'അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ?'; വിവാ​ദങ്ങൾ ചിത്രയ്ക്ക് വിഷമമുണ്ടാക്കിയെന്ന് ജി വേണു​ഗോപാൽ

'അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ?'; വിവാ​ദങ്ങൾ ചിത്രയ്ക്ക് വിഷമമുണ്ടാക്കിയെന്ന് ജി വേണു​ഗോപാൽ

രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് ഗായിക കെ എസ് ചിത്രയുടെ പ്രതികരണത്തിലെ വിമർശനങ്ങൾക്കെതിരെ ​ഗായകൻ ജി വേണുഗോപാൽ. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രാര്‍ത്ഥന നടത്താൻ ആഹ്വാനം ചെയ്യുന്ന വീഡിയോക്ക് പിന്നാലെ വന്ന വിമര്‍ശനങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെയാണ് വേണുഗോപാലിന്റെ കുറിപ്പ്. കഴിഞ്ഞ അമ്പത് വർഷത്തിലേറെയായ് ചിത്രയെ തനിക്ക് അറിയാമെന്നും ആരും സ്നേഹിച്ചു പോകുന്ന ആ വ്യക്തിത്വത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത് ഇതുവരെ വിവാദങ്ങളിലൊന്നും ഉൾപ്പെടാത്ത ചിത്രയ്ക്ക് വളരെ വിഷമമുണ്ടാക്കിയെന്നും ജി വേണു​ഗോപാൽ പറയുന്നു. ചിത്രയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രമാണ് ആ വീഡിയോയിൽ ഉണ്ടായിരുന്നതെന്നും ഇത്രയും ഗാനങ്ങൾ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒരു പ്രാവശ്യം ക്ഷമിച്ചുകൂടെയെന്നും ജി വേണുഗോപാൽ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.

ജി വേണു​ഗോപാലിന്റെ പോസ്റ്റ്:

