സംഗീത ജനചന്ദ്രന്‍ നിര്‍മ്മാതാവാകുന്നു, ജസ്റ്റിന്‍ മാത്യുവും പോള്‍സണ്‍ സ്‌കറിയയും തിരക്കഥ

സംഗീത ജനചന്ദ്രന്‍ നിര്‍മ്മാതാവാകുന്നു, ജസ്റ്റിന്‍ മാത്യുവും പോള്‍സണ്‍ സ്‌കറിയയും തിരക്കഥ

സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റും സ്റ്റോറീസ് സോഷ്യല്‍ എന്ന സ്ഥാപനത്തിന്റെ ഫൗണ്ടറുമായ സംഗീത ജനചന്ദ്രന്‍ നിര്‍മ്മാതാവാകുന്നു. ചലച്ചിത്ര പ്രവര്‍ത്തകരായ അശ്വിനി അയ്യര്‍ തിവാരി, നിതേഷ് തിവാരി എന്നിവരുടെ എര്‍ത്ത്സ്‌കൈ പിച്ചേഴ്‌സിനൊപ്പം ചേര്‍ന്നാണ് സംഗീത പുതിയ മലയാള സിനിമ നിര്‍മ്മിക്കുന്നത്. സ്റ്റോറീസ് സോഷ്യലിന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജസ്റ്റിന്‍ മാത്യുവും പോള്‍സണ്‍ സ്‌കറിയയുമാണ്.

മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ സഹ തിരക്കഥാകൃത്താണ് ജസ്റ്റിന്‍ മാത്യു. റിലീസ് ചെയ്യാനിരിക്കുന്ന നെയ്മര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് പോള്‍സണ്‍ സ്‌കറിയ. ഒരു സോഷ്യല്‍ കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണിതെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ അശ്വനി പറഞ്ഞത്.

ഗര്‍ കി മുര്‍ഗി, നെറ്റ്ഫ്‌ലിക്സിന്റെ ആന്തോളജി അന്‍കഹി കഹാനിയാ , ബ്രേക്ക് പോയിന്റ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളുടെ നിര്‍മ്മാതാക്കളാണ് എര്‍ത്ത്‌സ്‌കൈ പിക്‌ച്ചേഴ്‌സ്. എര്‍ത്ത്‌സ്‌കൈ പിക്‌ച്ചേഴിസിന്റെ സ്ഥാപകരില്‍ ഒരാളും സംവിധായികയുമായ അശ്വനിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഡോ.സംഗീത ജനചന്ദ്രനുമൊത്ത് പുതിയ നിര്‍മ്മാണ സംരംഭത്തിന് തുടക്കമിടുന്ന വിവരം അറിയിച്ചത്.

'മലയാളത്തില്‍ കഥകള്‍ പറയുന്നതിനും സിനിമകള്‍ നിര്‍മ്മിക്കുന്നതിനുമായി സംഗീത ജനചന്ദ്രനുമായി എര്‍ത്ത്സ്‌കൈ പിച്ചേഴ്സ് ചേരുന്നു എന്ന് പറയുന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്റെ പൂര്‍വികര്‍ക്കും വളര്‍ന്ന് വരുമ്പോള്‍ ഒരുപാട് മലയാളം സിനിമകള്‍ കാണാന്‍ എന്നെ പ്രേരിപ്പിച്ച എന്റെ അമ്മക്കുമുള്ള ആദരവാണിത്. പ്രതിഭാധനരായ എഴുത്തുകാര്‍ ജസ്റ്റിന്‍ മാത്യുവും പോള്‍സണ്‍ സ്‌കറിയയും എഴുതുന്ന ഒരു സോഷ്യല്‍ കോമേഡിയാണ് ഞങ്ങള്‍ ആദ്യം പറയുന്ന കഥ', എന്നാണ് അശ്വനി കുറിച്ചത്.

മഞ്ജു വാര്യരുടെ 'ഉദഹരണം സുജാത'യ്ക്ക് പ്രചോദനമായ നീല്‍ ബാട്ടെ സന്നാട്ടയാണ് അശ്വനി സംവിധാനം ചെയ്ത ആദ്യ സിനിമ. പിന്നീട് ബറേലി കി ബര്‍ഫി, പംഗ, അന്‍കഹി കഹാനിയാ എന്നീ ചിത്രങ്ങളും ചെയ്തു.

പുതിയ നിര്‍മ്മാണ സംരംഭത്തെ കുറിച്ച് സ്റ്റോറീസ് സോഷ്യല്‍ ഫൗണ്ടര്‍ ഡോ. സംഗീത ജനചന്ദ്രനും സമൂഹമാധ്യമത്തില്‍ കുറിച്ചു. 'മലയാളത്തിലെ ഞങ്ങളുടെ ആദ്യ നിര്‍മ്മാണ സംരംഭം അശ്വിനി അയ്യര്‍ തിവാരിയുടെയും നിതേഷ് തിവാരിയുടെയും എര്‍ത്ത്സ്‌കൈ പിച്ചേഴ്സിനൊപ്പം ആകുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. കഥകള്‍ പറയാനുള്ള ഞങ്ങളുടെ ആഗ്രഹവുമായി സിനിമയുടെ അതിശയകരമായ ലോകത്തേക്കുള്ള അടുത്ത ചുവടുവെയ്പ്പാണിത്. സിനിമയിലേക്ക് ഞങ്ങള്‍ ചുവടുവെച്ചത് മുതല്‍ ഞങ്ങള്‍കൊപ്പം നിന്ന എല്ലാ ക്ലയന്റുകളോടും, സുഹൃത്തുക്കളോടും, മാധ്യമങ്ങളോടും, കുടുംബാംഗങ്ങളോടും, അഭ്യുദയകാംക്ഷികളോടും നന്ദി അറിയിക്കുന്നു'', എന്നാണ് സംഗീത കുറിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in