'ആ ഡയലോഗ് ഇനി എത്ര സിനിമയിലഭിനയിച്ചാലും ഞാൻ മറക്കില്ല', സുബീഷ് സുധി ഇനി നായകൻ

Subeesh Sudhi
Subeesh Sudhi

‌ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥയിൽ ശ്രീനിവാസൻ അവതരിപ്പിച്ച ക്യൂബ മുകുന്ദൻ ഉശിരോടെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുമ്പോൾ അതിനേക്കാൾ ആവേശത്തിൽ പാർട്ടി മുദ്രാവാക്യം ചൊല്ലിക്കൊടുക്കുന്നൊരു കഥാപാത്രമുണ്ട്. ലാൽ ജോസിന്റെ തന്നെ ക്ലാസ്മേറ്റ്സിലൂടെ മുവീക്യാമറക്ക് മുന്നിലെത്തിയ സുബീഷ് സുധി. ചെറുതും വലുതുമായ കാരക്ടർ റോളുകളിൽ നിന്ന് അഭിനയ ജീവിതത്തിലെ പതിനെട്ടാം വർഷത്തിൽ സുബീഷ് സുധി നായകനാവുകയാണ്. കഥ പറയുമ്പോൾ, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും, ടമാർ പടാർ, മറിയം മുക്ക്, ബിടെക് എന്നീ സിനിമകളിലെ സുബീഷിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Subeesh Sudhi
Subeesh Sudhi

ആദ്യമായി ഡയലോഗ് പറയുന്ന സിനിമ അറബിക്കഥയാണ്. ആ ഡയലോഗ് ഇനി എത്ര സിനിമയിലഭിനയിച്ചാലും മറക്കില്ലെന്ന് സുബീഷ് സുധി പറയുന്നു. മന്ത്രിയായാലും തന്ത്രിയായാലും തെറ്റ് ചെയ്തവൻ ശിക്ഷയനുഭവിക്കും എന്നതായിരുന്നു ആ ഡയലോഗ്. സിനിമാ മോഹത്തിന്റെ 18 വർഷത്തിലെത്തിനിൽക്കുമ്പോൾ ഒരു സിനിമയിൽ നായകനാവുന്നുവെന്നത് ആഹ്ലാദിപ്പിക്കുന്ന കാര്യമാണെന്നും സുബീഷ് സുധി. ​ഗുരു കൂടിയായ ലാൽ ജോസ് ആണ് ജനുവരിയിൽ സുബീഷ് സുധി നായകനാകുന്ന സിനിമയെക്കുറിച്ചുള്ള ആദ്യ പ്രഖ്യാപനം നടത്തിയിരുന്നത്.

എന്റെ കൗമാരകാലത്താണ് ഞാൻ സിനിമയിലേക്ക് വരുന്നത്.ആദ്യം മുഖം കാണിക്കാനുള്ള വെപ്രാളത്തിലായിരുന്നു. പിന്നെ ഒരു അര ഡയലോഗിനുവേണ്ടിയുള്ള ശ്രമം. അക്കാലത്ത് സിനിമ ഇന്നത്തെപ്പോലെ ഡിജിറ്റലായി മാറിയിട്ടില്ല. ഫിലിമിന്റെ റീലോട്ടത്തിലാണ് വെള്ളിത്തിര. ഓരോ സെക്കന്റിനും വിലയുള്ളകാലം. അധിക ടേയ്ക്കുകൾക്ക് മുഖം കറുക്കുന്ന നിർമ്മാതാക്കൾ അപ്പുറത്തിരിക്കുന്നുണ്ടാവും.3 സിനിമ കഴിഞ്ഞാണ് ഒരു ഡയലോഗ് എന്ന സ്വപ്നം പൂവണിയുന്നത്. ഞാൻ ആദ്യമായി ഡയലോഗ് പറയുന്ന സിനിമ അറബിക്കഥയാണ്. ആ ഡയലോഗ് ഇനി എത്ര സിനിമയിലഭിനയിച്ചാലും ഞാൻ മറക്കില്ല. മന്ത്രിയായാലും തന്ത്രിയായാലും തെറ്റ് ചെയ്തവൻ ശിക്ഷയനുഭവിക്കും എന്നതായിരുന്നു ആ ഡയലോഗ്. സിനിമ മോഹത്തിന്റെ 18 വർഷത്തിലെത്തിനിൽക്കുമ്പോൾ ഒരു സിനിമയിൽ ഞാൻ നായകനാവുന്നു. ശരിക്ക് പറഞ്ഞാൽ ഞാനല്ല നായകൻ. ആ സിനിമയുടെ കഥയാണ്. ഇത്രയും കാലം എന്നെകൂടെ നിർത്തിയ,എനിക്ക് വേഷം തന്ന സംവിധായകർ എന്റെ ജീവിതത്തെ ജ്വലിപ്പിച്ച സുഹൃത്തുക്കൾ എല്ലാവർക്കും സ്നേഹം..
സുബീഷ് സുധി

സുബീഷ് സുധി നായകനും ഷെല്ലി നായികയുമാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് നിസാം റാവുത്തർ,ടി വി രഞ്ജിത്ത് എന്നിവർ ചേർന്നാണ്. നിസാം റാവുത്തർ തിരക്കഥ,സംഭാഷണമെഴുതുന്നു. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജ​ഗന്നാഥൻ, ,ടി വി കൃഷ്ണൻ തുരുത്തി,കെ സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു. ഗൗരി ജി കിഷൻ,ലാൽ ജോസ്, വിനീത് വാസുദേവൻ, ,അജു വർഗീസ്,ജാഫർ ഇടുക്കി,ഗോകുൽ എന്നിവരാണ് മറ്റു താരങ്ങൾ.

സംഗീതം-അജ്മൽ ഹസ്ബുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നാഗരാജ്, പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ കല-ഷാജി മുകുന്ദ്, മേക്കപ്പ്-റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-അജി മസ്ക്കറ്റ്,പരസ്യക്കല-യെല്ലൊ ടൂത്ത്സ്, എഡിറ്റർ-ജിതിൻ ഡി കെ,ക്രിയേറ്റീവ് ഡയറക്ടർ-രഘുരാമവർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-എം എസ് നിതിൻ, അസോസിയേറ്റ് ഡയറക്ടർ-അരുൺ പി എസ്, അസിസ്റ്റന്റ് ഡയറക്ടർ-ശ്യാം,അരുൺ,അഖിൽ, ഫിനാൻസ് കൺട്രോളർ-വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-വിവേക്,പി ആർ ഒ- എ എസ് ദിനേശ്.

സുബീഷ് സുധിയെന്ന അഭിനയമോഹിയായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത് 2006ലാണ്. ക്ലാസ്മേറ്റ്‌സ് എന്ന എന്റെ സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ സുബീഷ് അവതരിപ്പിച്ചു. സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരിൽ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷ്. പിന്നീട് മലയാളത്തിൽ പല സംവിധായകരുടെ സിനിമകളിൽ സുബീഷ് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. സിനിമയിലേക്ക് പ്രവേശിച്ച് 16 വർഷങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നിൽക്കുകയാണ് സുബീഷ്. സുബീഷ് ആദ്യമായൊരു ചിത്രത്തിൽ നായകവേഷത്തിലെത്തുകയാണ്. സുബീഷിനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുകയറ്റാൻ സാധിച്ച വ്യക്തിയെന്ന നിലയിൽ ഈ വേളയിൽ ഏറ്റവും സന്തോഷിക്കുന്നതും ഞാൻ തന്നെയാവും.
ലാൽ ജോസ്

ചിത്രത്തിന്റെ പൂജ സ്വിച്ചോൺ കാസർകോട്,തുരുത്തി നിലമംഗലത്ത് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഹാളിൽ വെച്ച് നടന്നു. കാസർകോട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം വി ബാലകൃഷ്ണൻ മാസ്റ്റർ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ പ്രശസ്ത സംവിധായകൻ ലാൽ ജോസ് ആദ്യ ക്ലാപ്പടിച്ചു. ടി ഐ മധുസൂദനൻ പയ്യന്നൂർ എം എൽ എ, എം വിജിൻ കല്ല്യാശ്ശേരി എം എൽ എ, പ്രമീള ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, ‌ടി വി രാജേഷ്,കെ വി സുധാകരൻ,റിജിൽ മാക്കുറ്റി,പി സന്തോഷ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in