ഇക്കഴിഞ്ഞ അൻപത് വർഷത്തിലേറെയായ് കെ.എസ്.ചിത്രയെ അറിയാം. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രയുടേതായ് ഒരു വീഡിയോ വന്നത് സമൂഹ മാദ്ധ്യമങ്ങളിൽ കാണാനിടയായി. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ പ്രാർത്ഥനാനിരതരാവേണ്ടതിനെക്കുറിച്ചാണ് വീഡിയോ . തുടർന്ന് ആ മഹാഗായികയെ, ആരും സ്നേഹിച്ചു പോകുന്ന വ്യക്തിത്വത്തെ അപമാനിച്ചും, അവരെ ഒറ്റപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇന്നുവരെ യാതൊരു വിധത്തിലുമുള്ള കോൺട്രവേർസികളിലും ഉൾപ്പെടാത്ത ചിത്രയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വല്ലാത്ത സങ്കടമാണുണ്ടാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ നാല്പത്തിനാല് വർഷങ്ങളിൽ ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ല. ഈ ഒരു വിഷയത്തിലും ചിത്രയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രം! സംഗീതം, ഭക്തി, സാധന, സ്നേഹം, സമഭാവന, ഇതിനപ്പുറമൊന്നും അവരുടെ ചിന്താമണ്ഡലത്തിലില്ല. ചിത്ര ചെയ്ത ജോലിയുടെ ആഴവും വ്യാപ്തിയും നോക്കിയാൽ ഒരു കാര്യം മനസ്സിലാകും. അവർ പാടിയ ഓരോ പാട്ടിലും തൊണ്ണൂറ് ശതമാനമോ അതിലധികമോ അവർ സംഭാവന ചെയ്തിട്ടുണ്ട്. ശാരീരികമായി വിഷമതകളനുഭവിക്കുമ്പോഴും ഒരു വേദിയിൽ പോലും ചിത്രയുടെ ശബ്ദമിടറി ഞാൻ കേട്ടിട്ടില്ല. ഈ ഭൂമിയിലേക്ക് പാടുക എന്ന കർമ്മമനുഷ്ഠിക്കാൻ മാത്രം വന്നു ചേർന്ന ഒരു മഹാ പ്രതിഭയാണ് ചിത്ര എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം മാത്രം. ഇത്രയും ഗാനങ്ങൾ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ? വൈകുന്നേരം നാല് നാമം ജപിക്കെടാ, ഞായറാഴ്ച തോറും പള്ളിയിൽ പോ, അഞ്ച് നേരം നിസ്ക്കരിക്കണം എന്നൊക്കെ ഉപദേശിക്കുന്ന അമ്മമാരും മുതിർന്ന ചേച്ചിമാരുമില്ലാത്ത ഒരു വിപ്ലവകാരിയുടെ വീട് പോലുമുണ്ടാകില്ല. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ ആരും അവരെ ഉപേക്ഷിക്കുകയോ ബന്ധം വേർപെടുത്തുകയോ ചെയ്യാറില്ല. സമൂഹ മാദ്ധ്യമമാകുന്ന ഈ പുതിയ കളിപ്പാട്ടത്തിൽ നമ്മൾ മലയാളികൾ അഭിരമിക്കുന്നു. ധൈര്യപൂർവ്വം നമ്മൾ അതിലൂടെ നേരിൻ്റെ ഒരു അരിക് ചേർന്ന് നടക്കാറുണ്ട് പലപ്പോഴും. ചിലപ്പോൾ കർശനമായ തിട്ടൂരങ്ങളും നമ്മൾ പുറപ്പെടുവിക്കാറുണ്ട്, ചിത്രയുടെ കാര്യത്തിൽ എന്ന പോലെ. നമ്മൾ മലയാളികൾക്ക് ലോകോത്തരം എന്ന ലേബലിൽ സംഗീത ലോകത്തിൻ്റെ നിറുകയിൽ ചൂടിക്കാൻ ഒരു ചിത്രയും, ഒരു യേശുദാസുമൊക്കെയാണുള്ളത്. ഒരു മനുഷ്യായുസ്സിൽ ചെയ്യാൻ സാധിച്ചതിൽ എത്രയോ അധികം ഇവർ ചെയ്തിരിക്കുന്നു. അത് മുഴുവൻ കേട്ടാസ്വദിക്കാനും കൃത്യമായി വിലയിരുത്താനും നമുക്കും പോരാ ഒരു മനുഷ്യായുസ്സ്. ഈ വ്യക്തികളോട് നിങ്ങൾക്ക് നിസ്സഹകരിക്കാം. വാക്കുകൾ മുഖവിലക്കെടുക്കാതിരിക്കാം. ഇവരാരും രക്തം ചീന്തിയ വഴികളിലൂടെ വന്ന് അധികാരശ്രേണികളിലിരിക്കുന്നവരല്ല. ഇവർ ശ്രുതിയിലും താളത്തിലും ഭാവാത്മകമായി നമ്മുടെ ഗാനലോകത്ത് ചിരപ്രതിഷ്ഠ നേടിയവരാണ്. അവരെ വേദനിപ്പിക്കാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം എന്ന് മാത്രമാണ് എൻ്റെ അഭ്യർത്ഥന

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം എല്ലാവരും വിളക്ക് തെളിയിച്ചും നാമം ജപിച്ചും ആഘോഷിക്കണമെന്നാണ് കഴിഞ്ഞ ദിവസം ഒരു വീഡിയോയിലൂടെ കെ എസ് ചിത്ര പറഞ്ഞത്. തുടർന്ന് വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഗായകനും ​ഗാന രചയിതാവുമായ സൂരജ് സന്തോഷും ചിത്രയുടെ പ്രതികരണത്തിനെതിരെ രം​ഗത്ത് വന്നിരുന്നു. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത മനപൂർവ്വം മറക്കുന്നു എന്നും വി​ഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഒരോന്നായ് എന്നുമായിരുന്നു ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ സൂരജ് സന്തോഷ് പ്രതികരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in