'പ്രിൻസ്' എന്ന ചിത്രത്തിൽ തനിക്ക് പകരം മറ്റൊരു നായകനായിരുന്നുവെങ്കിൽ ആ ചിത്രം വിജയിച്ചേനെ എന്ന് നടൻ ശിവകാർത്തികേയൻ. സിനിമ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും സിനിമ ചെയ്യാം എന്ന് താൻ എടുക്കുന്ന തീരുമാനത്തിന്റെ അനന്തരഫലമായാണ് താൻ അതിനെ മനസ്സിലാക്കുന്നതെന്നും ശിവകാർത്തികേയൻ പറയുന്നു. സിനിമ പരാജയപ്പെടുമ്പോൾ തന്നെ ആക്രമിക്കുകയും എന്നാൽ വിജയിക്കുമ്പോൾ തന്നെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെന്നും ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ശിവകാർത്തികേയൻ പറഞ്ഞു.
ശിവകാർത്തികേയൻ പറഞ്ഞത്:
എന്റെ സിനിമകളുടെ പരാജയത്തിന്റെ ഉത്തരവാദിത്തം എനിക്ക് ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. സിനിമ വിജയമാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം എല്ലാവർക്കുമായി നമുക്ക് പങ്കുവയ്ക്കാം. എന്നാൽ സിനിമ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കണം. ഞാൻ ഇതുവരെ ഒരു റീമേക്ക് ചിത്രങ്ങളും ചെയ്തിട്ടില്ല. ഞാൻ തിരക്കഥ കേട്ട് ഓക്കെ പറയുന്ന സിനിമകളാണ് എന്റെ സിനിമകൾ എല്ലാം. ഞാൻ ഒരു സിനിമ ചെയ്യാം എന്നു തീരുമാനിക്കുമ്പോൾ ആ സിനിമ നന്നായി ഓടും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിന്റെ ഫലം മറിച്ചാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം എനിക്കാണ്. കാരണം ഞാനാണ് ആ സിനിമയ്ക്ക് ഓക്കെ പറഞ്ഞത്. എല്ലായ്പ്പോഴും എന്റെ സിനിമകളുടെ റിസൾട്ടിൽ ഞാൻ കംഫർട്ടബിളായി ഇരിക്കണം എന്നാണെങ്കിൽ ഞാൻ റീമേക്ക് ചിത്രങ്ങൾ ചെയ്യുന്നതാവും നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം അത് മറ്റെവിടെയെങ്കിലും വിജയിച്ച സിനിമയായിരിക്കും, അത് ഞാൻ ഇവിടെ കൊണ്ടു വന്നു ചെയ്താലും അതിന്റെ ഫലത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. ഏത് തിരക്കഥയ്ക്കാണ് സമ്മതം പറയേണ്ടത് എന്ന പ്രക്രിയ പഠിക്കുകയാണ് ഞാൻ ഇപ്പോൾ. എന്താണ് വർക്ക് ആവുന്നത് ആകാത്തത് എന്നെല്ലാം ഞാൻ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്.
പ്രിൻസ് എന്ന സിനിമ അനുദീപിന്റെ തെറ്റായിരുന്നില്ല, അദ്ദേഹം മറ്റൊരു നായകനെ വച്ച് ആ സിനിമ ചെയ്തിരുന്നെങ്കിൽ അത് നന്നായിരുന്നേനെ. തെലുങ്കിൽ ആ സിനിമ നന്നായി വന്നില്ലേ? ആ തിരക്കഥയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ അത് ചെയ്യാം എന്ന തീരുമാനം എന്റേതായിരുന്നു. അതിന്റെ ഉത്തരവാദിത്തവും അതുകൊണ്ടു തന്നെ ഞാൻ ഏറ്റെടുക്കുന്നു. ഞാൻ എന്റെ പ്രതിഫലത്തിന്റെ ഒരു ഭാഗം ഡിസ്ട്രിബ്യൂട്ടേഴ്സിന് കൊടുക്കാനായി നിർമാതാവിന് തിരികെ കൊടുക്കുകയും ചെയ്തിരുന്നു. ഞാൻ ആ ചെയ്തത് ശരിയാണോ തെറ്റാണോ എന്നെനിക്ക് അറിയില്ല. ചിലപ്പോൾ അതൊരു തെറ്റായ കാര്യമാണ്. എനിക്ക് അങ്ങനെ തോന്നി അത് ചെയ്തു. അത്രമാത്രം. പക്ഷേ വിജയത്തിലേക്ക് വരുമ്പോൾ അതിനുത്തരവാദി ഞാൻ മാത്രമായിരിക്കും എന്നു ഞാൻ കരുതാറില്ല. പക്ഷേ വിജയങ്ങൾ ഞാൻ ആസ്വദിക്കാറുണ്ട്. പരാജയങ്ങളുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നതുകൊണ്ടു തന്നെ എന്റെ വിജയങ്ങൾ ആഘോഷിക്കാനുള്ള എല്ലാ വിധ അവകാശങ്ങളും എനിക്കുണ്ട്. സോഷ്യൽ മീഡിയിയൽ ചില ഗ്രൂപ്പുകളുണ്ട്. അവർ പരാജയത്തിൽ എന്നെ ആക്രമിക്കുകയും എന്നാൽ സിനിമ വിജയിച്ചാൽ ഞാനൊഴികെ ബാക്കി എല്ലാവർക്കും അതിന്റെ ക്രെഡിറ്റ് നൽകുകയും ചെയ്യും. ആ കാര്യവും ഞാൻ അംഗീകരിക്കില്ല. ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു.