ആ സംവിധായകന്‍ കാരണമാണ് സിനിമയെ ഇഷ്ടപ്പെട്ട് തുടങ്ങിയത്: ശ്രുതി ജയന്‍

ആ സംവിധായകന്‍ കാരണമാണ് സിനിമയെ ഇഷ്ടപ്പെട്ട് തുടങ്ങിയത്: ശ്രുതി ജയന്‍
Published on

ലിജോ ജോസ് പെല്ലിശേരി കാരണമാണ് സിനിമ ഇഷ്ടപ്പെട്ട് തുടങ്ങിയതെന്ന് നടി ശ്രുതി ജയൻ. അങ്കമാലി ഡയറീസിൽ വരുന്നത് ഒട്ടും പ്രതീക്ഷിക്കാതെയാണ്. വീട്ടിൽ നിന്നും ഉയർന്ന വലിയ എതിർപ്പുകളെ മറികടന്ന്, ഒരു സിനിമയിലേ അഭിനയിക്കൂ എന്ന് പറഞ്ഞ് തുടങ്ങിയ കരിയറാണ്. പക്ഷെ, അത് ഇപ്പോൾ ഒരു ലഹരിയായി മാറിയെന്നും ശ്രുതി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ശ്രുതി ജയന്റെ വാക്കുകൾ

ഒരു രൂപയ്ക്ക് അഭിനയിച്ചാൽ മതി, ആയിരം രൂപയ്ക്ക് അഭിനയിക്കണ്ട എന്ന് അങ്കമാലി ഡയറീസിൽ ലിജോ ജോസ് പെല്ലിശേരി എന്നോട് പറഞ്ഞിരുന്നു. എട്ട് വർഷങ്ങൾക്ക് ഇപ്പുറവും അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ലേണിങ് അതുതന്നെയാണ്. ലിജോ ജോസ് പെല്ലിശേരിക്കൊപ്പം വർക്ക് ചെയ്തതുകൊണ്ടാണ് സിനിമയോട് ഇത്രയും ഒരു ഇഷ്ടം എനിക്ക് വരാനും ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കാനും കാരണം. പ്രതീക്ഷിക്കാതെ സിനിമയിൽ എത്തിയതാണ് ഞാൻ. അതുകൊണ്ട് വലിയ പ്രതീക്ഷകളും ആ​ഗ്രഹങ്ങളും ഇല്ലായിരുന്നു. പക്ഷെ, ആ എനിക്ക് സിനിമ പഠിപ്പിച്ചതും എക്സൈറ്റ്മെന്റ് ഉണ്ടാക്കിയതും അങ്കമാലി തന്നെയാണ്.

ഡാൻസ് പ്രൊഫഷനായി നേരത്തെ തെരഞ്ഞെടുത്തിരുന്നെങ്കിലും സിനിമയിലേക്ക് വന്നപ്പോൾ വീട്ടിൽ നിന്ന് വലിയ എതിർപ്പായിരുന്നു. ഇപ്പൊ ഒരു സിനിമയിൽ അഭിനയിച്ചിട്ട് വരാം എന്നും പറഞ്ഞ് ഇറങ്ങി വന്നതായിരുന്നു ഞാൻ. ഒരു ആ​ഗ്രഹത്തിന്റെ പുറത്താണ്, ഒരു സിനിമയിൽ മാത്രമേ അഭിനയിക്കൂ എന്നൊക്കെ പറഞ്ഞായിരുന്നു ഇറങ്ങിയത്. ചെറുപ്പം മുതലേ ചെറിയ ആ​ഗ്രഹം ഉണ്ടായിരുന്നെങ്കിലും ചെയ്ത് നോക്കിയപ്പോഴാണ് ഈ പ്രോസസ് ഭയങ്കര ഇഷ്ടമായത്. അഭിനയം എന്നതിനേക്കാൾ ഉപരി സിനിമയിൽ ഒരുപാട് പേരുടെ അധ്വാനമുണ്ട്. അത്രയ്ക്ക് വലിയൊരു കാര്യം എന്ന നിലയിൽ ഇപ്പോൾ സിനിമ ഒരു ലഹരിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in