അവരവര്‍ക്ക് ഇഷ്ടമുള്ള ഭാഷ സംസാരിക്കട്ടെ.. ഭാഷാവിവാദത്തില്‍ സോനു നിഗം

അവരവര്‍ക്ക് ഇഷ്ടമുള്ള ഭാഷ സംസാരിക്കട്ടെ.. ഭാഷാവിവാദത്തില്‍ സോനു നിഗം

ഹിന്ദി ഭാഷയുടെ പേരിൽ കന്നട സൂപ്പർ താരം കിച്ച സുദീപും ബോളിവു‍ഡ് നടൻ അജയ് ദേവ്‍ഗണും തമ്മിലുണ്ടായ തർക്കത്തിൽ പ്രതികരണമറിയിച്ച് ഗായകൻ സോനു നിഗം. കൂടുതൽ പേർ സംസാരിക്കുന്നുണ്ടെന്ന് കരുതി ഹിന്ദി ദേശീയ ഭാഷയാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണഘടനയിൽ ഒരിടത്തുപോലും ഹിന്ദിയാണ് ദേശീയഭാഷ എന്ന് എഴുതിവച്ചിട്ടില്ല. തമിഴാണ് ഏറ്റവും പഴക്കമേറിയ ഭാഷ. പക്ഷേ ഇക്കാര്യത്തിൽ തമിഴും സംസ്കൃതവും തമ്മിൽ തർക്കമുണ്ട്. മറ്റുരാജ്യങ്ങളുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട നിരവധി പ്രശ്നങ്ങൾ ഇന്ത്യയിലുണ്ട്. അതിനിടയ്ക്ക് ഇത്തരത്തിലുള്ള വിവാദമൊക്കെ അനാവശ്യമാണ്. ആളുകൾ അവര്‍ക്ക് ഇഷ്ടമുള്ള ഭാഷ സംസാരിക്കട്ടെ. അവര്‍ക്ക് ഏതു ഭാഷ സംസാരിക്കണം എന്ന തീരുമാനിക്കാൻ ഉള്ള അവകാശം അവർക്കാണ് എന്നും സോനു നിഗം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യലെ കോടതികളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇംഗ്ലീഷാണ്. അത് പറ്റില്ല, ഹിന്ദിയിൽ മതിയെന്ന് പറയാനാകുമോ? വിമാനത്തിൽ എയർഹോസ്റ്റസിനോട് ഞാൻ ഹിന്ദിയിൽ സംസാരിക്കുമ്പോൾ അവർ ഇംഗ്ലീഷിലാണ് മറുപടി നൽകുന്നത്. ഇംഗ്ലീഷ് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലാത്ത ഭാഷയാണ്. എങ്കിലും നാം അത് അംഗീകരിക്കേണ്ടതുണ്ട്. യാഥാർത്ഥ്യം എന്താണ് എന്ന് മനസിലാക്കണം. നമ്മുടെ രാജ്യത്ത് ഭാഷയുടെ പേരില്‍ വിഭജനമുണ്ടാകാന്‍ പാടില്ല. അവരവര്‍ക്ക് അറിയാവുന്ന ഭാഷ സംസാരിക്കട്ടെ. പഞ്ചാബില്‍ നിന്നുള്ളവര്‍ പഞ്ചാബി സംസാരിക്കട്ടെ. തമിഴര്‍ തമിഴും. അവര്‍ക്ക് ഹിന്ദിയാണ് സൗകര്യമെങ്കില്‍ അത്. സോനു നിഗം കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് നടന്‍ അജയ് ദേവ് ഗണും കന്നഡ നടന്‍ സുദീപും തമ്മിലുണ്ടായ വാക് പോരാണ് വീണ്ടും ഹിന്ദി വിവാദത്തിന് വഴിവെച്ചത്. ഹിന്ദി നമ്മുടെ ദേശീയ ഭാഷ അല്ലെന്ന് സുദീപ് പറഞ്ഞു. അങ്ങനെയെങ്കില്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നത് എന്തിനാണെന്നായിരുന്നു അജയ് ദേവ് ഗണിന്റെ ചോദ്യം. വാഗ്വാദത്തില്‍ രാഷ്ട്രീയ നേതാക്കളും പങ്കുചേര്‍ന്നു.

Related Stories

No stories found.
logo
The Cue
www.thecue.in