ലാല്‍ ജോസിനൊപ്പം പോസ്റ്റര്‍ ഒട്ടിച്ച് താരങ്ങള്‍; 'സോളമന്റെ തേനീച്ചകള്‍' തിയേറ്ററിലെത്തി

ലാല്‍ ജോസിനൊപ്പം പോസ്റ്റര്‍ ഒട്ടിച്ച് താരങ്ങള്‍; 'സോളമന്റെ തേനീച്ചകള്‍' തിയേറ്ററിലെത്തി

ലാല്‍ജോസ് സിനിമയായ സോളമന്റെ തേനീച്ചകളുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ സംവിധായകനും നായികാ നായകന്മാരും ഇന്നലെ രാത്രി കൊച്ചി നഗരത്തിലിറങ്ങിയത് കൗതുകക്കാഴ്ചയായി. സിനിമയുടെ വ്യത്യസ്തമായ പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ മുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ പോസ്റ്റര്‍ ഒട്ടിക്കുന്ന വീഡിയോ ലാല്‍ ജോസ് തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ദര്‍ശന സുദര്‍ശന്‍, വിന്‍സി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമയിയാണിത്. ലാല്‍ജോസ്, കുഞ്ചാക്കോ ബോബന്‍, സംവൃതാ സുനില്‍ എന്നിവരടങ്ങിയ ജൂറിയാണ് അഭിനേതാക്കളെ കണ്ടെത്തിയത്. റിയാലിറ്റി ഷോയ്ക്ക് ശേഷം നാലുവര്‍ഷം കഴിഞ്ഞ് ഇന്ന് സിനിമ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

വനിതാ പോലീസുകാരുടെ കഥ പറയുന്ന സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാനും അതേ കോസ്റ്റിയൂമിലാണ് അവരെത്തിയത്. പോസ്റ്റര്‍ ഒട്ടിക്കുന്നതും സിനിമാ പ്രവര്‍ത്തനമാണെന്ന് ലാല്‍ ജോസ് അഭിപ്രായപ്പെട്ടു. സിനിമയില്‍ സോളമനായെത്തുന്നത് ജോജു ജോര്‍ജ്ജാണ്.

പി.ജി.പ്രഗീഷ്‌ തിരക്കഥയൊരുക്കിയിരിക്കുന്ന സോളമന്റെ തേനീച്ചകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വിദ്യാസാഗറാണ്. അജ്മല്‍ സാബു ക്യാമറയും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്ന സിനിമയിലെ ഗാനരചന വയലാര്‍ ശരത്ത്, വിനായക് ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in