പടത്തിൽ മാത്രമല്ല, സ്റ്റേജിലും ഫയറാണ് 'മോണിക്ക', കൂലി ഓഡിയോ ലോഞ്ചിൽ വേദിയെ ഇളക്കി മറിച്ച് സൗബിന്റെ ഡാൻസ്

പടത്തിൽ മാത്രമല്ല, സ്റ്റേജിലും ഫയറാണ് 'മോണിക്ക', കൂലി ഓഡിയോ ലോഞ്ചിൽ വേദിയെ ഇളക്കി മറിച്ച് സൗബിന്റെ ഡാൻസ്
Published on

രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി തമിഴിലെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയേറിയ ചിത്രമാണ്. ചിത്രത്തിന്റേതായി പുറത്തു വരുന്ന എല്ലാ അപ്ഡേറ്റുകൾക്കും ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ നിന്നുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിലെ ചർ‌ച്ചാ വിഷയം. വേദിയിലെ സൗബിന്റെ ഡാൻസ് പെർഫോമൻസ് ആണ് ഇപ്പോൾ ആരാധകരെ ഇളക്കി മറിച്ചിരിക്കുന്നത്.

കൂലിയിലെ നേരത്തെ പുറത്തുവന്ന 'മോണിക്ക' എന്നു തുടങ്ങുന്ന ​ഗാനം മുമ്പ് വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. ​ഗാനത്തിലെ സൗബിന്റെ ഡാൻസും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ലൈവ് സ്റ്റേജിലെ സൗബിന്റെ പെർഫോമൻസ് പുറത്തു വന്നിരിക്കുന്നത്. ഓഡിയോ ലോഞ്ചിൽ നിന്നുള്ള ഡാൻസിന്റെ വീഡിയോ പലരും എക്സിലൂടെ പങ്കുവെക്കുന്നുണ്ട്. സൗബിന്റെ ഡാൻസിനെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ മുഴുവൻ. ​മോണിക്കയുടെ ലിറിക്കൽ വീഡിയോ പുറത്തു വന്ന സമയത്തും പൂജയുടെ ഡാൻസിനെക്കാൾ കയ്യടി നേടിയത് സൗബിന്റെ പ്രകടനമാണ്.

സുബ് ലശിണി, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്ന് ആലപിച്ച ​ഗാനമാണ് മോണിക്ക. വിഷ്ണു ഇടവൻ ആണ് ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. അനിരുദ്ധ് സംഗീതം നൽകിയ ഗാനത്തിന്‍റെ റാപ് ചെയ്തിരിക്കുന്നത് അസൽ കോലാർ ആണ്. മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം, ലിയോ എന്നീ സിനിമകള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. 350 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in