കുമാർ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ശേഷം മെെക്കിൽ ഫാത്തിമ'. ചിത്രത്തിൽ മലപ്പുറത്തുകാരിയായ ഫുട്ബോൾ കമന്റേറ്ററായ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടി മലപ്പുറം ഭാഷ സംസാരിക്കാൻ കല്യാണി എടുത്ത പരിശ്രമത്തെക്കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. ചിത്രത്തിന് വേണ്ടി മലപ്പുറം ഭാഷ ശെെലിയിൽ കല്യാണിയെ ഡബ്ബ് ചെയ്യാൻ സഹായിച്ചത് നടി സുരഭി ലക്ഷ്മിയാണ്. തുടക്കത്തിൽ കല്യാണി വളരെയധികം കഷ്ടപ്പെട്ടു എന്നും എന്നാൽ തോൽക്കാൻ തയ്യാറാവാതിരുന്ന അവർ മൂന്ന് നാല് ദിവസം കൊണ്ട് മലയാളവും മലബാറും പഠിച്ചെടുക്കുവാൻ കാണിച്ച ഹാർഡ് വർക്ക് തന്നെ അത്ഭുതപ്പെടുത്തിയെന്നും പോസ്റ്റിൽ സുരഭി ലക്ഷ്മി പറയുന്നു. ഡബ്ബിങ്ങിനിടയിൽ എടുത്ത രസകരമായ കല്യാണിയുടെ വീഡിയോയും സുരഭി ലക്ഷ്മി ഒപ്പം പങ്കുവച്ചിട്ടുണ്ട്.

സുരഭി ലക്ഷ്മിയുടെ പോസ്റ്റ്:

ഹലോ ചേച്ചി കല്യാണിയാണ്, ഞാൻ അഭിനയിച്ച "ശേഷം മൈക്കിൾ ഫാത്തിമ "എന്ന സിനിമയിൽ മലബാർ സ്ലാങ്ങ് ആണ്. എന്നെ ഡബ്ബ് ചെയ്യാൻ ഒന്ന് ഹെൽപ്പ് ചെയ്യുമോ?

അയ്യോ കല്യാണി,ഞാൻ എനിക്ക് ഡബ്ബ് ചെയ്യന്നല്ലാതെ, ഇതുവരെ അങ്ങനെയൊന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞപ്പോഴേക്കും,

"ചേച്ചി എന്റെ മലയാളം ഓർത്ത് പേടിക്കേണ്ട, എസ്രയും, സഹയും (അസിസ്റ്റന്റ് ഡയറക്ടേഴ്സ്) പറഞ്ഞതുപോലെ ഞാൻ കുറച്ചൊക്കെ മലയാളത്തിൽ സ്ലാങ് പിടിച്ചിട്ടുണ്ട്, ബാക്കി ചേച്ചി ശരിയാക്കി തരണം, എത്ര കഷ്ടപ്പെടാനും ഞാൻ റെഡിയാണ്, എനിക്ക് തന്നെ ഈ സിനിമയിൽ ഡബ്ബിങ് ചെയ്യണം എന്നുള്ള ആഗ്രഹം കൊണ്ടാണ്.

എങ്കിൽ ഓക്കേ, മലബാർ സ്ലാങ്ങ് ആളുകൾ കളിയാക്കുന്നത് പോലെയല്ല.ആ സ്ലാങ്ങ് നാവിൽ വഴങ്ങി വരണം എന്നുണ്ടെങ്കിൽ കുറച്ച് പാടാണ്. പല നടന്മാരും അത് ചെയ്യുമ്പോൾ കൊഞ്ഞിപ്പാണ് വരാറ്.അത് കിട്ടിക്കഴിഞ്ഞാൽ കേരളത്തിലെ ഏത് സ്ലാങ്ങും ചെയ്യാൻ പറ്റും. സ്നേഹം കൂടുമ്പോ അക്ഷരം കുറയുന്ന ഒരു സ്ലാങ് ആണ്. എന്തായാലും നമുക്ക് ശ്രമിച്ചു നോക്കാം

ARM MOVIE schedule breakil രണ്ടുതവണയായി ഞാനും Director മനു, Assistant ഭഗത്തും ചെന്നൈയിൽ പോയി ലിസി ലക്ഷ്മി സ്റ്റുഡിയോയിൽ സൗണ്ട് എൻജിനീയർ ശിവ അണ്ണനോടൊത്ത് ഞങ്ങൾ അംങ്കം കുറിച്ചു. ക്ലൈമാക്സിലെ ഏതാനും സീനുകളും, 3,4, വേറെ സീനുകളും ഒഴിച്, ബാക്കിഎല്ലാം ഞങ്ങൾ രസകരമായി ചെയ്തു. മറ്റൊരുതരത്തിൽ ഒരു ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് എനിക്കും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി.

തുടക്കത്തിൽ കുറെയേറെ കഷ്ടപ്പെട്ടു , പക്ഷെ അവർ തോൽക്കാൻ തയ്യാറായിരുന്നില്ല, മൂന്ന് നാല് ദിവസം കൊണ്ട് മലയാളവും മലബാറും പഠിച്ചെടുക്കുവാൻ അവർ കാണിച്ച hardwork എന്നെ അത്ഭുതപ്പെടുത്തി.

ഡബ്ബിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ പിറ്റേന്നത്തെ ദിവസം ചെയ്യാനുള്ള സീനുകൾ ഇരുന്ന് പഠിക്കാനും, രാവിലെ "ചേച്ചി അത് ഒന്നുകൂടി പറഞ്ഞു തരുമോ എന്ന് ചോദിച്ചു പ്രാക്ടീസ് ചെയ്യും.

"ര " "റ" "ശ" , "ഷ" യും "യ" , "ഴ" യും ഒരുപാട് കല്യാണിയെ കഷ്ടപ്പെടുത്തി, തളരാൻ അവർ തയ്യാറായില്ല,... ഒരു നടി എന്ന നിലയ്ക്ക് കല്യാണിക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി അവർ ചെയ്തിട്ടുണ്ട്, വളരെ സന്തോഷം തോന്നുന്നു കല്യാണി,

ഒരു actress തന്റെ boundaries പൊളിച്ചെറിഞ്ഞു കൊണ്ടേയിരിക്കണം, കല്യാണിക്ക് ഇനിയും ഇനിയും അതിന് സാധിക്കട്ടെ,

ശേഷം മൈക്കിൾ ഫാത്തിമ അതിന് ഒരു വലിയ തുടക്കമാവട്ടെ.

സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in