സാ​ഗർ ഏലിയാസ് ജാക്കി, അമൽ നീരദിന്റെയും ആന‍്റണിയുടെയും നിർബന്ധമായിരുന്നു, ഞാൻ വേണ്ടെന്ന് പറഞ്ഞ സിനിമ: എസ്.എൻ സ്വാമി

സാ​ഗർ ഏലിയാസ് ജാക്കി, അമൽ നീരദിന്റെയും ആന‍്റണിയുടെയും നിർബന്ധമായിരുന്നു, ഞാൻ വേണ്ടെന്ന് പറഞ്ഞ സിനിമ: എസ്.എൻ സ്വാമി
Published on

സാ​ഗർ ഏലിയാസ് ജാക്കിയായുള്ള മോഹൻലാലിന്റെ രണ്ടാം വരവിന് തനിക്ക് താൽപര്യമില്ലായിരുന്നുവെന്ന് തിരക്കഥാകൃത്ത് എസ്.എൻ സ്വാമി. 2009 ൽ മോഹൻലാലിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സാ​​ഗർ എലിയാസ് ജാക്കി റീലോഡഡ്. കെ മധുവിന്റെ സംവിധാനത്തിൽ 1987 ൽ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ സാ​​ഗർ ഏലിയാസ് ജാക്കി എന്ന നായക കഥാപാത്രത്തിന്റെ തുടർച്ചയായിരുന്നു ഈ ചിത്രം. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ ഒരു ​ഗന്ധം സാ​ഗർ എലിയാസ് ജാക്കി എന്ന ചിത്രത്തിന് ഇല്ലായിരുന്നുവെന്ന് പലരും പറഞ്ഞതായും സ്വാമി. ആ സിനിമ വേണ്ട എന്ന് താൻ തന്നെ പറഞ്ഞിരുന്നതാണെന്നും തിരക്കഥാകൃത്ത് എസ് എൻ സ്വാമി. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെയും സാ​ഗർ എലിയാസ് ജാക്കി എന്ന ചിത്രത്തിന്റെയും തിരക്കഥ നിർവഹിച്ചത് എസ് എൻ സ്വാമിയാണ്. സാ​ഗർ എലിയാസ് ജാക്കി എന്ന ചിത്രം അമൽ നീരദിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും നിർബന്ധമായിരുന്നുവെന്നും സെെന പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ എസ് എൻ സ്വാമി പറയുന്നു.

എസ് എൻ സ്വാമി പറഞ്ഞത്:

അമൽ നീരദിന്റെ സംവിധായകൻ എന്ന നിലക്കുള്ള കാര്യങ്ങളിൽ ‍ഞാൻ‌ ഇടപെടാറില്ല. അദ്ദേഹം ഒരു എക്സ്പെർട്ടാണ്. അവർക്ക് പറ്റിയ കഥ നമുക്ക് കൊടുക്കാം എന്നല്ലാതെ അവരുടെ സംവിധാനത്തിൽ നമുക്ക് ഒരു പ്രശ്നവും ഉണ്ടാവാറില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ അമൽ എന്നോട് ചോദിക്കും. സാറേ ഇങ്ങനെ മതിയോ എന്തെങ്കിലും മാറ്റി ചെയ്യണോ എന്ന്. എനിക്ക് അദ്ദേഹവുമായിട്ട് എന്തെങ്കിലും കാര്യത്തിൽ തർക്കമുണ്ടായിട്ടില്ല. പ്രശ്നം എന്താണെന്ന് വച്ചാൽ എന്നോട് ഒരുപാട് പേർ പറഞ്ഞു ഇരുപതാം നൂറ്റാണ്ടിന്റെ ഒരു ​ഗന്ധം ഇല്ല സാ​ഗർ എലിയാസ് ജാക്കി എന്ന ചിത്രത്തിനെന്ന്. ഞാൻ അത് ചെയ്യേണ്ട എന്ന് കരുതിയ സിനിമയാണ്. ആന്റണി പെരുമ്പാവൂരിന്റെയും അമലിന്റെയും നിർബന്ധമായിരുന്നു ആ കഥ. കാരണം ജാക്കി ജയിലിൽ പോയ ഒരാളാണ്. അതും ഒരു മന്ത്രിയുടെ മകനെ എല്ലാവരുടെയും മുന്നിൽ വച്ച് കൊന്നിട്ട്. അയാൾ പിന്നീട് വീണ്ടും ഒരു കഥാപാത്രമായിട്ട് ഒക്കെ വരുക എന്ന് പറഞ്ഞാൽ എനിക്ക് അതിന്റെ ഒരു ലോജിക്ക് എനിക്ക് ദഹിക്കുന്നുണ്ടായിരുന്നില്ല.

1987ൽ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട് മോഹൻലാലിന്റെ സൂപ്പർതാര പദവിയിലെ നിര‍്ണായക സിനിമകളിലൊന്നാണ്. സിനിമയിലെ ജാക്കിയുടെ പഞ്ച് ഡയലോ​ഗുകൾ എക്കാലവും ആരാധകർ ആഘോഷിക്കുന്നവയുമാണ്. മോഹൻലാലിനെക്കൂടാതെ സുരേഷ്‌ഗോപി, ജഗതി ശ്രീകുമാർ, അംബിക തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന അക്കാലത്തെ സകല റെക്കോർഡുകളും തിരുത്തി കുറിച്ച സിനിമയായിരുന്നു ഇരുപതാം നൂറ്റാണ്ട്. തിയറ്ററുകളിൽ 200 ദിവസങ്ങളോളം പ്രദർശനം നടത്തിയ സിനിമ അന്ന് രണ്ട് കോടിയ്ക്ക് മുകളിൽ കളക്ഷനും നേടിയിരുന്നു. ബി​ഗ് ബി എന്ന ട്രെൻഡ് സെറ്ററിന് ശേഷം അമൽ നീരദിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായി വന്ന സാ​ഗർ ഏലിയാസ് ജാക്കി ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കിയില്ല. ആവറേജ് തിയറ്റർ അനുഭവം എന്ന നിലക്കാണ് പ്രേക്ഷകരും സ്വീകരിച്ചത്. ജാക്കിയുടെ രണ്ടാം വരവിലും ചില പഞ്ച് ഡയലോ​ഗുകൾ ഉണ്ടായെങ്കിലും സിനിമ ആരാധകരും ഏറ്റെടുത്തില്ല.

Related Stories

No stories found.
logo
The Cue
www.thecue.in