ജീവിതത്തിലെ പുതിയൊരു മാറ്റത്തിന് തന്റെ മുപ്പത്തിയാറാം വയസ്സിൽ തുടക്കം കുറിക്കുകയാണ് എന്ന് നടൻ ശ്രീനാഥ് ഭാസി. ശ്രീനാഥ് ഭാസിയെ നായകനാക്കി ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആസാദി. ചിത്രത്തിന്റെ പ്രമോഷനിടെയാണ് താൻ ജീവിതത്തിൽ മാറ്റങ്ങളുടെ പാതയിലാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞത്. സിനിമയിലെ മോശം കാര്യങ്ങൾ സംഭവിക്കുമ്പോൾ അതെല്ലാം തന്റെ പേരിലേക്ക് മാത്രം എത്തുകയാണെന്നും എന്നാൽ ഇനി മുതൽ ജീവിതത്തിലും ജീവിത ശൈലിയിലും മാറ്റങ്ങൾ വരുമെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. കഥ കേട്ടപ്പോൾ തന്നെ ചെയ്യണമെന്ന് ഉറപ്പിച്ച സിനിമയാണ് ആസാദി എന്നും ഇങ്ങനെയുള്ള സിനിമകൾ ഇനിയും ചെയ്യണമെന്നാണ് ആഗ്രഹം എന്നും ക്ലിക്ക് ബൈറ്റിന് വേണ്ടി തന്നെ ഉപയോഗിക്കുന്ന മാധ്യമങ്ങളോട് തനിക്ക് പ്രശ്നങ്ങളില്ലെന്നും ശ്രീനാഥ് ഭാസി പ്രമോഷനിൽ സംസാരിക്കവേ കൂട്ടിച്ചേർത്തു.
ശ്രീനാഥ് ഭാസി പറഞ്ഞത്:
എപ്പോഴും ഒപ്പം നിൽക്കുന്നത് അച്ഛനും അമ്മയുമാണ്. ഭാസിയും സജിനിയും. ഈ വാർത്തകളെല്ലാം അവരെ അലട്ടുന്നുണ്ടാകും. പക്ഷേ അവർ എന്റെ ഒപ്പം നിൽക്കുന്നു. എന്റെ ഭാരം കുറച്ച് അവരും കൂടി താങ്ങും. തിരിച്ച് അവരുടെ ഒപ്പമെത്തി ഞാൻ പുതിയൊരു ജീവിതം തുടങ്ങുകയാണ്. ഈ മുപ്പത്തിയാറാം വയസ്സിൽ പുതിയ തുടക്കമാണ്. ആസാദി ഇറങ്ങി തൊട്ടുപിന്നാലെ എന്റെ ബർത്ത് ഡേ ആണ്. ഇനി എല്ലാം മെച്ചപ്പെടും. ഇനി മനോഹരമായ കാര്യങ്ങൾ സംഭവിക്കും. ലോകത്ത് ആകെ സ്ഥിരമായി നടക്കുന്ന ഏകകാര്യം മാറ്റം മാത്രമാണ്. എന്റെ സ്വഭാവമായാലും ജീവിത ശൈലി ആയാലും നല്ലത് പ്രതീക്ഷിക്കാം
മെഡിക്കൽ കോളജിലെത്തിയ ദിവസം ജയിൽപുള്ളിയായ ഭാര്യയെയും മകനെയും ആശുപത്രിയിൽ നിന്ന് രക്ഷിക്കാൻ ഭർത്താവും സംഘവും നടത്തുന്ന നീക്കമാണ് ആസാദി എന്ന സിനിമയുടെ പ്രമേയം. ചിത്രത്തിൽ രഘു എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പ്രേക്ഷകരെ ഓരോ നിമിഷവും ആകാംക്ഷയിലാക്കുന്ന ചിത്രമെന്നാണ് സിനിമാ വൃത്തങ്ങൾ നൽകുന്ന സൂചന. ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നുപെടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ ഒരുപറ്റം സാധാരണക്കാർ നടത്തുന്ന ശ്രമം കൂടിയാണ് സിനിമ. മലയാളത്തിന് അത്ര പരിചിതമല്ലാത്ത ജയിൽ ബ്രേക്കിങ് കഥാശ്രേണിയിലാണ് കഥയുടെ മുന്നോട്ടുപോക്ക്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്നത്. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വാണി വിശനാഥ്, രവീണ, സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രം മെയ് 23 ന് തിയറ്ററുകളിലെത്തും.
റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാന്‍ലി സംഗീതം- വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഹാസ് ബാല, സൗണ്ട് ഡിസൈന്‍- സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി എലൂര്‍, കോസ്റ്റ്യൂം- വിപിന്‍ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ- തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍- അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് കക്കയങ്ങാട്, പിആര്‍ഒ - പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- ഷിജിന്‍ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്- ബെല്‍സ് തോമസ്, ഡിസൈന്‍- 10 പോയിന്റസ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- മെയിന്‍ലൈന്‍ മീഡിയ. ആലപ്പുഴ ജിംഖാനയ്ക്ക് ശേഷം സെന്റട്രല്‍ പിക്‌ചേഴ്‌സ് തീയറ്ററിലെത്തിക്കുന്ന ചിത്രം കൂടിയാണ് ആസാദി.