'സോഷ്യല്‍ മീഡിയയിലെ സങ്കുചിത ചിന്താഗതി ഭിന്നിപ്പിക്കുന്നത്'; പത്താനെതിരെയുള്ള എതിര്‍പ്പുകള്‍ക്കിടയില്‍ പ്രതികരിച്ച് ഷാരൂഖ് ഖാന്‍

'സോഷ്യല്‍ മീഡിയയിലെ സങ്കുചിത ചിന്താഗതി ഭിന്നിപ്പിക്കുന്നത്'; പത്താനെതിരെയുള്ള എതിര്‍പ്പുകള്‍ക്കിടയില്‍ പ്രതികരിച്ച് ഷാരൂഖ് ഖാന്‍

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സങ്കുചിത ചിന്താഗതികള്‍ വിനാശകരവും ഭിന്നിപ്പിക്കുന്നതുമാണെന്ന് ഷാരൂഖ് ഖാന്‍. ചില സങ്കുചിത ചിന്താഗതികളാണ് സാമൂഹികമാധ്യമങ്ങളെ നയിക്കുന്നത്. എവിടെയോ, നെഗറ്റിവിറ്റിയാണ് സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തെയും, അതിന്റെ വാണിജ്യ മൂല്യത്തെയും വര്‍ധിപ്പിക്കുന്നത്. അത്തരം പിന്തുടരലുകള്‍ വിനാശകാരവും ഭിന്നിപ്പിക്കുന്നതുമായ ചില കൂട്ടായ ആഖ്യാനങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നുവെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.

പുതിയ ചിത്രമായ 'പത്താന്‍' ബഹിഷ്‌കരണ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കവെയാണ് ഷാരൂഖ് ഖാന്റെ പ്രതികരണം.

ഷാരൂഖ് ഖാന്‍ പറഞ്ഞത്

സഹാനുഭൂതിക്കും സാഹോദര്യത്തിനുമുള്ള മാനവികതയുടെ അപാരമായ കഴിവാണ് സിനിമ മുന്നോട്ടുവെക്കുന്നത്. മനുഷ്യരാശിയുടെ മഹത്വത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വിരുദ്ധ ആഖ്യാനം നിലനിര്‍ത്താവുന്ന ഇടം കൂടിയാണ് സിനിമ. സിനിമയുടെയും സോഷ്യല്‍ മീഡിയയുടെയും അവതരണങ്ങള്‍ ആശയങ്ങളുടെ പ്രകടനമാണ്. ഒരു കാലത്തിന്റെ കൂട്ടായ ആഖ്യാനങ്ങള്‍ രൂപപ്പെടുന്നത് സാമൂഹികമായാണ്. അതിനു വിപരീതമായി സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിക്കുന്നു. എന്നാല്‍ എനിക്ക് തോന്നിയിട്ടുള്ളത് തിരിച്ചാണ്, സിനിമക്ക് ഇന്നതില്‍ പ്രധാനപ്പെട്ട ഒരു കടമയുണ്ട്. ചില സങ്കുചിത ചിന്താഗതികളാണ് സാമൂഹികമാധ്യമങ്ങളെ നയിക്കുന്നത്. എവിടെയോ, നെഗറ്റിവിറ്റിയാണ് സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തെയും, അതിന്റെ വാണിജ്യ മൂല്യത്തെയും വര്‍ധിപ്പിക്കുന്നത്. അത്തരം പിന്തുടരലുകള്‍ വിനാശകാരവും ഭിന്നിപ്പിക്കുന്നതുമായ ചില കൂട്ടായ ആഖ്യാനങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നു. ലോകം എന്തുതന്നെ ചെയ്താലും എന്നെപ്പോലുള്ളവര്‍ പോസിറ്റീവ് ആയിത്തന്നെ മുന്നോട്ടുപോകും.

സിദ്ധാര്‍ഥ് ആനന്ദ് സംവിധനം ചെയ്യുന്ന പത്താനാണ് ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന അടുത്ത ചിത്രം. ദീപിക പദുകോണാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിലെ ഗാനത്തില്‍ ദീപികയുടെ വസ്ത്രത്തിന്റെ നിറം കാവിയാണെന്നും അത് ഹിന്ദു സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്നും ആരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.

മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് മന്ത്രി പാട്ടിലെ ഗാനരംഗങ്ങള്‍ തിരുത്തിയില്ലെങ്കില്‍ മധ്യപ്രദേശില്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തെ സംബന്ധിച്ച തീരുമാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ചിത്രത്തെ വിമര്ശിച്ചുകൊണ്ട് പ്രതികരിച്ചിരുന്നു. ചിത്രം ജനുവരി 25നാണ് റിലീസ് ചെയ്യുക.

Related Stories

No stories found.
logo
The Cue
www.thecue.in