'സംഭാഷണം പറഞ്ഞുതുടങ്ങിയിട്ടുണ്ട്, അടുത്ത ചിത്രത്തില്‍ അഭിനയിക്കാം'; വേദിയില്‍ ചിരിപടര്‍ത്തി ഫാസിലിന് ശ്രീനിവാസന്റെ ഓഫര്‍

'സംഭാഷണം പറഞ്ഞുതുടങ്ങിയിട്ടുണ്ട്, അടുത്ത ചിത്രത്തില്‍ അഭിനയിക്കാം'; വേദിയില്‍ ചിരിപടര്‍ത്തി ഫാസിലിന് ശ്രീനിവാസന്റെ ഓഫര്‍

പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം കാപ്പയുടെ ഓഡിയോ ലോഞ്ച് വേദിയില്‍ ചിരിപടര്‍ത്തി നടന്‍ ശ്രീനിവാസന്‍. ചടങ്ങ് ഉദ്ഘാടനം ചെയ്തതിനുശേഷം, വളരെക്കാലമായി മൂടിവച്ച ഒരു സത്യം തുറന്നുപറയാനുണ്ടെന്ന് പറഞ്ഞാണ് ശ്രീനിവാസന്‍ പ്രസംഗമാരംഭിച്ചത്. മലയാള സിനിമയിലെ ഏറ്റവും വലിയ തിരക്കഥാകൃത്ത് താനാണ്. ഏറ്റവും കൂടുതല്‍ തിരക്കഥകളെഴുതിയ ആളും, സൂപ്പര്‍ ഹിറ്റുകളെഴുതിയതും താനാണ്. അല്ലെങ്കില്‍ തിരികൊളുത്താനായി ഇവിടേക്ക് ക്ഷണിക്കില്ലല്ലോ എന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇതോടെ വേദിയിലും സദസിലും ചിരിയുയര്‍ന്നു.

ഇതിനിടെ സദസിലുണ്ടായിരുന്ന സംവിധായകന്‍ ഫാസിലിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹവും തന്റെ സ്വതസിദ്ധമായ ശൈലയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചു. 'ഫാസിലിനെ ഇവിടെ കാണാനായതില്‍ വലിയ സന്തോഷമുണ്ട്. ഇതുവരെ ഫാസില്‍ എന്നെ കാണാത്തതുകൊണ്ടാണോ എന്നെവച്ച് സിനിമയെടുക്കാത്തത് എന്ന് സംശയമുണ്ടായിരുന്നു. ഏതായാലും ഇപ്പോള്‍ താന്‍ സംഭാഷണം പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഒരു സിനിമയില്‍ അഭിനയിക്കുന്നുമുണ്ട്. അപ്പോള്‍ അടുത്ത ചിത്രത്തില്‍ അഭിനയിക്കാം' എന്നും ശ്രീനിവാസന്‍ പറഞ്ഞു.

ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമുണ്ടായ ഒരിടവേളയ്ക്ക് ശേഷം ഇത്തരമൊരു വേദിയിലെത്തി എല്ലാവരെയും കാണാന്‍ സാധിച്ചതിലെ സന്തോഷവും ശ്രീനിവാസന്‍ പങ്കുവച്ചു. ഫെഫ്കയുടെ പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനമറിയിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെതുടര്‍ന്ന് കഴിഞ്ഞ കുറച്ചുകാലമായി പൊതു വേദികളില്‍ നിന്ന് വിട്ടുനിന്ന ശ്രീനിവാസന്റെ തിരിച്ചുവരവിനെ വലിയ ആവേശത്തോടെയാണ് സദസ് സ്വീകരിച്ചത്.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ്, അപര്‍ണ ബാലമുരളി, ആസിഫലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'കാപ്പ' ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്തും. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനുമായി സഹകരിച്ച് തിയറ്റര്‍ ഓഫ് ഡ്രീംസ് നിമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ജി ആര്‍ ഇന്ദുഗോപനാണ്. തിരുവനന്തപുരം നഗരത്തിലെ അധോലോക കഥ പശ്ചാത്തലമാക്കിയുള്ള ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ 'ശംഖുമുഖി'യെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in