ശ്രീനാഥ് ഭാസിക്ക് 'അമ്മ' യിൽ തത്ക്കാലം അംഗത്വമില്ല; ഇതര സംഘടനകളുടെ NOC ലഭിക്കുന്ന മുറയ്ക്ക് പരിഗണിക്കുമെന്ന് സംഘടന

ശ്രീനാഥ് ഭാസിക്ക് 'അമ്മ' യിൽ തത്ക്കാലം അംഗത്വമില്ല; ഇതര സംഘടനകളുടെ NOC ലഭിക്കുന്ന മുറയ്ക്ക് പരിഗണിക്കുമെന്ന് സംഘടന

നടൻ ശ്രീനാഥ് ഭാസിക്ക് അമ്മയിൽ അംഗത്വമില്ല. ഇന്നലെ കൊച്ചിയിൽ നടന്ന 29-ാമത് പൊതു യോഗത്തിലാണ് തീരുമാനം. ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ അംഗത്വം നേടാൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകിയത്. ഇതര സംഘടനകളുടെ NOC ലഭിക്കുന്ന മുറയ്ക്ക് ശ്രീനാഥ് ഭാസിക്ക് അംഗത്വം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്നലെ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അമ്മ സംഘടന വ്യക്തമാക്കി.

ഇരുപതിലേറെ ആളുകളാണ് അമ്മയിൽ അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ചത്. അതിൽ നിന്നും വിജയൻ കാരന്തുര് , ബിനു പപ്പു , സലിം ഭാവ, സഞ്ജു ശിവറാം , ശ്രീജ രവി, നിഖിലാ വിമൽ എന്നിങ്ങനെ ആറ് പേര്‍ക്ക് ഞായറാഴ്ച നടന്ന യോഗത്തിൽ അമ്മ പുതുതായി അംഗത്വം നൽകി. സിനിമാ സംഘടനകളിൽ അംഗത്വമുള്ളവരുമായി മാത്രമേ കരാറിലേർപ്പടുകയുള്ളൂ എന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനത്തിന് പിന്നാലെയാണ് അംഗത്വത്തിന് ഇതുവരെ ശ്രമിക്കാത്ത യുവതാരങ്ങൾ ഉൾപ്പെടെ പലരും മെംബർഷിപ്പിനായി ശ്രമം തുടങ്ങിയത്.

ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കുമൊപ്പം സഹകരിക്കാൻ കഴിയില്ലെന്ന് സിനിമ സംഘടനകൾ മുൻപ് അറിയിച്ചിരുന്നു. ഇരുവർക്കും എതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ആയതിനാൽ ഇരുവർക്കുമൊപ്പം ബുദ്ധിമുട്ടി സിനിമ ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു സംഘടനകൾ അറിയിച്ചത്. എന്നാൽ നടൻ ഷെയ്ൻ നിഗവും സംഘടനകളും തമ്മിലുള്ള പ്രശ്‌നം അമ്മ ഇടപെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പരിഹരിച്ചിരുന്നു.

അമ്മയിൽ അംഗത്വമില്ലാത്ത അഭിനേതാക്കളുമായി സഹകരിക്കുന്ന കാര്യത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അം​ഗങ്ങൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് എല്ലാവരും അംഗത്വത്തിനായി വരുന്നതെന്നും, അംഗത്വം എടുക്കാതിരിക്കുന്നത് ബുദ്ധിയല്ലെന്ന് തോന്നിയത് കൊണ്ടാവാം നേരത്തെ എടുക്കാത്ത പല അഭിനേതാക്കളും ഇപ്പോൾ അപേക്ഷിക്കാൻ തുടങ്ങിയത് നേരത്തെ അമ്മ വൈസ് പ്രസിഡന്റ് മണിയൻ പിള്ള രാജു ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു. സെറ്റിൽ ഒരാൾ ഡ്രഗ്‌സോ കഞ്ചാവോ കൊണ്ടു വന്നാൽ അയാളെ പോലീസ് പിടിക്കും അങ്ങനെയുള്ള സാഹചര്യത്തിൽ അമ്മ പോലൊരു സംഘടനക്ക് ഒന്നും ചെയ്യാനാകില്ലെന്നും പേയ്മേന്റ് ഇഷ്യു വന്നാലോ അല്ലെങ്കിൽ ആരെങ്കിലും അപമര്യാദയായി പെരുമാറിലോ തുടങ്ങിയ കാര്യങ്ങളിലൊക്കെ സംഘടനയ്ക്ക് ഇടപെടാം എന്നല്ലാതെ പേഴ്‌സണലായി സൃഷ്ടിക്കുന്ന പ്രശ്നങ്ങളിലോ, കുറ്റകൃത്യങ്ങളിലോ സംഘടന ഇടപെടില്ലെന്നും മണിയൻ പിള്ള രാജു വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in