ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തെലുഗ് ചിത്രം സീതാരാമം ആഗസ്റ്റ് അഞ്ചിന് തീയറ്ററുകളില്‍ റിലീസിന് ഒരുങ്ങവേ ഗള്‍ഫില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടിയാണ് സീതാരാമം പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നതെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക വിശദീകരണമുണ്ടായിട്ടില്ല. യു എ ഈയില്‍ ചിത്രം വീണ്ടും സെന്‍സറിങ് നടത്തുവാനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍.
ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് സീത രാമം
തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഈ റൊമാന്റിക് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സല്യൂട്ട്, ഹേ സിനാമിക, കുറുപ്പ് എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ദുല്‍ഖര്‍ ചിത്രങ്ങള്‍.
ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന ചിത്രം കാശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാല്‍ ചന്ദ്രശേഖര്‍ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇനി പ്രണയചിത്രങ്ങളില്‍ നായകനാകാനില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍ സീതാരാമം പ്രചരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നു. അഭിലാഷ് ജോഷിയുടെ കിംഗ് ഓഫ് കോത്ത ആണ് ദുല്‍ഖര്‍ ഇനി അഭിനയിക്കാനിരിക്കുന്ന മലയാള ചിത്രം.
ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തരുണ്‍ ഭാസ്‌ക്കര്‍, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാര്‍, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ, വെണ്ണല കിഷോര്‍ എന്നിങ്ങനെ ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. നിര്‍മ്മാതാക്കള്‍: അശ്വിനി ദത്ത്, ബാനര്‍: സ്വപ്ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സുനില്‍ ബാബു.