സുജാതക്ക് നൽകേണ്ട ദേശീയ അവാർഡ് ശ്രേയാ ഘോഷാലിന് നൽകി, ദേശീയ അവാർഡിലെ അട്ടിമറി വെളിപ്പെടുത്തി സിബി മലയിൽ

സുജാതക്ക് നൽകേണ്ട ദേശീയ അവാർഡ് ശ്രേയാ ഘോഷാലിന് നൽകി, ദേശീയ അവാർഡിലെ അട്ടിമറി വെളിപ്പെടുത്തി സിബി മലയിൽ

മോഹൻലാലിന്റെ 'പരദേശി' എന്ന ചിത്രത്തിലെ 'തട്ടം പിടിച്ച് വലിക്കല്ലേ..' എന്ന ​ഗാനത്തിന് ​ഗായിക സുജാത മോഹന് ദേശീയ അവാർഡ് നൽകാൻ അവാർഡ് സമിതി തീരുമാനിച്ചതായിരുന്നു എന്ന് സംവിധായകൻ സിബി മലയിൽ. എന്നാൽ അന്നത്തെ ഫെസ്റ്റിവൽ ഡയറക്ടർ മുൻ കെെ എടുത്ത് അവാർഡ് തിരുത്തുകയായിരുന്നു എന്ന് സിബി മലയിൽ വെളിപ്പെടുത്തി. ഉച്ചഭക്ഷണത്തിനെത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവൽ ഡയറക്ടർ ആർക്കാണ് മികച്ച ​ഗായികയ്ക്കുള്ള അവാർഡ് എന്ന് ചോദിക്കുകയും സുജാതയുടെ പേര് കേട്ടപ്പോൾ ‘ജബ് വി മെറ്റ്’ എന്ന ചിത്രത്തിലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടില്ലേ എന്ന് ചോദിക്കുകയും ചെയ്തു എന്ന് സിബി മലയിൽ പറയുന്നു. തുടർന്ന് അദ്ദേഹം തന്നെ മുൻകെെ എടുത്ത് പാട്ടിന്റെ കാസറ്റ് കൊണ്ടു വന്ന് അം​ഗങ്ങളെ കേൾപ്പിക്കുകയും അവാർഡ് തിരുത്തുകയുമായിരുന്നു എന്ന് സിബി മലയിൽ പറഞ്ഞു. ജൂറിക്ക് രഹസ്യസ്വഭാവമുണ്ടെങ്കിലും കാലം കുറേയായതുകൊണ്ടാണ് ഇപ്പോൾ ഈ വിവരം പുറത്ത് പറയുന്നത് എന്നും സിബി മലയിൽ കൂട്ടിച്ചേർത്തു. സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംഭാവനകൾ മുൻനിർത്തി സുഹൃത്തുകൾ സംഘടിപ്പിച്ച ‘പി.ടി. കലയും കാലവും’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിബി മലയിൽ‌ പറഞ്ഞത്:

ഛായാഗ്രാഹകൻ സണ്ണി ജോസഫും ഞാനുമാണ് ആ ജൂറിയിലുണ്ടായിരുന്ന മലയാളികൾ. പരദേശിക്ക് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാർഡ് കിട്ടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുകയും അതിനായി ശക്തമായി വാദിക്കുകയും ചെയ്തു. സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാർഡ് സമിതി തീരുമാനിച്ച് എഴുതിയതായിരുന്നു. എന്നാൽ, ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവൽ ഡയറക്ടർ ആർക്കാണ് ഗായികയ്ക്കുള്ള അവാർഡ് എന്ന് ചോദിച്ചു. സുജാതയ്ക്കെന്ന് അറിഞ്ഞപ്പോൾ ‘ജബ് വി മെറ്റി’ലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടിട്ടില്ലേയെന്ന് ചോദിച്ചു. അദ്ദേഹം മുൻകൈയെടുത്ത് വീഡിയോ കാസറ്റ് കൊണ്ടുവന്ന് പ്രദർശിപ്പിച്ച് അവാർഡ് തിരുത്തിക്കുകയായിരുന്നു. ജൂറിക്ക് രഹസ്യസ്വഭാവമുണ്ടെങ്കിലും കാലം കുറേയായതുകൊണ്ടാണ് ഇപ്പോൾ ഈ വിവരം പുറത്തുപറയുന്നത്. അന്ന് മോഹൻലാലിന് പകരം ഷാരൂഖ് ഖാന് മികച്ചനടന് അവാർഡ് കൊടുത്തൂടെയെന്നും എന്നാൽ, അവാർഡ്ദാന പരിപാടി കൊഴുക്കുമെന്നും ചെയർമാൻ പറഞ്ഞിരുന്നു. ഉത്തരേന്ത്യക്കാരരോട് മത്സരിച്ച് മലയാള സിനിമാപ്രവർത്തകർ അവാർഡുകൾ നേടുന്നതുതന്നെ വലിയസംഭവമാണ്.

1975ൽ പുറത്തിറങ്ങിയ ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിന് വേണ്ടി പാടിയാണ് സുജാത പിന്നണി ഗാനരംഗത്ത് എത്തുന്നത്. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമായി ഏകദേശം പതിനായിരത്തിലധികം ഗാനങ്ങൾ പാടിയ സുജാത, മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം നാല് തവണയും തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം മൂന്ന് തവണയും സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ സുജാതയ്ക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in