സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് സ്വാഗതഗാനം ഒരുക്കാന്‍ പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കലോല്‍സവത്തിലൂടെ വളര്‍ന്ന് വന്ന് സിനിമയില്‍ പ്രശസ്തയായ ആളാണ് പണം ആവശ്യപ്പെട്ടതെന്നും ഇത് അഹങ്കാരമാണെന്നുമാണ് മന്ത്രിയുടെ കുറ്റപ്പെടുത്തൽ. നടിയുടെ നിലപാട് വളരെയധികം വേദനിപ്പിച്ചു. പണം ചോദിച്ചതിനെ തുടർന്ന് നടിയെ ഒഴിവാക്കിയെന്നും നടിയുടെ പേര് തല്‍ക്കാലം വെളിപ്പെടുത്തുന്നില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം വെഞ്ഞാറമൂട് പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ സമാപന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ ആരോപണം.
എന്നാൽ പേര് വെളിപ്പെടുത്താതെ വിദ്യാഭ്യാസ മന്ത്രി നടത്തിയ ഈ ആരോപണം കലോത്സവം വഴി സിനിമയിലെത്തിയ പല നടിമാരെയും സംശയത്തിന്റെ നിഴലിലാക്കാൻ കാരണമായിട്ടുണ്ട്. സ്കൂൾ കലോൽസവങ്ങളിലൂടെ സിനിമയിലെത്തിയ പല നടിമാരുടെ പേരുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ വർഷം കേരള സര്‍വകലാശാലാ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലും സെലിബ്രിറ്റികൾ വലിയ തോതിൽ ഇത്തരത്തിലുള്ള പരിപാടികൾക്കായി പ്രതിഫലം വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് നവ്യ നായരെ വേദിയിലിരുത്തിക്കൊണ്ട് ശിവൻ കുട്ടി പറഞ്ഞിരുന്നു. എന്നാൽ ഒരു രൂപ പോലും വാങ്ങാതെയാണ് താൻ ഇവിടെ വന്നിരിക്കുന്നതെന്ന് അതേ വേദിയിൽ നിന്നുകൊണ്ടു തന്നെ നവ്യ മന്ത്രിക്ക് മറുപടിയും നൽകിയിരുന്നു.
മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞത്:
16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്‌ത സിനിമാ നടിയോട് 10 മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അവർ സമ്മതിക്കുകയും ചെയ്‌തു. എന്നാൽ അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചത്. എത്ര അഹങ്കാരമാണ്, പണത്തോടുള്ള ആർത്തി ഇവർക്ക് തീർന്നിട്ടില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഞാൻ അത് വേണ്ടായെന്ന് പറഞ്ഞു. വേറെ എത്രയാൾക്കാർ ഇവിടെ പഠിപ്പിക്കാനുണ്ട്. ആ നടിയുടെ പേര് ഞാനിവിടെ പറയുന്നില്ല. അത് പറഞ്ഞാൽ വലിയ വാർത്തയാകും. ഞാൻ നമ്മുടെ ഫഹദ് ഫാസിലിനെ കഴിഞ്ഞ ഓണാഘോഷത്തിന് വിളിച്ചു. അദ്ദേഹം ഏത് വാഹനത്തിലാണ് വന്നതെന്നോ എവിടെയാണോ താമസിച്ചതെന്നോ നമുക്ക് അറിയില്ല. പരിപാടിക്ക് അദ്ദേഹം കൃത്യസമയത്ത് എത്തിച്ചേർന്നു. ഈ സിനിമ ലോകത്ത് അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. ഒരു വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിത്. വിദ്യാഭ്യാസ വകുപ്പിന് 5 ലക്ഷം രൂപ കൊടുക്കാനില്ലാത്തതുകൊണ്ടല്ല. കൊടുക്കില്ലെന്ന് തീരുമാനിച്ചതാണ്. വേറെ എത്രയോ നൃത്ത അധ്യാപകരുണ്ട് കുട്ടികളെ പഠിപ്പിക്കാൻ. കലോത്സവത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയാണ് അവർ സിനിമയിലെത്തിയത്. അതിന് ശേഷം കുറച്ച് സിനിമയും കാശും വന്നപ്പോൾ നമ്മുടെ കേരളത്തിനോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളോടാണ് ആ അഹങ്കാരം കാണിച്ചിരിക്കുന്നത്.