സിനിമയിൽ വരാൻ നിനക്ക് എന്താണ് അർഹതയെന്ന് പലരും എന്റെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്: ശിവകാർത്തികേയൻ

സിനിമയിൽ വരാൻ നിനക്ക് എന്താണ് അർഹതയെന്ന് 
പലരും എന്റെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്: ശിവകാർത്തികേയൻ
Published on

തന്നെ വെറുക്കുന്നവർക്കുള്ള മറുപടിയല്ല തന്റെ വിജയം എന്ന് നടൻ ശിവകാർത്തികേയൻ. ഒരു സാധരാണക്കാരൻ ഉയർന്നു വരുന്നത് തന്റെ ഇൻഡസ്ട്രിയിലെ പലർക്കും താൽപര്യമില്ലാത്ത കാര്യമായിരുന്നുവെന്നും ചിലരെല്ലാം അത് തന്നോട് മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ടെന്നും ശിവകാർത്തികേയൻ പറയുന്നു. എന്നാൽ ആരോടു മറുപടി പറയാൻ താൻ മുതിർന്നിട്ടില്ലെന്നും തന്റെ വിജയം പോലും അവർക്കുള്ള മറുപടി ആണെന്ന് താൻ കരുതുന്നില്ലെന്നും ശിവകാർത്തികേയൻ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ശിവകാർത്തികേയൻ പറഞ്ഞത്:

കഴിഞ്ഞു പോയ 5 വർഷങ്ങൾ എനിക്ക് വളരെ പ്രയാസമേറിയതായിരുന്നു. എനിക്ക് സാലറി കിട്ടുന്നുണ്ടോ ഇല്ലയോ നീ എന്റെ ജോലി കൃത്യമായി ചെയ്യുക എന്ന ബോധ്യത്തോടെയാണ് ഞാൻ മുന്നോട്ടു പോയത്. മറ്റു ഇൻഡസ്ട്രികളെക്കുറിച്ച് എനിക്ക് അറിയില്ല. പക്ഷെ ഇവിടുത്തെ ഇൻഡസ്ട്രിയിലെ ചില ആളുകൾ നമ്മളെ സ്വാ​ഗതം ചെയ്യുന്നവരാണ്. ഒരു സാധാരണക്കാരനായ ഒരാൾ മുകളിലേക്ക് വരുന്നതിനെ അവർ അംഗീകരിക്കാറുണ്ട്. പക്ഷേ ചില ആളുകൾ അതിൽ തൃപ്തരല്ല. അവൻ എന്തിനാണ് ഇതെല്ലാം കൊടുക്കുന്നത്, ഇതെല്ലാം നേടാൻ അവൻ ആരാണ്? ഇത്തരത്തിലാണ് അവർ ചിന്തിക്കുന്നത്. കുറേയധികം ആളുകൾ ഇതെല്ലാം എന്റെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്. ഈ ഇൻഡസ്ട്രിയിൽ നീ ആരാണ്? നീ എന്താണ് ഇവിടെ ചെയ്യുന്നത് ? എന്നെല്ലാം. ഒരുപാട് തവണ ഞാൻ ഇതെല്ലാം നേരിട്ടിട്ടുണ്ട്. ഞാൻ അതിന് മറുപടി പറയാറില്ല. അവർ എന്താണോ പറയുന്നത് അത് ഞാൻ കേട്ടിട്ട് പോകും. ആരോടും ഒന്നിനെക്കുറിച്ചും ഞാൻ മറുപടി പറയാറില്ല. കാരണം ഞാൻ ഇവിടെ വന്നിരിക്കുന്നത് ആർക്കും മറുപടി കൊടുക്കാനോ ഉത്തരം പറയാനോ വേണ്ടിയല്ല. എന്റെ വിജയമാണ് അവർക്കുള്ള മറുപടി എന്നു പോലും ഞാൻ പറയില്ല. എന്റെ വിജയം അതിന് വേണ്ടിയുള്ളതല്ല. എന്റെ വിജയം 100 ശതമാനം നൽകി എനിക്ക് വേണ്ടി പ്രവർത്തിക്കുന്ന എന്റെ ടീമിനും എന്റെ സിനിമയുടെ റിസൾട്ട് എന്താണെങ്കിലും എന്നെ ആഘോഷിക്കുന്ന എന്റെ ആരാധകർക്കും, എന്നെ സ്നേഹിക്കുന്ന പ്രേക്ഷകർക്കും വേണ്ടിയുള്ളതാണ് അത്. അവർക്ക് വേണ്ടിയാണ് എന്റെ വിജയം. എന്നെ വെറുക്കുന്നവരുടെ അടുത്ത് നിന്ന് ചിരിച്ചു കൊണ്ട് മാറി നിൽക്കുക എന്നത് മാത്രമേ ഞാൻ അവരോട് ചെയ്യാറുള്ളൂ. അത് മാത്രമാണ് അതിനുള്ള വഴി.

Related Stories

No stories found.
logo
The Cue
www.thecue.in